ബർലിൻ: സിറിയയിലെയും അഫ്ഗാനിസ്ഥാനിലെയും യുദ്ധ സാഹചര്യങ്ങളിൽ കഷ്ടപ്പെടുന്നവർക്ക് തലചായ്ക്കാൻ ഇടം നൽകുന്നതിന് മുന്നിൽ നിന്നത് ജർമ്മനിയായിരുന്നു. അഭയാർത്ഥികളെ രക്ഷിക്കാൻ വേണ്ടി ഇറങ്ങിയ ജർമ്മനിക്ക് ഇപ്പോൾ സംഭവം സ്വയം തലവേദനയാകുകയാണ്. അഭയാർത്ഥികളെന്ന വ്യാജേന തീവ്രവാദികൾ രാജ്യത്ത് നുഴഞ്ഞു കയറിയെന്ന ആരോപണങ്ങൾക്കിടെ ബെർലിൻ നഗരത്തെ ഞെട്ടിച്ച സംഭവവും അരങ്ങേറി.

ജർമനിയുടെ തലസ്ഥാനമായ ബർലിനിൽ തിരക്കേറിയ ക്രിസ്മസ് ചന്തയിലേക്കു ലോറി പാഞ്ഞുകയറി 12 പേർ മരിച്ചു. അൻപതിലേറെപ്പേർക്കു പരുക്കേറ്റു. മനഃപൂർവമായ ആക്രമണമാണെന്നു പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നിൽ തീവ്രവാദ ബന്ധം സംശിക്കുന്നുണ്ട്. സെൻട്രൽ ബർലിനിൽ രണ്ടാം ലോകയുദ്ധസ്മാരകമായി നിലനിർത്തിയിട്ടുള്ള തകർന്ന കൈസർ വിൽഹം മെമോറിയൽ ചർച്ചിനു സമീപമാണു സംഭവം. അതിവേഗത്തിലെത്തിയ ലോറി ആളുകൾക്കുമേൽ പാഞ്ഞുകയറുകയായിരുന്നുവെന്നാണു ദൃക്‌സാക്ഷി മൊഴി. ലോറി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്. ഡ്രൈവർക്കൊപ്പമുണ്ടായിരുന്ന ആൾ കൊല്ലപ്പെട്ടു. ജനങ്ങളോടു വീടുകളിൽ തന്നെ കഴിയാൻ ജർമൻ പൊലീസ് ട്വിറ്ററിലൂടെ നിർദ്ദേശം നൽകി.

കഴിഞ്ഞ ജൂലായിൽ ഫ്രാൻസിലെ നീസിൽ ദേശീയദിനാഘോഷത്തിനിടെയുണ്ടായ ഭീകരാക്രമണത്തിന് സമാനമാണ് ഈ അപകടവും. അന്നത്തെ സംഭവത്തിൽ 84 പേർ കൊല്ലപ്പെടുകയും നൂറിലധികമാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഇപ്പോഴത്തെ അക്രമണവും നടന്നിരിക്കുന്നത്. അഫ്ഘാനിസ്ഥാൻ അഭായാർത്ഥിയാണ് ആക്രമണത്തിന് പിന്നിലെന്ന് വ്യക്തമായിട്ടുണ്ട്. തട്ടിയെടുത്ത ലോറിയുമായി ഇയാൾ മനപ്പൂർവ്വം ആക്രമണം നടത്തുകയായിരുന്നു എന്നാണ് വിലയിരുത്തൽ.

കഴിഞ്ഞ ഫെബ്രുവരിയിൽ ബെർലിനിൽ എത്തിയ അഫ്ഗാൻ കാരനാണ് അക്രമിയെന്ന് ജർമ്മൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പോളണ്ടിൽ നിന്നും ജന്മ്മനിയിലേക്ക വരികയായിരുന്ന ട്രക്ക് തട്ടിയെടുത്താണ് ഇയാൾ ആക്രമണം നടത്തിയത്. ലോറിയുടെ ശരിക്കുള്ള ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ലോറിയിൽ നിന്നു തന്നെയാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഐസിസ് തീവ്രവാദികൾ യൂറോപ്പിൽ എമ്പാളും അക്രമണം നടത്താൻ ഇടയുണ്ടെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന ഈ അപകടം ഉണ്ടായതും. ക്രിസ്തുമസിന് മൂന്നോടിയായി കൂടുതൽ ആക്രമണം നടത്താൻ ഐസിസ് പദ്ധതിയിടുന്നു എന്നാണ് റിപ്പോർട്ട്.

ക്രിസ്തുമസ് മാർക്കറ്റുകളെയാണ് തീവ്രവാദികൾ ലക്ഷ്യമിടുന്നതെന്നതും ആശങ്കപ്പെടുത്തുന്നു. ക്രിസ്തുമസിനോട് അനുബന്ധിച്ച് തെരുവുകളിൽ തിരക്കുകൾ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇവരുടെ അക്രമങ്ങളും. സംഭവത്തെ ജർമ്മൻ ചാൻസലർ ആഞ്ചെലെ മെർക്കൽ അപലപിച്ചു. അമേരിക്കയും ലോക രാഷ്ട്രങ്ങളും സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി. യൂറോപ്പിൽ പൊതുവേ ശാന്തമായ ബെർലിനിൽ നടന്ന ഭീകരാക്രമണം ലോകത്തെ ആകമാനം ഞെട്ടിച്ചിട്ടുണ്ട്.