ന്യൂഡൽഹി: പെരുന്നാൾ ദിനത്തിലും ശാന്തമാകാതെ കാശ്മീർ താഴ്‌വര. ശ്രീനഗറിൽ പൊലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. ലഷ്‌ക്കറെ തയിബ ഭീകരരാണ് വെടിയുതിർത്തതെന്നാണ് പുറത്തുവരുന്ന വിവരം. ആക്രമണത്തിൽ ഒരു ജവാൻ കൊല്ലപ്പെട്ടു. അഞ്ചുപേർക്കു പരുക്കേറ്റു. ശ്രീനഗറിനു സമീപം പാന്ത ചൗക്ക് മേഖലയിൽ വെള്ളി വൈകിട്ടാണ് ആക്രമണം. സെവാനിലൂടെ കടന്നുപോകുകയായിരുന്ന പൊലീസ് വാഹനത്തിനുനേർക്കാണ് ആക്രമണം ഉണ്ടായത്. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം. ഭീകരർക്കായി തിരച്ചിൽ നടക്കുകയാണ്.

ഈദുൽ അസ്ഹയുടെ സമയത്ത് ജയ്‌ഷെ മുഹമ്മദിന്റെ രണ്ടു സംഘങ്ങൾ ആക്രമണത്തിനു പദ്ധതിയിടുന്നുവെന്ന് രഹസ്യാന്വേഷണ സംഘത്തിന്റെ റിപ്പോർട്ടുണ്ടായിരുന്നു. ഇതിനാൽ മേഖലയിൽ സുരക്ഷാസേന ജാഗ്രത പുലർത്തിയിരുന്നു.

മറ്റൊരു സംഭവത്തിൽ പൂഞ്ച് ജില്ലയിലെ നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ സൈന്യത്തിന്റെ വെടിവയ്‌പ്പിൽ ബിഎസ്എഫ് അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വെള്ളിയാഴ്ച കൊല്ലപ്പെട്ടു.