ശ്രീനഗർ: കാഷ്മീരിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. കുപ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിൽ നാല് സൈനികർ കൊല്ലപ്പെട്ടു. ഗൂർഖാ റൈഫിൾസിലെ സൈനികരാണ് മരിച്ചത്. നാല് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തെ തുടർന്ന് പ്രദേശത്ത് വ്യാപക തിരച്ചിൽ നടത്തുകയാണ്.

മേഖലയിൽ വൻതോതിൽ ഭീകരർ ഒളിച്ചിരിപ്പുണ്ട് എന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ഇവിടെ സൈനിക സാന്നിധ്യം വർധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കുപ് വാരയിൽ സൈന്യം തിരച്ചിൽ നടത്തിയിരുന്നു. സൈന്യം നടത്തിയ തിരച്ചിലിൽ വൻ തോതിൽ ആയുധങ്ങളും കണ്ടെത്തിയിരുന്നു. തുടർന്ന് വെളിച്ചക്കുറവുമുലം തിരച്ചിൽ അവസാനിപ്പിച്ച സൈന്യം പുലർച്ചെ വീണ്ടും തിരച്ചിൽ ആരംഭിക്കുകയായിരുന്നു.

തുടർന്ന് 10 മണിയോടെ ഭീകരരെ കണ്ടെത്തി. സൈനിക സാന്നിധ്യം തിരിച്ചറിഞ്ഞ ഭീകരർ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റുമുട്ടൽ നടന്നത്. ഈ ഏറ്റുമുട്ടലിലാണ് നാല് ജവാന്മാർ കൊല്ലപ്പെട്ടത്. ഇതിനിടെ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. സൈന്യത്തിന്റെ തിരിച്ചടിയെതുടർന്ന് ഭീകരർ കാടിനുള്ളിലേക്ക് പിൻവാങ്ങിയിരിക്കുകയാണ്.

മേഖലയിൽ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ആയിരത്തിലധികം സൈനികരാണ് ഇവിടെ ഭീകരർക്കായി തിരച്ചിൽ നടത്തുന്നത്. ഇവിടം വനമേഖലയായതിനാൽ തിരച്ചിൽ ദുഷ്‌കരമാണ്. ഭൂമിശാസ്ത്രപരമായ ഈ ആനുകൂല്യം മുതലാക്കിയാണ് തീവ്രവാദികൾ ഇവിടെ ഒളിച്ചിരിക്കുന്നത്.