വത്തിക്കാൻ: അസാമാന്യമായ ഇച്ഛാശക്തിയുടെയും ധീരതയുടെയും പ്രതീകമാണ് താനെന്ന് തെളിയിക്കുന്നതാണ് യെമനിൽ ഭീകരവാദികളുടെ തടവിൽ നിന്ന് മോചിതനായ ഫാ.ടോം ഉഴുന്നാലിന്റെ വാക്കുകൾ. താൻ കൊല്ലപ്പെടുമെന്ന ചിന്ത് ഒരിക്കൽ പോലും അദ്ദേഹത്തെ അലട്ടിയില്ല. ക്രിസ്തുവിന്വേണ്ടി ജീവിക്കണമെന്ന ആഗ്രഹമായിരുന്നു എന്നും മനസ്സിലെന്ന് അദ്ദേഹം വത്തിക്കാനിലെ സലേഷ്യൻ വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി.അതിനിടെ, ഫാ. ടോം ഉഴുന്നാലിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി. സലേഷ്യൻ സഭാ പ്രതിനിധികളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു

 തന്നെ തട്ടിക്കൊണ്ടുപോയ തീവ്രവാദികൾ മോശമായി പെരുമാറിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിക്കൊണ്ടുപോയ ശേഷം മൂന്ന് തവണ തന്നെ മറ്റിടങ്ങളിലേക്ക് മാറ്റി.ശാരീരികാവസ്ഥ മോശമായതിനാൽ തനിക്ക് പ്രമേഹത്തിനുള്ള മരുന്ന് നൽകി.തട്ടിക്കൊണ്ടുപോയവർ അറബിയും ഇംഗ്ലീഷും സംസാരിച്ചിരുന്നു. സലേഷ്യൻ വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ടോം ഉഴുന്നാലിൽ ഇക്കാര്യങ്ങൾ വിശദീകരിച്ചത്.

ചോദ്യങ്ങളോട് പ്രതികരിക്കുമ്പോൾ വളരെ ശാന്തനായിരുന്നു അദ്ദേഹം. തന്നെ തീവ്രവാദികൾ തട്ടിയെടുക്കുമ്പോൾ താൻ ഏദനിലെ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ചാപ്പലിലായിരുന്നുവെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. തട്ടിയെടുത്ത ശേഷം ഒരിക്കൽ പോലും മോശമായി പെരുമാറിയിട്ടില്ല.തന്റെ ശരീരഭാരം നന്നേ കുറഞ്ഞപ്പോൾ, പ്രമേഹത്തിനുള്ള മരുന്ന നൽകാനും അവർ സന്മനസ്സ് കാട്ടി.

തടവിലായിരുന്ന കാലയളവിൽ, ഭീകരവാദികൾ ധരിച്ചിരുന്ന അതേ വസ്ത്രങ്ങൾ തന്നെയാണ് ഫാ.ടോം ഉഴുന്നാലിലും ധരിച്ചത്. മുഖ്യമായും അവർ അറബിയിലാണ് സംസാരിച്ചിരുന്നത്. ഇംഗ്ലീഷിൽ അൽപമൊക്കെ അവരുമായി സംസാരിക്കാൻ കഴിഞ്ഞു. തടവിലായിരിക്കെ രണ്ടോ, മൂന്നോ തവണ തന്നെ സ്ഥലം മാറ്റി. അപ്പൊഴൊക്കെ തന്റെ കണ്ണ് കെട്ടിയിരുന്നു.

താൻ കൊല്ലപ്പെടുമെന്ന ചിന്ത ഒരിക്കലും തന്നെ അലട്ടിയില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് 2016 മാർച്ച് മൂന്നിനുണ്ടായ ഒരു സംഭവവും ഫാദർ ഓർത്തെടുത്തു. മിഷനറീസ് ഓഫ് ചാരിറ്റിയിൽ നടന്ന കൂട്ടക്കൊലയുടെ തലേന്നാൾ രാത്രി ചാരിറ്റിയുടെ ഡയറക്ടർ യുദ്ധമേഖലയിൽ പ്രവർത്തിക്കുന്നതിന്റെ ബുദ്ധിമുട്ടുകളെ കുറിച്ച് സംസാരിച്ചു.ക്രിസ്തുവിന് വേണ്ടി എല്ലാവരുമൊന്നിച്ച് രക്തസാക്ഷിത്വം കൈവരിക്കാമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എനിക്ക് യേശുവിന് വേണ്ടി ജീവിക്കണമെന്നായിരുന്നു അവിടെയുണ്ടായിരുന്നു പ്രായം കുറഞ്ഞ ഒരു കന്യാസ്ത്രീ പറഞ്ഞത്.... അത്ഭുതകരമെന്ന് പറയട്ടെ പിറ്റേന്ന് നടന്ന തീവ്രവാദി ആക്രമണത്തിൽ ആ യുവകന്യാസ്ത്രീ രക്ഷപ്പെടുകയും ചെയ്തു.ബന്ദിയായി കഴിയുമ്പോഴും തന്റെ ആത്മീയ നിഷ്്ഠകളിൽ ഫാദർ മുടക്കം വരുത്തിയില്ല.വിശുദ്ധ പുസ്തകങ്ങളൊന്നും കൈവശമില്ലെങ്കിലും, മനപാഠമാക്കിയ പ്രാർത്ഥനകൾ ഉരുവിട്ട് ആത്മീയപാതയിൽ തന്നെ ചരിക്കുകയായിരുന്നു.

വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ആതിഥ്യം സ്വീകരിച്ച് തമാസിക്കുകയാണ് ഫാ.ടോം ഉഴുന്നാലിൽ. ഫാദർ ശുശ്രൂഷയേറ്റുവാങ്ങി ശരീരസൗഖ്യം കൈവരിക്കും വരെ അവിടെ തുടരാനാണ് തീരുമാനം. ഫാദറിനെ പൊന്നാടയണിയിച്ച് വികാരനിർഭരമായ വരേവൽപ്പാണ് സലേഷ്യൻ സമൂഹം നൽകിയത്.അവിടെയുണ്ടായിരുന്നവരെല്ലാം അദ്ദേഹത്തെ ആലിംഗനം ചെയ്തു.ദൈവത്തിനും,വിശുദ്ധകന്യാമറിയത്തിനും ഫാദർ സ്്തുതിയർപ്പിച്ച് ഫാദർ നിശ്ശബ്ദനായി സ്വീകരണം ഏറ്റുവാങ്ങി. വത്തിക്കാനിലെ സലേഷ്യൻ സഭയുടെ ചാപ്പലിൽ പ്രാർത്ഥിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അഭ്യർത്ഥന.വിശുദ്ധ കുർബാനയർപ്പിക്കാൻ പങ്കുകൊള്ളണമെന്നുണ്ടായിരുന്നെങ്കിലും, അടിയന്തര വൈദ്യ പരിശോധനകൾ വേണ്ടിയിരുന്നതുകൊണ്ട് ആ ആഗ്രഹം തൽക്കാലം സഫലമായില്ല.