- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജമ്മു കശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം; ഗോൾ ഗപ്പ തൊഴിലാളി ഉൾപ്പെടെ രണ്ട് ഇതര സംസ്ഥാനക്കാർ കൊല്ലപ്പെട്ടു; ഭീകരർക്കായി തിരച്ചിൽ തുടരുന്നു; ഇരുപ്രദേശങ്ങളിലും കൂടുതൽ സൈന്യത്തെ വിന്യസിച്ചു
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടിടത്തായി ഭീകരാക്രമണം. ശ്രീനഗറിലും പുൽവാമയിലും ഇതരസംസ്ഥാന തൊഴിലാളികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഇഡ്ഗയിൽ വഴിയോര കച്ചവടക്കാരനെയാണ് ഭീകരർ കൊലപ്പെടുത്തിയത്. വഴിയോര കച്ചവടക്കാരനായ ബിഹാർ സ്വദേശി അരവിന്ദ് കുമാറാണ് കൊല്ലപ്പെട്ടത്. ശ്രീനഗറിൽ ഭീകരർ വെടിയുതിർത്തതിനെ തുടർന്ന് പരിക്കേൽക്കുകയും പിന്നാലെ മരണത്തിന് കീഴടങ്ങുകയുമായിരുന്നു.
പുൽവാമയിലുണ്ടായ ആക്രമണത്തിൽ യുപി സ്വദേശിയായ സാഗിർ അഹമ്മദും പരിക്കേറ്റതിന് ശേഷം മരിച്ചു. ഇരുപ്രദേശങ്ങളിലും കൂടുതൽ സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്. ഭീകരർക്കായി തിരച്ചിൽ പുരോഗമിക്കുന്നതായി കശ്മീർ പൊലീസ് അറിയിച്ചു.
ബിഹാറിലെ ബങ്കയാണ് കൊല്ലപ്പെട്ട അരവിന്ദ് കുമാറിന്റെ സ്വദേശം. ശ്രീനഗറിലെ ഈദ്ഗാഹ് പ്രദേശത്തുണ്ടായ ആക്രമണത്തിലാണ് അരവിന്ദ് കൊല്ലപ്പെട്ടത്. വൈകിട്ട് 6.40ഓടെയായിരുന്നു ഭീകരർ വെടിയുതിർത്തത്. പുൽവാമയിൽ കൊല്ലപ്പെട്ട യുപി സ്വദേശി പ്രദേശത്തെ മരപ്പണിക്കാരനായിരുന്നു. തെരുവിൽ തൊഴിലെടുക്കുകയായിരുന്ന മറ്റൊരു ബിഹാർ സ്വദേശി വീരേന്ദ്ര പാസ്വാനെ ഒക്ടോബർ ആദ്യ ആഴ്ചയിൽ ഭീകരർ കൊലപ്പെടുത്തിയ ശ്രീനഗറിലെ പ്രദേശത്താണ് ഇന്ന് ആക്രമണമുണ്ടായത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശ്രീനഗറിലും പുൽവാമയിലും നാട്ടുകാർക്കെതിരെ നടക്കുന്ന ഭീകരാക്രമണങ്ങൾ നിരവധിയാണ്. ഫാർമസി സ്ഥാപന ഉടമയും രണ്ട് സർക്കാർ സ്കൂൾ അദ്ധ്യാപകരും ഭീകരരാൽ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സുരക്ഷാസേന നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 13 ഭീകരരെ സൈന്യം വധിച്ചു.
അതിനിടെ, ലഷ്കർ തലവൻ ഉമർ മുഷ്താഖ് ഖാൻഡെയടക്കം സൈന്യം വധിച്ചു. ജമ്മുകശ്മീരിലെ പാംപൊരയിൽ ഉണ്ടായ ഏറ്റുമുട്ടലിനിടെയാണ് ഉമറിനെ സൈന്യം വധിച്ചത്. ശ്രീനഗറിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ കൊലപാതകത്തിലടക്കം ഉമറിന് പങ്കുണ്ടായിരുന്നു. സൈന്യത്തിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്ന 10 പ്രധാന ഭീകരരുടെ പട്ടികയിലും ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെട്ടിരുന്നു. ഭീകരരിൽ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു. അതേസമയം ഏറ്റുമുട്ടലിനിടെ പൂഞ്ചിൽ കാണാതായ ജൂനിയർ കമ്മീഷൻഡ് ഓഫിസർക്കായി സൈന്യം തെരച്ചിൽ തുടരുകയാണ്. ആക്രമണം നടത്തിയ ഭീകരരെ കണ്ടെത്താൻ പൂഞ്ചിലേക്ക് കൂടുതൽ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആക്രമണം നടത്തിയ ഭീകരരെ സൈന്യവും ജമ്മുകാശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നേരിടുകയാണ്. മേഖലയിൽ ലഷ്കർ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന നീക്കം. ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി.
ന്യൂസ് ഡെസ്ക്