ന്യൂഡൽഹി: ദക്ഷിണേഷ്യയിൽ യുദ്ധ സമാനമായ സാഹചര്യമാണെന്ന് ലോകം തിരിച്ചറിയുകയാണ്. ഉറിയിലെ ഭീകരാക്രമണത്തോടെ പാക്കിസ്ഥാൻ തിരിച്ചടി കൊടുക്കാൻ ഇന്ത്യ ബാധ്യസ്ഥരുമായി. ഭീകരതയ്‌ക്കെതിരെ സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ച അമേരിക്കയും ബ്രിട്ടണുമെല്ലാം ഈ വിഷയത്തിൽ ഇന്ത്യയ്‌ക്കൊപ്പമാണ്. ചൈനയുടെ രഹസ്യ പിന്തുണയുമായി യുദ്ധത്തിലേക്ക് കാര്യങ്ങളെത്തിക്കുന്ന പാക്കിസ്ഥാന് ആഗോള തലത്തിൽ പിന്തുണ കുറയുകയും ചെയ്യുന്നു. ഏത് സമയവും യുദ്ധമെന്ന നിലയിലേക്ക് ഇന്ത്യൻ സൈന്യം സജ്ജമായിട്ടുണ്ട്. അപ്രഖ്യാപിത യുദ്ധത്തിന് സമാനമായ ഇടപെടൽ സൈന്യ തുടങ്ങിയിട്ടുമുണ്ട്. അതിർത്തിയിലെ ഭീകരരുടെ ഇടപെടലിനെ ചെറുക്കുകയും ആക്രമണങ്ങൾ ശക്തമാക്കുകയുമാണ് സൈന്യം.

അപ്രഖ്യാപിത യുദ്ധത്തിലൂടെ കാശ്മീരിലെ ഉറി മേഖലയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച എട്ട് ഭീകരരെ വധിച്ചതായി സൈന്യം അറിയിച്ചു. നിയന്ത്രണ രേഖയ്ക്ക് സമീപം എത്തിയ ഭീകരർ 20 ലേറെ തവണ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ പാക് സൈന്യം വെടി ഉതിർത്തിരുന്നു. പ്രത്യാക്രമത്തിയാണ് സൈന്യം എട്ട് ഭീകരരെ വധിച്ചത്. നിയന്ത്രണ രേഖയ്ക്ക് സമീപം വരെയെത്തി ആക്രമണം നടത്തിയ പാക് ഭീകരർക്ക് തദ്ദേശീയരുടെ സഹായം ലഭിച്ചിട്ടുള്ളതായി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ റോ (റിസർച്ച് ആൻഡ് അനാലിസ് വിങ്) ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിരുന്നു. പ്രദേശത്ത് രണ്ടു മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് ബ്രിഗേഡിയർ ആസ്ഥാനത്തേയ്ക്ക് എത്തി ഭീകരർ ആക്രമണം നടത്തിയിരിക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തികളിൽ സുരക്ഷ വർധിപ്പിക്കുമെന്നും പോരായ്മകൾ പരിഹരിക്കുമെന്നും പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നൽകുമെന്നും പ്രതിരോധ സഹമന്ത്രി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് നുഴഞ്ഞുകയറ്റക്കാരെ വകവരുത്തിയത്.

അതിനിടെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി കടന്നു പാക്കിസ്ഥാനിലെ ഭീകരക്യാംപുകൾ ആക്രമിക്കണമെന്ന് കക്ഷിരാഷ്ട്രീയ ഭേദമന്യേ ആവശ്യം ഉയർന്നതോടെ സൈന്യം പോർവിമാനങ്ങളും ആയുധങ്ങളും സജ്ജമാക്കകഴിഞ്ഞു. അതിർത്തി കടന്നുള്ള ആക്രമണത്തിനു സജ്ജരായിരിക്കാൻ വ്യേമസേനയ്ക്ക് സന്ദേശം ലഭിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. അതിർത്തി കടന്ന് എവിടെ, എങ്ങനെ, ഏതെല്ലാം പോർവിമാനങ്ങളും ആയുധങ്ങളും ഉപയോഗിച്ച് ഭീകരക്യാംപുകൾ ആക്രമിക്കാമെന്നത് സംബന്ധിച്ച് വ്യോമസേന ചർച്ച നടത്തുന്നുണ്ട്. ഇത്രയും നഷ്ടം നേരിട്ടിട്ട് ഇനിയും സംയമനം പാലിച്ച് മുന്നോട്ടു പോകാനാകില്ലെന്ന നിലപാടിലാണ് സൈനിക മേധാവികൾ. നിയന്ത്രണ രേഖ മറികടന്ന് 778 കിലോമീറ്റർ പരിധിയിൽ വ്യോമാക്രമണം നടത്താനാണ് സാധ്യത. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാൽ തിരിച്ചടിക്കും. അതിർത്തിയിലെ സൈനികർക്കും വ്യോമസേന താവളത്തിനും എന്തിനും തയ്യാറായിരിക്കാൻ നിർദ്ദേശം വന്നുകഴിഞ്ഞു.

ഉറിയിലെ സൈനിക കേന്ദ്രത്തിനുനേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങൾ രംഗത്ത് വന്നതും ഇന്ത്യയ്ക്ക് നയതന്ത്ര വിജയമാണ്. പാക്കിസ്ഥാന്റെ പേരെടുത്തുപറഞ്ഞും അല്ലാതെയുമാണു ലോകരാഷ്ട്രങ്ങൾ ഭീകരാക്രമണത്തെ അപലപിച്ചത്. യുഎസ്, ജർമനി, ജപ്പാൻ, സൗദി അറേബ്യ, കാനഡ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യയോടു ഐക്യദാർഢ്യം പ്രഖ്യാപിച്ചപ്പോൾ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. യുഎൻ രക്ഷാസമിതി സ്ഥിരാംഗങ്ങളായ റഷ്യയും ഫ്രാൻസും പാക്കിസ്ഥാനെ വിമർശിച്ച് രംഗത്തെത്തിയത് രാജ്യാന്തര തലത്തിൽ ഇന്ത്യയ്ക്കു കൂടുതൽ ഊർജം പകരും. രാജ്യാന്തര തലത്തിൽ ഇന്ത്യയ്‌ക്കെതിരെ കശ്മീർ വിഷയം പാക്കിസ്ഥാൻ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുമ്പോഴാണു ഭീകരാക്രമണത്തെ അപലപിച്ച് ലോകരാഷ്ട്രങ്ങളെത്തിയത്. ഇത് പാക്കിസ്ഥാന് കടുത്ത തിരിച്ചടിയാണ്. അമേരിക്കയ്‌ക്കൊപ്പം റഷ്യയും ഇന്ത്യൻ പക്ഷത്തേക്ക് മാറുന്നതിനെ ആശങ്കയോടെയാണ് പാക്കിസ്ഥാൻ കാണുന്നത്.

പാക്കിസ്ഥാന്റെയും അവിടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകളുടെയും പേരെടുത്തു പറഞ്ഞാണ് റഷ്യ ആക്രമണത്തെ അപലപിച്ചത്. പാക്കിസ്ഥാൻ കേന്ദ്രമാക്കിയാണ് ആക്രമണമെന്നു പറഞ്ഞ ഫ്രാൻസ് ഭീകരവാദത്തിനെതിരെ പോരാടാൻ ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നും അറിയിച്ചു. അതേസമയം, പാക്കിസ്ഥാനുമായി അടുത്ത സൗഹൃദം പങ്കിടുന്ന ചൈന ഉറി ആക്രമണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി. എല്ലാ വിധത്തിലുമുള്ള ഭീകരവാദത്തെയും എതിർക്കുന്നതയും ഉറി ആക്രമണത്തെ അപലപിക്കുന്നതായും ചൈന അറിയിച്ചു. ചൈനയും പരോക്ഷ പിന്തുണ നൽകുമ്പോഴും ഉറി ആക്രമണത്തെ എതിർക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇത് ഇന്ത്യയുടെ നയതന്ത്ര വിജയമാണ്. ഒരു രാജ്യത്തിന്റെയും മണ്ണിൽ ഭീകരവാദം വളരുന്നില്ലെന്നു ഉറപ്പുവരുത്തണമെന്നു പാക്കിസ്ഥാന്റെ പേരെടുത്തുപറയാതെ ജർമനി അറിയിച്ചു.

ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുന്നുവെന്നു വ്യക്തമാക്കിയ ജർമനി തങ്ങളുടെ രാജ്യത്തുനിന്നു ഭീകരവാദത്തെ തുടച്ചുനീക്കാൻ ഓരോ രാജ്യത്തിനും ബാധ്യതയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഈ സാഹചര്യത്തിൽ യുദ്ധത്തിലേക്ക് എടുത്ത് ചാടിയിൽ ഇന്ത്യയ്ക്ക് പിന്തുണ കുറയും. ഈ പിന്തുണ നിലനിർത്തി പാക്കിസ്ഥാനെ പാഠം പഠിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. യുഎന്നിന്റെ നേരൃത്വത്തിൽ യുദ്ധം ഒഴിവാക്കാനുള്ള ചർച്ചയും സജീവമാണ്. പാക് പ്രധാനമന്ത്രി നവാസ് ഷെരീഷിന്റെ ഐക്യരാഷ്ട്ര സഭയിലെ പ്രസംഗത്തിനായി കാതോർക്കുകയാണ് ലോകം. സുഷമാ സ്വരാജിന്റെ ഇന്ത്യൻ ഭാഗങ്ങൾ വിശദീകരിക്കുന്ന പ്രസംഗവും ശ്രദ്ധിക്കപ്പെടും. പാക്കിസ്ഥാനെ പേരെടുത്ത് പറഞ്ഞ് വിമർശിക്കാനാകും ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യൻ വിദേശ കാര്യമന്ത്രിയുടെ ശ്രമം.

അതിർത്തി കടന്ന് വ്യോമാക്രമണം നടത്തുകയാണെങ്കിൽ ഇന്ത്യ പ്രധാനമായും ഉപയോഗിക്കുക സുഖോയ് 30 എംകെഐ പോർ വിമാനം തന്നെയായിരിക്കും. അതിർത്തി കടന്ന് ആക്രമിക്കുമ്പോൾ പാക്കിസ്ഥാന്റെ റഡാർ സംവിധാനങ്ങളെ മറികടക്കാൻ കഴിയുന്ന പോർവിമാനമാണ് സുഖോയ്. മിസൈലുകൾക്കു പുറമെ ലേസർ നിയന്ത്രിത സ്മാർട്ട് ബോംബുകളും ക്ലസ്റ്റർ ബോംബുകളും ഉപയോഗിക്കാൻ കഴിയുന്ന യുദ്ധവിമാനമാണ് സുഖോയ്. ഇതിനു പുറമെ ഇസ്രയേൽ നിർമ്മിത ഡ്രോണുകളും ആക്രമണത്തിനു ഉപയോഗിച്ചേക്കും. അതിർത്തി കടന്നു നിരീക്ഷണം നടത്താൻ ഏറ്റവും മികച്ച ആയുധമാണ് ഡ്രോണുകൾ. പത്താൻകോട്ട് ആക്രമണം നടത്താൻ സൈനികരെ സഹായിച്ചത് ഇസ്രയേൽ നിർമ്മിത ഡ്രോണുകളായിരുന്നു.