ഡൽഹി: മീ ടൂ കാമ്പയിനിൽ കുടുങ്ങി സിപിഎം എംഎൽഎയും നടനുമായ മുകേഷ്. 19 വർഷം മുമ്പ് നടന്ന സംഭവം വിവരിച്ച് ടെസ് ജോസഫ് എന്ന കാസ്റ്റിങ് ഡയറക്ടർ ആണ് രംഗത്ത് എത്തിയത്. ട്വിറ്ററിലൂടെയാണ് ടെസ് മുകേഷിനെതിരെ വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ഒരു ടിവി ഷോയുടെ ഭാഗമായി ഹോട്ടൽ മുറിയിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്ന് ആരോപിച്ച് രംഗത്തെത്തിയത് കാസ്റ്റിങ് ഡയറക്ടർ കൂടിയായ ടെസ് ജോസഫ്.

19 കൊല്ലം മുമ്പ് കോടീശ്വർ ഷോയുടെ ഷൂട്ടിംഗിന്റെ ഭാഗമായി രാത്രി തന്റെ മുറിയിലേക്കെത്താൻ എംഎൽഎ ശ്രമിച്ചെന്ന് ടെസ് ജോസഫ് പറഞ്ഞു. അന്ന് ചിത്രീകരണത്തിനിടയിൽ നടൻ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാൻ നിർബന്ധിച്ചെന്നാണ് അന്ന് ടെലിവിഷൻ പരിപാടിയുടെ സാങ്കേതിക പ്രവർത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.

നിരന്തരം ഫോൺ വിളികൾ വന്നതിനെ തുടർന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോൾ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. പുരുഷന്മാരുടെ ക്രൂവിൽ താൻ മാത്രമായിരുന്നു ഏക പെൺ സാങ്കേതിക പ്രവർത്തകയെന്നും ഇവരുടെ ട്വീറ്റിൽ പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാൻ സംഭവത്തിൽ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോർട്ട്.

മീ ടു ഇന്ത്യ, ടൈസ് അപ്, മീ ടു എന്നീ ഹാഷ് ടാഗുകൾ ചേർത്ത്, ഇതാണ് തനിക്ക് പറയാനുള്ളതെന്ന് എഴുതിയായിരുന്നു ടെസിന്റെ വെളിപ്പെടുത്തൽ. കോടീശ്വരൻ എന്ന പരിപാടിയുടെ അണിയറപ്രവർത്തകയായിരുന്നു ടെസ്. ചെന്നൈ ലേമെറിഡിയൻ ഹോട്ടലിൽ താമസിക്കുന്ന സമയത്ത് തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് മുകേഷ് നിരന്തരം ശല്യപ്പെടുത്തുമായിരുന്നെന്നും തന്റെ റൂം മാറ്റിയിരുന്നതായുമാണ് ടെസ് ആരോപിക്കുന്നത്.

അതേസമയം ടെസ് ജോസഫിന്റെ ആരോപണത്തെ ചിരിച്ചു തള്ളുകയാണ് നടൻ മുകേഷ് ചെയ്തത്. ലോക സിനിമയെ പിടിച്ചു കുലുക്കിയ മി ടുവിൽ മുകേഷും കുടുങ്ങിയതോടെ സംഭവം മലയാള സിനിമയെ തന്നെ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഇത് നടൻ മുകേഷ് തന്നെയാണോ എന്നൊരാൾ ട്വീറ്റിന് താഴെയായി ചോദിച്ചപ്പോൾ മുകേഷിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് അതെ എന്ന് ടെസ് മറുപടി നൽകിയത്. ബോളിവുഡിൽ മീ ടു കാംപെയ്ൻ ശക്തമായി തുടങ്ങിയതിന്റെ തുടർച്ചയായാണ് മുകേഷിനെതിരെയും ആരോപണം ഉണ്ടായിരുന്നത്. പത്ത് വർഷം മുമ്പ് നാനാ പടേക്കർ ഉപദ്രവിച്ചെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്തയും ക്വീൻ സംവിധായകൻ അപമര്യാദയായി െപരുമാറിയെന്ന് വെളിപ്പെടുത്തി കങ്കണയും കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

ഹോളിവുഡ് സിനിമയിൽ തുടങ്ങിവെച്ച മി ടൂ കാമ്പെയിൻ ഇപ്പോൾ ബോളിവുഡും പിന്നിട്ട് മലയാള സിനിമയിലും എത്തിയിരിക്കുകയാണ്. ഹോളിവുഡിലെ ഒരു സംവിധായകനെതിരെ ഒരു നടിയാണ് ആദ്യം വെളിപ്പെടുത്തൽ നടത്തി മി ടൂ കാമ്പെയിൻ തുടങ്ങി വെച്ചത്. അത് പിന്നീട് ലോകം മുഴുവനും ഏറ്റെടുക്കുക ആയിരുന്നു. ഹോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടു കാമ്പെയിൻ ഇന്ത്യയിലെത്തിയപ്പോൾ വിവിധ ഭാഷാ നടിമാരും കാമ്പെയിനിന്റെ ഭാഗമായി. ബോളിവുഡിനെ പിടിച്ചു കുലുക്കിയ മീ ടൂവിൽ കങ്കണ റാവത്ത്, തനുശ്രീ ദത്ത തുടങ്ങിയവരും അംഗങ്ങളായി. ഇത് ഇപ്പോൾ മലയാള സിനിമയിലും എത്തിയിരിക്കുകയാണ്. എന്തായാലും നടനും എംഎൽഎയുമായ മുകേഷിനെതിരെ ഗുരുതര ആരോപണമാണ് യുവതി ഉന്നയിച്ചിരിക്കുന്നത്.