ടെക്‌സാസ്: തെക്കൻ അമേരിക്കയിലുണ്ടായ മിന്നൽപ്രളയത്തിൽ കുറഞ്ഞത് അഞ്ചുപേർ മരിക്കുകയും നൂറുകണക്കിന് വീടുകൾ ഒഴുകിപ്പോകുകയും ചെയ്തതായി റിപ്പോർട്ട്. കാലാവസ്ഥാ കെടുതി മൂലം ഒക്കലഹാമയിൽ രണ്ടുപേരും ടെക്‌സാസിലെ സാൻ മാർക്കോസിൽ മൂന്നു പേരും മരിച്ചതായാണ് റിപ്പോർട്ട്.

24 മണിക്കൂറായി 25 സെന്റീമീറ്ററിലധികം കനത്തിലാണ് ഈ മേഖലകളിൽ മഴപെയ്തുകൊണ്ടിരിക്കുന്നത്. രണ്ടു കുട്ടികളുൾപ്പെടെ 12 പേരെ ടെക്‌സാസിലെ ബ്ലാങ്കോ നദിയിൽ കാണാതായതായി പറയുന്നു.

ടെക്‌സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണിതെന്ന് ടെക്‌സാസ്  ഗവർണർ ഗ്രെഗ് അബോട്ട് ചൂണ്ടിക്കാട്ടി. വിംബർളിയിലെ ഒരു കുടുംബത്തിലെ നാലുപേരെ ഒഴുക്കിൽ പെട്ടെങ്കിലും കുടുംബനാഥനായ ജോനാഥൻ മക്കോബിനെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇയാളുടെ ഭാര്യ ലോറയേയും രണ്ടു മക്കളേയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ടെക്‌സാസിൽ നിന്നു തന്നെ മറ്റൊരു പതിനാലുകാരനും പ്രളയത്തിൽ മുങ്ങിമരിച്ചു.
നദികൾ കരകവിഞ്ഞ് ഒഴുകുന്നതിനാൽ നൂറു കണക്കിന് വീടുകളാണ് നശിച്ചിരിക്കുന്നത്. അർക്കൻസാസ്, ലൂസിയാന, മിസൗറി, ഈസ്റ്റേൺ കൻസാസ് എന്നീ മേഖലകളിൽ  മോശം കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ടെക്‌സാസിലെ ബ്ലാങ്കോ നദിക്കരയിലുള്ള രണ്ടായിരത്തോളം പേരെയാണ് കുടിയൊഴിപ്പിക്കപ്പെട്ടിട്ടുള്ളത്. ഈ മേഖലയാണ് മിന്നൽ പ്രളയം മൂലം ഏറ്റവും ദുരിതമനുഭവിക്കുന്നത്. ബേസിൻ നദിക്കരയിലും രക്ഷാപ്രവർത്തകർ തമ്പടിച്ചിട്ടുണ്ട്. ഇവിടെയുള്ള ആയിരത്തോളം കുടുംബങ്ങളെ മാറ്റിപ്പാർച്ചിട്ടുണ്ട്. ഇന്റർ‌സ്റ്റേറ്റ് 35 ഹൈവേയുടെ ചില ഭാഗങ്ങൾ പ്രളയം മൂലം ഭാഗികമായി അടച്ചിട്ടിരിക്കുകയാണ്.

ഇതിനിടെ ഹൂസ്റ്റൺ മേഖലകളിൽ ടൊർനാഡോ വീശിയതായും റിപ്പോർട്ടുണ്ട്. ലോവ, കൻസാസ്, മിസൗറി, ഇല്ലിനോയ്‌സ് എന്നിവിടങ്ങളിൽ ടൊർനാഡോ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഒക്കലഹാമയിൽ രക്ഷാപ്രവർത്തനം നടത്തിയിരുന്ന ക്യാപ്റ്റൻ ജേസൺ ഫാർലി ഒഴുക്കിൽപ്പെട്ടു മരിച്ചതായും റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഒക്കഹാമ നോർത്ത്- ഈസ്റ്റ് മേഖലയിലുള്ള ക്ലേയർമോർ ടൗണിലായിരുന്നു ഇയാൾ രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരുന്നത്. ടുൽസയിലുണ്ടായ അപകടത്തിൽ മറ്റൊരു സ്ത്രീയും മരിച്ചു. ഒക്കലഹാമ സിറ്റിയിൽ റെക്കോർഡ് മഴയാണ് ഈ മാസം രേഖപ്പെടുത്തിയത്. 18.19 ഇഞ്ച്. കോളറാഡോയിൽ എൽ പാസോ, പ്യൂബ്ലോ കൗണ്ടികളും സ്‌റ്റെർലിങ് സിറ്റിയിലും മോശം കാലാവസ്ഥ മൂലം ദുരിതമനുഭവിക്കുന്നുണ്ട്.