ലോസ്ആഞ്ചലസ്: മയക്കു മരുന്ന് ഉപയോഗിച്ച യുവാവിനെ കൈയോടെ പിടികൂടിയ പൊലീസ് ജയലിലടയ്ക്കുന്നതിനു പകരം ഇരുന്നൂറു പുഷ് അപ്പുകൾ എടുപ്പിക്കുന്ന വീഡിയോ വൈറലാകുന്നു. ടെക്‌സസിലെ ആർലിങ്ടണിൽ ഓഫ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഓഫിസർ എറിക്ക് ബോൾ ആണ് കഞ്ചാവടിച്ച ചെറുപ്പക്കാരന് വെറൈറ്റി ശിക്ഷ നല്കിയത്.

സിനിമ കാണാൻ തിയേറ്ററിൽ എത്തിയതായിരുന്നു എറിക്. തിയേറ്ററിന് പുറത്ത് ചില യുവാക്കൾ നിന്ന് കഞ്ചാവ് വലിക്കുന്നുണ്ടെന്ന വിവരം ഒരാൾ ഇദ്ദേഹത്തിനു നല്കി. വലിച്ചു തീർന്ന കഞ്ചാവ് സിഗരറ്റ് പാലീസ് എത്തുന്നതിനുമുമ്പേ കളത്തിരുന്നുവെങ്കിലും കഞ്ചാവിന്റെ മണം പരിസരത്തുണ്ടായിരുന്നു.

കുറ്റകരമായ പ്രവൃത്തിയാണു ചെയ്തിരിക്കുന്നതെന്നും ജയിൽശിക്ഷ ലഭിക്കാമെന്നും പറഞ്ഞതോടെ പേടിച്ച യുവാവ് പശ്ചാത്തപിച്ചു. തുടർന്ന് അറസ്റ്റ് ഒഴിവാക്കാനായി ഇരുനൂറ് പുഷ് അപ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിനിടെ തിയറ്ററിൽ നിന്നും ഇറങ്ങി വന്ന യുവാവിന്റെ അമ്മ നടന്ന സംഭവം അറിഞ്ഞതോടെ പൊലീസ് ഓഫിസറെ പ്രത്യേകം അഭിനന്ദിക്കുകയും അറസ്റ്റ് ഒഴിവാക്കിയതിന് പ്രത്യേകം നന്ദി പറയുകയും ചെയ്തു. പൊലീസിന്റെ ഈ നടപടിയെ അവിടെ കൂടി നിന്നവരും പ്രശംസിച്ചു.