- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്‌കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 14 കുരുന്നുകളേയും അദ്ധ്യാപികയേയും; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്‌കൂൾ
അമേരിക്കയെ നടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ 18 കാരൻ വെടിവെച്ചു വീഴ്‌ത്തിയത് പതിനാല് കുട്ടികളേയും അദ്ധ്യാപികയേയും. ഇന്നലെ ഉച്ചക്ക് ടെക്സാസിലെ റോബ്ബ് എലെമെന്ററി സ്‌കൂളിലെത്തി വെടിയുതിർത്ത സാൽവഡോർ റാമോസ് എന്ന 18 ഇയാരനെ പിന്നീട് പൊലീസ് വെടിവെച്ചുകൊന്നു. വാൽഡെ ഹൈസ്‌കൂൾ വിദ്യാർത്ഥിയാണ് ഇയാൾ എന്ന് പിന്നീട് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. വെടിയേറ്റു മരിച്ച കുട്ടികളെല്ലാം തന്നെ ഏഴു വയസ്സിനും പതിനൊന്ന് വയസ്സിനും ഇടയിൽ പ്രായമുള്ളവരാണെന്ന് സി എൻ എൻ റിപ്പോർട്ട് ചെയ്യുന്നു.
2018 ൽ ഫ്ളോറിഡയിലെ പാർക്ക്ലാൻഡിൽ 14 ഹൈസ്‌കൂൾ വിദ്യാർത്ഥികളേയും മൂന്ന് സ്‌കൂൾ ജീവനക്കാരേയും വെടിവെച്ച് കൊന്നതിനു ശേഷമുണ്ടാകുന്ന ഏറ്റവും ഭീകരവും ക്രൂരവുമായ ഒരു സംഭവമാണിത്. സ്‌കൂളുകളിലെ വെടിയുതിർക്കലുകളിൽ ഏറ്റവും ഭീകരമായത് 2012-ൽ കണക്ടികറ്റിൽ എലെമെന്ററി സ്‌കൂളിൽ നടന്ന സംഭവമായിരുന്നു. 20 കുട്ടികളും ആറ് സ്‌കൂൾ ജീവനക്കാരുമാണ് ഇതിൽ മരണമടഞ്ഞത്.
തന്റെ 18-ാം ജന്മദിനത്തിൽ നിയമപരമായി വാങ്ങിയ തോക്കുകളുടെ ചിത്രങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് റാമോസിന്റെ സമൂഹ മാധ്യമ പേജുകൾ. അജ്ഞാതയായ ഒരു സ്ത്രീയെ അയാൾ ഈ ചിത്രങ്ങളിൽ ടാഗും ചെയ്തിട്ടുണ്ട്. എന്നാൽ, ഭീതിയുണർത്തുന്ന ചിത്രങ്ങൾ എന്നാണ് ആ സ്ത്രീ മറുപടിനൽകിയിരിക്കുന്നത്.
ഏകദേശം 600 വിദ്യാർത്ഥികളോളം ഉള്ള റൊബ് എലെമെന്ററി സ്‌കൂൾ ഉവാൽഡ നഗരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഇവിടേയ്ക്ക് ഒരു ഹാൻഡ് ഗണും ഒരു റൈഫിളുമായി എത്തുന്നതിനു മുൻപ് അക്രമി തന്റെ സ്വന്തം അമ്മൂമ്മയെ വെടിവെച്ചിട്ടിരുന്നു. അവരുടേ നില എന്താണെന്ന് ഇതുവരെ അറിവായിട്ടില്ല. അതിനുശേഷമാണ് ഇയാൾ സ്‌കൂളിൽ എത്തുന്നത്. പ്രാദേശിക സമയം രാവിലെ 11:32 ന് ആണ് ഇയാൾ സ്‌കൂളിൽ എത്തി അക്രമം അഴിച്ചുവിടാൻ ആരംഭിച്ചത്.
സ്‌കൂളിനും പുറത്തായി തകർന്ന പ്രു പിക്ക് അപ് ട്രക്ക് ചിത്രങ്ങളിൽ കാണാം. ഇയാൾ വന്ന വാഹനമാണ് അതെന്നാണ് സംശയിക്കുന്നത്. വിവരം അറിഞ്ഞെത്തിയ ബോർഡർ പട്രോൾ ഏജന്റുമാർക്ക് നേരെയും ഇയാൾ വെടിയുതിർത്തു. ഒരു ഏജന്റിന് പരിക്ക് പറ്റിയിട്ടുണ്ടെങ്കിലും നില ഗുരുതരമല്ല. മരണമടഞ്ഞ 14 കുട്ടികൾക്ക് പുറമെ മറ്റ് 13 കുട്ടികളെ പരിക്കേറ്റ് എമർജൻസി റൂമിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്. 45 കാരനായ ഒരു ജീവനക്കാരനും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.
നോർത്ത് ഡക്കോട്ടയിൽ ജനിച്ച വ്യക്തിയാണ് അക്രമിയായ റാമോസ് എന്ന് ടെക്സാസിലെ ഒരു സ്റ്റേറ്റ് സെനെറ്റർ പറഞ്ഞു. ബോർഡർ പട്രോളുമായി ഏറ്റുമുട്ടിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാമോസിനെ പൊലീസ് വെടിവെച്ചു വീഴ്‌ത്തുകയായിരുന്നു. ആദ്യം അയാളെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പൊലീസ് അറിയിച്ചത്. പിന്നീടാണ് അയാളുടെ മരണം സ്ഥിരീകരിച്ചതെന്നും സെനറ്റർ അറിയിച്ചു. ഇയാൾ ഒറ്റയ്ക്കാണ് എത്തിയതെന്നും കൂട്ടത്തിൽ മറ്റാരുമില്ലായിരുന്നു എന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഈ മാസം നിരവധി അക്രമ സംഭവങ്ങളാണ് ടെക്സ്സാസ്സിൽ അരങ്ങേറിയിട്ടുള്ളത്. മെയ് 14-ന് ഒരു വെള്ളക്കാരൻ 10 പേരെ വെടിവെച്ചു കൊന്ന സംഭവമുണ്ടായിരുന്നു. അതിനടുത്ത ദിവസം ലഗുണ വുഡ്സിലെ ഒരു പള്ളിയുടെ വാതിൽ അടച്ചുപൂട്ടിയതിനു ശേഷം അതിനകത്തുണ്ടായിരുന്ന തായ്വാനീസ്-അമേരിക്കൻ വിശ്വാസികൾക്ക് നേരെ വെടിയുതിർത്തിരുന്നു സംഭവത്തിൽ ഒരാൾ മരണമടയുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ