തിരുവനന്തപുരം: എത്ര നന്നായി വാർത്തകൾ ചെയ്താലും മാദ്ധ്യമപ്രവർത്തകന് ചിലപ്പോൾ കിട്ടുന്ന പ്രതികരണം വളരെ മോശമായിരിക്കാം. ചില വാർത്തകൾ പുറത്ത് വന്നില്ലെങ്കിൽ പോലും തെറി വിളി കിട്ടുന്നത് മാദ്ധ്യമപ്രവർത്തകർക്കാണ്. എന്നാൽ വാർത്തകൾ പൊതുസമൂഹത്തിലേക്ക് എത്താതിരുന്നാൽ അതിന് ഉത്തരവാദികൾ മാദ്ധ്യമപ്രവർത്തകർ മാത്രമാണെന്ന് കരുതുന്നവർ അറിയണം ചില വാർത്തകൾ പൊതു സമൂഹത്തിലെത്താതിരിക്കുന്നതിൽ ഉദ്യോഗസ്ഥർക്കും ഒരു വലിയ പങ്ക് തന്നെയുണ്ട്. കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിവിധ വസ്ത്ര വ്യാപാരശാലകളിൽ തൊഴിൽ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിലാണ് നാൽപ്പതോളം സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തത്.

ഇത്രയും സ്ഥാപനങ്ങളിൽ നിന്നും 673ൽ പരം നിയമലംഘനങ്ങൾ കണ്ടെത്തിയതായും തൊഴിൽ വകുപ്പ് ലേബർ കമ്മീഷണറുടെ കര്യാലയത്തിൽ നിന്നും പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി മറുനാടൻ മലയാളി ലേഖകൻ രാവിലെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ 10മണിക്ക് ഓഫസിലെത്തിയാൽ പകർപ്പ് ലഭ്യമാക്കാമെന്ന അറിയിപ്പാണ് ലഭിച്ചത്. എന്നാൽ ലേബർ കമ്മീഷണറുടെ കാര്യത്തിലെത്തിയപ്പോൾ ലഭിച്ച മറുപടി അത്തരമൊരു ലിസ്റ്റ് ലഭ്യമല്ലെന്നാണ്.

തൊഴിൽ മന്ത്രി ടി.പി.രാമകൃഷ്ണന്റെ നിർദേശപ്രകാരമായിരുന്നു കഴിഞ്ഞ ദിവസത്തെ പരിശോധന. ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് നിയമങ്ങളുടെ ലംഘനങ്ങളാണു കൂടുതലായും കണ്ടെത്തിയത്. പല സ്ഥാപനങ്ങളിലും തൊഴിലാളികൾക്ക് വിശ്രമസൗകര്യങ്ങൾ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഏറ്റവും അധികം തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയതു തിരുവനന്തപുരം ജില്ലയിലാണ്.ഇവിടെ എട്ടു സ്ഥാപനങ്ങളിലെ പരിശോധനകളിൽ 273 നിയമ ലംഘനങ്ങളാണു റിപ്പോർട്ട് ചെയ്തത്. ലേബർ കമ്മിഷണർ കെ.ബിജുവിന്റെ നേതൃത്വത്തിൽ അഡീഷനൽ ലേബർ കമ്മിഷണർ എ.അലക്സാണ്ടർ, ജില്ലാ ലേബർ ഓഫിസർമാർ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡു നടത്തിയത്. മന്ത്രി നേരിട്ട് നൽകിയ നിർദ്ദേശ പ്രകാരം പരിശോധന നടത്തി ഇത്രയധികം സ്ഥാപനങ്ങൾക്കെതിരെ കേസുകൾ ചാർജ് ചെയ്തിട്ടും ഒരു സ്ഥാപന്തനത്തിന്റെ പേര് പോലും കമ്മീഷൻ പുറത്ത് പറയാതിരിക്കുന്നത് ആർക്ക് വേണ്ടിയെന്ന ചോദ്യവും സജീവമാവുകയാണ്.

തൊഴിലാളികൾക്ക് വിശ്രമകേന്ദ്രങ്ങൾപ്പോലുമില്ലാത്ത സ്ഥാപനങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തൊഴിലാളികൾക്കെതിരെ ഇത്രയും ചൂഷണം നടത്തിയിട്ടും എന്തുകൊണ്ടാണ് കമ്പനികളുടെ പേര് സംസ്ഥാന ലേബർ കമ്മീഷണറുടെ ഓഫീസ് പുറത്ത് പറയാത്തത്. സംസ്ഥാന സർക്കാർ സംവിധാനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം പറിശോധന നടത്തിയ ശേഷം പിഴ ചുമത്തിയവരുടെ വിവരം ലഭ്യമല്ലെന്ന് പറയുന്ന ന്യായീകരണമാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. പിഴ ചുമത്തുന്നത് ഏത് കമ്പനിക്കായാലും അതിന്റെ വിശദാംശങ്ങളായ മേൽ വിലാസം ഈടാക്കിയ തുക എന്നിവ തീർച്ചയായും ഉണ്ടാകേണ്ടതാണ്.

ഇവ രേഖപ്പെടുത്താതെ പിഴ സ്വീകരിക്കുക എന്നാണെങ്കിൽ ആ പണം സർക്കാർ ഖജനാവിലേക്ക് പോകില്ല എന്ന്കൂടി പറയേണ്ടി വരും. ഇന്നലത്തെ റെയ്ഡിൽ കുടുങ്ങിയ വമ്പന്മാരെ രക്ഷിക്കുന്നതിന് മാത്രമേ ഇത്തരം പ്രവർത്തികൾ സഹായകമാവുകയുള്ളൂ. ഇവരുടെ പേരുകൾ പുറത്ത് പറയാതിരിക്കുന്നതിലൂടെ തൊഴിലാളികളോടുള്ള ഇത്തരം വ്യാപാര സ്ഥാപനങ്ങളുടെ മനോഭാവം മാറ്റമില്ലാതെ തുടുക തന്നെ ചെയ്യും. ഫലത്തിൽ പരിശോധനകൊണ്ട് തൊഴിലാളികലൾക്ക് യാതൊരു പ്രയോചനവും ഉണ്ടാകില്ലെന്ന് അർഥം. എന്തായാലും വിവരാവകാശമായി പിഴ ഈടാക്കപ്പെട്ട കമ്പനികളെ കുറിച്ച് അറിയാനുള്ള ശ്രമം തുടരാനാണ് ഞങ്ങളും തീരുമാനിച്ചിരിക്കുന്നത്.