- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ വസ്ത്രനിർമ്മാണ വ്യവസായത്തിന്റെ ചില ഉണർച്ചിന്തകൾ
ലോകത്തിലെ ഏറ്റവും പുരാതന വ്യവസായങ്ങളിലൊന്നായ വസ്ത്രനിർമ്മാണ മേഖല (Textile & Garments) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. 14% വ്യാവസായികോല്പാദനവും 10.5% കയറ്റുമതി വരുമാനവും നൽകുന്ന ഈ മേഖല രാജ്യത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു തൊഴിൽ നൽകുന്നു. എന്നാൽ അവശ്യവസ്തുക്കളുടെ ലഭ്യത, അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനയോഗ്യരായ തൊഴിൽ ജനത, ടെക്‌നോളജി, മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം തുടങ്ങിയ അനുകൂലാവസ്ഥകൾ വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യൻ റെഡിമേഡ് വസ്ത്രക്കയറ്റുമതി വെറും 45 ബില്യൺ ഡോളർ മാത്രമാണ്. ഈ വ്യവസായത്തിൽ താരതമ്യേന പുതുതായി കടന്നുവന്ന ബംഗ്ലാദേശിനും, വിയറ്റ്‌നാമിനും വളരെ പുറകിൽ. വസ്ത്രക്കയറ്റുമതി വരുമാനം 2025-ാം ആണ്ടോടെ 200 ബില്യൺ ഡോളർ ആക്കുകയാണ് രാജ്യത്തിന്റെ വലിയ ലക്ഷ്യം. 2000-ാം ആണ്ടുവരെ ഇന്ത്യയുടെ വസ്ത്രക്കയറ്റുമതി വരുമാനം ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മുകളിലായിരുന്നു. ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരായ ചൈന ഈ മേഖലയിൽ നിന്നും പിന്നോട്ട് പോകുന്നു. ഇത്തരുണത്തിൽ, ഉല്പാദനവർദ്ധനവിലൂടെ നിലമെച്ചപ്പെടുത്തുക എന്ന
ലോകത്തിലെ ഏറ്റവും പുരാതന വ്യവസായങ്ങളിലൊന്നായ വസ്ത്രനിർമ്മാണ മേഖല (Textile & Garments) ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽ ദാതാവാണ്. 14% വ്യാവസായികോല്പാദനവും 10.5% കയറ്റുമതി വരുമാനവും നൽകുന്ന ഈ മേഖല രാജ്യത്തിലെ മൂന്നരക്കോടി ജനങ്ങൾക്കു തൊഴിൽ നൽകുന്നു. എന്നാൽ അവശ്യവസ്തുക്കളുടെ ലഭ്യത, അടിസ്ഥാനസൗകര്യങ്ങൾ, പരിശീലനയോഗ്യരായ തൊഴിൽ ജനത, ടെക്‌നോളജി, മാനേജ്‌മെന്റ് വൈദഗ്ദ്ധ്യം തുടങ്ങിയ അനുകൂലാവസ്ഥകൾ വേണ്ടുവോളമുണ്ടായിട്ടും ഇന്ത്യൻ റെഡിമേഡ് വസ്ത്രക്കയറ്റുമതി വെറും 45 ബില്യൺ ഡോളർ മാത്രമാണ്. ഈ വ്യവസായത്തിൽ താരതമ്യേന പുതുതായി കടന്നുവന്ന ബംഗ്ലാദേശിനും, വിയറ്റ്‌നാമിനും വളരെ പുറകിൽ. വസ്ത്രക്കയറ്റുമതി വരുമാനം 2025-ാം ആണ്ടോടെ 200 ബില്യൺ ഡോളർ ആക്കുകയാണ് രാജ്യത്തിന്റെ വലിയ ലക്ഷ്യം.
2000-ാം ആണ്ടുവരെ ഇന്ത്യയുടെ വസ്ത്രക്കയറ്റുമതി വരുമാനം ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മുകളിലായിരുന്നു. ഇപ്പോഴത്തെ ഒന്നാം സ്ഥാനക്കാരായ ചൈന ഈ മേഖലയിൽ നിന്നും പിന്നോട്ട് പോകുന്നു. ഇത്തരുണത്തിൽ, ഉല്പാദനവർദ്ധനവിലൂടെ നിലമെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ കേന്ദ്ര സർക്കാർ 6000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഉത്തേജനം, 74000 കോടി രൂപയുടെ പുതിയ മുതൽ മുടക്കും, 1 കോടി തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതൊടൊപ്പം, മൂന്നു വർഷമാകുമ്പോൾ (2018-19) 30 ബില്യൺ ഡോളറിന്റെ അധിക വരുമാനവും നേടിത്തരുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ 2025-ാമാണ്ടിലെ 200 ബില്യൺ ഡോളർ എന്ന നിലിയലെത്താൻ എല്ലാവർഷവും 17.2 ബില്യൺ ഡോളർ (2016-25 വരെയുള്ള 9 വർഷക്കാലയളവിൽ) വരുമാനം കൂട്ടേണ്ടതുണ്ട്. അതായത് 2018-19 ൽ ആകെ 97 ബില്യൺ ഡോളർ വരുമാനം. ഇപ്പോഴത്തെ ഉത്തേജന പാക്കേജ് അധികമായി ലക്ഷ്യമിടുന്ന 30 ബില്യൺ ഡോളറിനൊപ്പം നിലവിലുള്ള സംരഭങ്ങളിൽ നിന്നും 67 ബില്യൺ ഡോളർ കയറ്റുമതി ഉണ്ടാകേണ്ടിയിരിക്കുന്നു. ഇത് കൈവരിക്കാനായാൽ ഇന്ത്യൻ സാമ്പത്തിക രംഗത്ത് വലിയമുന്നേട്ടമുണ്ടാകും.
ഈ കണക്കുകൾക്കും പ്രത്യാശകൾക്കുമിടയിൽ കാണേണ്ട വലിയൊരു വസ്തുത ഇന്ത്യയിൽതന്നെ ഉല്പാദിപ്പിക്കുന്നതിന് തയ്യാറാകുന്ന ഉപഭോക്താക്കളുടെ (buyers) കടന്നുവരവ് വലിയ തോതിൽ വർദ്ധിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഉല്പാദനച്ചെലവ് (Cost/Unti) മറ്റു രാജ്യങ്ങളെക്കാൾ കുറച്ചാൽ മാത്രമെ അത്തരം ഒരു സാധ്യത ഉണ്ടാവുകയുള്‌ലു. ഉപഭോക്താവിനെ ആകർഷിക്കുന്നതിനു വേണ്ടി, കുറഞ്ഞ തുകയ്ക്ക് വില്പന നടത്തുമ്പോഴുള്ള നഷ്ടം സർക്കാരിന്റെ റിബേറ്റുകൾ (Duty drawbacks) വഴി നികത്തുന്നതിന് ചെറിയ പരിധിമാത്രമാണുള്ളത്.
ഈ വ്യവസായത്തിനുവേണ്ട സാമ്പത്തിക അനുകൂലഘടകങ്ങൾ - ഇന്ത്യയ്ക്കില്ലാത്തതും!
വിശാല വീക്ഷണത്തിൽ, മനുഷ്യപ്രയത്‌നത്തെവലുതായി ആശ്രയിച്ചിരിക്കുന്ന വസ്‌ത്രോല്പാദന-കയറ്റുമതി വ്യവസായത്തിന്റെ സ്ഥാപനത്തിനും നിലനിൽപിനും വേണ്ട അനുകൂല ഘടകങ്ങൾ താഴെ പറയുന്നവയാണ്.
1. കയറ്റുമതി- ഇറക്കുമതി രാജ്യങ്ങൾ തമ്മിലുള്ള കരാറുകൾ (ഫ്രീ ട്രേഡ് എഗ്രിമെന്റ്‌സ്)വഴി ലഭ്യമാകുന്ന ഡ്യൂട്ടി ഇളവുകൾ.
2. മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ (വൈദ്യുതി, റോഡ്, റെയിൽ, സ്ഥല ലഭ്യത തുടങ്ങിയവ) ലളിതവും അനുഭാവപൂർണ്ണവുമായ നിയമങ്ങൾ (കസ്റ്റംസ്, ടാക്‌സ്, ബാങ്കുകൾ)
3. കുറഞ്ഞ വേതനത്തിൽ കിട്ടാവുന്ന, പരിശീലനയോഗ്യരായ, വലിയ തൊഴിൽ സമൂഹം.
ഈ സാഹചര്യങ്ങൾ കൂടുതലുള്ള രാജ്യങ്ങൾ ഉൽപ്പാദകർക്ക് പ്രിയപ്പെട്ടതാകുന്നു. എന്നാൽ ഇതിൽ മൂന്നാമത് പറഞ്ഞ, ''തൊഴിൽ വേതനത്തിലെ കുറവ്'' അപേക്ഷികം മാത്രം ആണെന്നുള്ളതാണ് വസ്തുത. ഒരുദ്ദാഹരണം കൊണ്ടിതു വ്യക്തമാക്കാം.
വ്യവസായിക വികസനത്തിനും, പ്രത്യേകിച്ച് വസ്ത്ര നിർമ്മാണ കയറ്റുമതി മേഖലയിലേയ്ക്കും അതിശക്തമായ കടന്നു വരവിന് നിലമൊരുക്കിക്കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ് ആഫ്രിക്കൻ വൻകരയിലെ ''എത്യോപ്പിയ'' ഗവൺമെന്റ് വലിയ തോതിൽ വ്യവസായ പാർക്കുകൾ രാജ്യമൊട്ടാകെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും നടപ്പിലാക്കുകയും അതിലേയ്ക്കു വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് വലിയ ഊന്നൽ കൊടുത്തു കൊണ്ടുമിരിക്കുന്നു. ലോകത്തേറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് എത്യോപ്പിയ (ജനങ്ങൾ, അങ്ങേയറ്റം ഒരു ബൾബിന്റെ വെളിച്ചത്തിൽ സംതൃപതരായതിനാൽ വൈദ്യുതി മിച്ചമാണ്) പ്രധാന ഇറക്കുമതി രാജ്യങ്ങളുമായുള്ള സാമ്പത്തിക സന്ധികൾ - യൂറോപ്യൻ യൂണിയനുമായി ഇബിഎ (Everything but Arms) അമേരിക്കയുമായി എജിഒഎ (ആഫ്രിക്കൻ ഗ്രോത്ത് ആൻഡ് ഓപ്പർറ്റിയൂണിറ്റീസ് ആക്റ്റ്) ജിഎസ്‌പി (ജനറലൈസ്ഡ് സിസ്റ്റം പ്രെഫറൻസ്) ഡ്യൂട്ടി ഇളവിന്റെ വലിയ വാതായനങ്ങൾ തുറന്നിട്ടിരിക്കുന്നു. കുറഞ്ഞ വേതനത്തിൽ അവിദഗ്ദ്ധ/ പരിശീലിപ്പിക്കേണ്ട തൊഴിലാലികൽ സുലഭമാണ്. എന്നാൽ ഇതുവരെ കാർഷിക തൊഴിലുകളിൽ ഏർപ്പെട്ടിരുന്ന ജനങ്ങളിൽ വ്യവസായിക സംസംകാരം ഉളവാക്കേണ്ടിയിരിക്കുന്നു. അതൊരു വലിയ വെല്ലുവിളിയാണ്. ഇവിടെ തുച്ഛ വേതനത്തിന്റെ ഗുണം ഉൽപ്പാദകന് ലഭിക്കില്ല. ഉദാരണത്തിന് 10, 000 രൂപ വാങ്ങി 200 വസ്തുക്കൾ ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളിയോക്കാൾ വില കൂടിയ ആളാണല്ലോ 5, 000 രൂപ വാങ്ങി അതേ വസ്തുക്കൾ 50 എണ്ണം മാത്രം ഉൽപ്പാദിപ്പിക്കുന്ന തൊഴിലാളി. ഈ അവസ്ഥയുടെ സാദ്ധ്യതകൾ ഉണ്ടായിട്ടും ലോകത്തിലെ പ്രധാനപ്പെട്ട വസ്ത്ര നിർമ്മാണ കമ്പനികൾ എത്യോപ്പിയായിലേക്ക് ഉഴകുന്നു. കാരണം കുറഞ്ഞ ഉൽപ്പാദന ക്ഷമത എന്ന പ്രതികൂലാവസ്ഥയെ മേൽപ്പറഞ്ഞ ഒന്നാമത്തെയും രണ്ടാമത്തെയും അനുകൂല ഘടകങ്ങൾ കൊണ്ട് മറികടക്കാമെന്ന പ്രതീക്ഷയാണ്.
ഇന്ത്യയുമായുള്ള താരതമ്യത്തിൽ 1. റെഡിമേഡ് വസ്ത്രക്കയറ്റുമതിക്ക് സഹായകരമായ ഒരു ഫ്രീ ട്രേഡ് എഗ്രിമെന്റ് ഇന്ത്യയ്ക്കില്ല. 2. അടിസ്ഥാന സൗകര്യ വികസനത്തിലും ആവശ്യ വസ്തുക്കളുടെ ലഭ്യതയിലും മെച്ചപ്പെട്ട അവസ്ഥയുണ്ട്. 3. താരതമ്യേന ഉയർന്ന തൊഴിൽ വേതനം, എന്നാൽ പ്രധാന വ്യവസായ കേന്ദ്രങ്ങളിൽ തൊഴിലാളികളുടെ ദൗർലഭ്യം നേരിടുന്നു.
ഈ വെല്ലുവിളികലെ നേരിട്ട് പ്രധാന കയറ്റുമതി രാജ്യങ്ങളായ ബംഗ്ലാദേശിനും വിയറ്റ്‌നാമിനും മുകളിലെത്തണമെങ്കിൽ ഉൽപ്പാദക ക്ഷമത വർദ്ധിപ്പിക്കുക മാത്രമാണ് കാരണീയം.
ഉൽപ്പാദനക്ഷമത നൽകുന്ന മൂല്യവർദ്ധന
വസ്ത്ര നിർമ്മാണത്തിൽ, ഇന്ത്യയുടെ ഉൽപ്പാദകക്ഷമത ശരാശരി 60 ശതമാനം മടുപ്പിച്ചാണ്, അതും സ്ഥിരതയില്ലാതെ. ബംഗ്ലാദേശിൽ ഇത് ശരാശരി 70 ശതമാനത്തോളമുണ്ട്. കൂടാതെ അവിടത്തെ ജനത ഏറ്റവും കൂടുതൽ ആശ്രയിക്കുന്ന മേഖല ആയതിനാൽ തൊഴിലാളി ദൗർലഭ്യം കാര്യമായി നേരിടുന്നില്ല. ഇന്ത്യൻ ഫാക്ടറികളുടെ ക്ഷമത 10 ശതമാനം വർദ്ധിപ്പിച്ചാൽ പോലും അത് വലിയ വരുമാനത്തിനിടം നൽകും. ഉദാഹരണത്തിന് ഒരിനം വസ്ത്രം ഉൽപ്പാദിപ്പിക്കുന്നതിനുള്ള മാനദണ്ഡം 20 മിനിറ്റ് ആണെങ്കിൽ, 60 ജോലിക്കാരുള്ള ഒരു അസംബ്ലി ലൈൻ 8 മണിക്കൂർ സമയം കൊണ്ട് 60 ശതമാനം ക്ഷമതയിൽ 864 വസ്ത്രങ്ങൾ 0. 6*480*60/ 20 ഉൽപ്പാദിപ്പിക്കും. ക്ഷമത 70 ശതമാനമാക്കിയാൽ ഉൽപ്പാദനം 1008 ആക്കാം 0. 7* 480* 60/ 20 അധികമായി ലഭിച്ച 144 വസ്ത്രങ്ങൾ ഒന്നിന് 7 ശരാശരിയിൽ കയറ്റുമതി നടത്തിയാൽ ഒരു മാസം 16. 8 ലക്ഷം രൂപ (144*25 പ്രവൃത്തി ദിനങ്ങൾ $7*Rs.67) കൂടുതലായി ലഭിക്കും. ജീവനക്കാർക്കുള്ള സാമ്പത്തിക ഉത്തേജനം നൽകിയ ശേഷവും നല്ലൊരു തുക കമ്പനിക്ക് സാമ്പാദിക്കാനാകും. വെറും ഒരു അസംബ്ലി ലൈനിൽ നിന്നുമുള്ള മാസ വരുമാന വർദ്ധനവാണിത്. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, ഈ അധിക ഉൽപ്പാദനം (അതും പുതിയ മൂലധന മുടക്കില്ലാതെ) 60 ശതമാനം ക്ഷമതയുള്ള 16. 67% (144/ 864) തൊഴിയാളുകളുടെ പ്രായത്തിന് തല്ല്യമാണ്. അതായത് ഒരു രണ്ടരക്കോടി തൊഴിലാളികളുടെ പ്രായത്തിന് തുല്ല്യമാണ്. അതായത് ഒരു രണ്ടരക്കോടി തൊഴിലാലികളുടെ ക്ഷമത 10 ശതമാനം വർദ്ധിപ്പിക്കാമെങ്കിൽ അത് 41. 6 ലക്ഷം തൊഴിലാളികൾക്കു തല്ല്യമാകുന്നു. പ്രധാന ഉൽപ്പാദക കേന്ദ്രങ്ങളിലെ തൊഴിൽ ജനതയുടെ ദൗർലഭ്യത്തിനുള്ള വലിയ പരിഹാരമാണിത്.
മറ്റൊരു പ്രയോജനം, ഉപഭോക്താവിന് കുറഞ്ഞ വിലയ്ക്ക് ഉൽപ്പന്നം നൽകുവാനും, അതുവഴി കൂടുതൽ ഓർഡറുകൾ ആകർഷിക്കുവാനും കഴിയും.
ഉൽപ്പാദന ക്ഷമത വർദ്ദനവിന്റെ സമവാക്യങ്ങൾ
''ഓരോ റെഡിമേഡ് ഫാക്ടറിയിലും റെഡിമേഡ് പ്രശ്‌നങ്ങളും റെഡിമേഡ് പരിഹാരങ്ങളുമാണ്'' വലിയൊരളവുവരെ. അതുകൊണ്ടു തന്നെ, ഉൽപ്പാദനക്കുറവിന്റെ കാരണങ്ങൾ എല്ലാം മാനേജ്‌മെന്റ് സ്റ്റാഫുകൾക്ക്, ദിനം തുടങ്ങുന്നതിന് മുൻപേ പറയാൻ സാധിക്കുന്നു. അവയെല്ലാം മിക്കപ്പോഴും ആവർത്തന സ്വഭാവമുള്ള ശീലങ്ങൾ ആയി മാറിയിരിക്കുന്നു. ഉൽപ്പാദന യൂണിറ്റിലെ പ്രതികൂല ഘടകങ്ങളെ എത്രയും വേഗം മനസ്സിലാക്കുകയും ശരിയായ, നിലനിൽക്കുന്ന, പരിഹാരങ്ങൾ നടപ്പിലാക്കുകയും ചെയ്യുന്നത് ഉൽപ്പാദനക്ഷമതയെ ഉയർത്താൻ സഹായിക്കും.
ഒരു ഫാക്ടറിയുടെ അന്തരീക്ഷത്തിൽ ക്ഷമത = പ്രവൃത്തി * ഉപയോഗപ്പെടുത്തൽ എന്ന സമവാക്യത്തിന് വളരെ പ്രാധാന്യമുണ്ട്. പ്രവൃത്തി തൊളിലാളികളിൽ നിന്നും ശരിയായ ഉപയോഗപ്പെടുത്തൽ മാനേജ്‌മെന്റ് സ്റ്റാഫുകളിൽ നിന്നും വരണം. ഈ മേഖലയമിലെ സാധാരണ പ്രശ്‌നങ്ങൾ എല്ലാം അബ്‌സെന്റിസം, ലോ സ്‌കിൽ, മെഷീൻ ബ്രേക്ക്ഡൗൺ, റിപ്പയർ, ടെക്‌നിക്കൽ ഇഷ്യ, ലോ മോട്ടിവേഷൻ, മെറ്റീരിയൽ ഫ്‌ളോ, ലൈൻ ബാലൻസിങ്ങ്) ഉത്തരവാദിത്തപ്പെട്ട മാനേജ്‌മെന്റ് സ്റ്റാഫുകൾ എത്രത്തോളം വേഗത്തിൽ മനസ്സിലാക്കുകയും പരിഹരിക്കുകയും ചെയ്യുന്നതിലാണ് മിടുക്ക്.
ഓരോ ഫാക്ടറിയും അവരുടെ ബലഹീനതകൾ കണ്ടെത്തേണ്ടതുണ്ട് അതിന്റെ ചുവടു പിടിച്ച് ഫാക്ടറിയുമായി ബന്ധപ്പെട്ട എല്ലാ ഡിപ്പാർട്ടുമെന്റിന്റെയും (പ്ലാനിങ്, പ്രീ പ്രൊഡക്ഷൻ, മെർച്ചൻഡൈസിങ്ങ്, ഹ്യൂമൻ റിസോർസ് ഡിപ്പാർട്ട്‌മെന്റ്, അഡ്‌മിനിസ്‌ട്രേഷൻ, ടെക്‌നിക്കൽ, ക്വാളിറ്റി, മെന്റനൻസ്, ലോജിസ്റ്റിക്, ഇൻഡസ്ട്രിയൽ, എഞ്ചനീയറിങ്ങ്) ഉത്തരവാദിത്തങ്ങൾ നിർണ്ണയിക്കുകയും അവ സമയ ബന്ധിതമായി ലക്ഷ്യത്തിലെത്തിക്കുകയും ചെയ്താൽ യൂട്ടിലൈസേഷൻ കൂട്ടുന്നതിനും, അതുവഴി ക്ഷമത വർദ്ധിപ്പിക്കുന്നതിനും തീർച്ചയായും കഴിയും. വിദഗ്ദ്ധ തൊഴിലാളികൾക്കൊപ്പം വിദഗ്ദ്ധ മാനേജ്‌മെന്റും ചേരുമ്പോൾ ശരിയായ ഫലം ഉണ്ടാക്കാം. ഓരോ ഉൽപ്പാദക യൂണിറ്റും, സമയത്തിനോട് യുദ്ധം ചെയ്യുന്ന യുദ്ധ ഭൂമികയാണ്.
സ്‌കിൽഡ് ഇന്ത്യയ്‌ക്കൊപ്പം എഫിഷ്യന്റ് ഇന്ത്യയും
ഉൽപ്പാദന ക്ഷമത വർദ്ധിപ്പിക്കുക എന്നത് എല്ലാ ഫാക്ടറികളുടെയും പ്രധാന ലക്ഷമാകണം. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിനും ചില ഉത്തേജനങ്ങളെക്കുറിച്ചി ചിന്തിക്കാവുന്നതാണ്.
1. മാനേജർമാർക്കും മുതൽ മുടക്കുന്നവർക്കുമായി, ഫാക്ടറികളെ കാര്യക്ഷമമായി നടത്തുന്നതിനുള്ള പരിശീലന സെമിനാറുകൾ സംഘപ്പിക്കുന്നത് ഗുണകരമാകും. അതുമായി ബന്ധപ്പെട്ട ഏറ്റവും നല്ല രാജ്യന്തര അളവുകോലുകൾ പരിചയപ്പെടുത്താവുന്നതാണ്. ഫാക്ടറികളിൽ വിദഗ്ഘ പരിശീലനം ലഭിച്ചിട്ടുള്ളവർ ഇത്തരം ക്ലാസ്സുകൾ നടത്തുന്നത് യാഥാർത്ഥ്യാധിഷ്ഠിതമായ വസ്തുതകളെ അഭിമുഖീകരിക്കുവാൻ അവരെ തയ്യാറാക്കും.
2. ശരിയായ വിധത്തിൽ ഉൽപ്പാദനക്ഷമത കണക്കു കൂട്ടുകയും വിജയിക്കുന്ന ഉൽപ്പാദകർക്ക് ക്ഷമത അവാർഡുകൾ, സാമ്പത്തിക റിബേറ്റുകളുടെ രൂപത്തിൽ നൽകുന്നത് കൂടുതൽ പ്രോത്സാഹനകരമാകും.
3. ഉൽപ്പാദനക്ഷമത കുറഞ്ഞ ഫാക്ടറികളുടെ കാരണങ്ങൾ പഠിക്കുന്നതിനും, പരിഹാരങ്ങൾ നിർദ്ദേശിക്കുന്നതിനുമായി വിദഗ്ദ്ധരടങ്ങുന്ന ഒരു സംഘം രൂപീകരിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാവുന്നതാണ്.
ഇന്ത്യൻ വസ്ത്ര നിർമ്മാണ - കയറ്റുമതി വ്യവസായവുമായി ബന്ധപ്പെട്ട എല്ലാവരുടെയും പുരോഗതിയും നിലനിൽപ്പും ''ഉൽപ്പാദന ക്ഷമത'' യെ തീർത്തും ആശ്രയിച്ചിരിക്കുന്നു.