കൊച്ചി: അർത്തുങ്കൽ പള്ളിക്കെതിരായ വർഗീയ പരാമർശത്തിൽ കേസ് റദ്ദാക്കണമെന്ന സംഘപരിവാർ നേതാവ് ടി ജി മോഹൻ ദാസിന്റെ ഹർജി ഹൈക്കോടതി തള്ളി. കേസിൽ ശരിയായ അന്വേഷണം നടക്കണമെന്നും ഇല്ലെങ്കിൽ അത് വർഗീയ കലാപത്തിന് കാരണമാകുമെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഹർജി തള്ളിയത്. അർത്തുങ്കൽ പൊലീസിന് അന്വേഷണം തുടരാമെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി മോഹൻദാസിന്റെ മൊബൈൽ ഫോൺ പിടിച്ചെടുക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

അർത്തുങ്കൽ പള്ളി മുൻപ് ഒരു ശിവക്ഷേത്രമായിരുന്നുവെന്നാണ് തന്റെ ട്വിറ്റർ അക്കൗണ്ടിൽ മോഹൻദാസ് പറഞ്ഞത്. ക്രിസ്ത്യാനികൾ അത് പള്ളിയാക്കി മാറ്റുകയായിരുന്നു. പള്ളി ഉത്ഖനനം നടത്തിയാൽ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാമെന്നും മോഹൻദാസ് ട്വിറ്ററിൽ കുറിച്ചിരുന്നു.

ശ്രീകോവിലിന്റെ സ്ഥാനത്ത് പണിയാൻ ശ്രമിച്ച ആൾത്താര നിർമ്മാണത്തിനിടെ വീണുകൊണ്ടിരുന്നുവെന്നും ഇതേ തുടർന്ന് പാതിരിമാർ ജോത്സ്യനെ കണ്ടുവെന്നും മോഹൻദാസ് കുറിച്ചു. പിന്നീട് ആൾത്താര ഇവിടെ നിന്ന് മാറ്റി പണിയാൻ തീരുമാനിക്കുകയായിരുന്നു. ക്ഷേത്രം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഇനി ഹിന്ദുക്കൾ നടത്തേണ്ടതെന്നും മോഹൻദാസ് പറഞ്ഞിരുന്നു.

ട്വീറ്റ് മതസ്പർദ്ധയും അക്രമവും വളർത്താനുള്ള ആഹ്വാനമായാണ് പൊലീസ് നിരീക്ഷിച്ചിരിക്കുന്നത്. ഈ ട്വീറ്റ് പുറത്തുവന്നപ്പോൾ തന്നെ ട്വീറ്റിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ പ്രചാരണങ്ങൾ നടന്നിരുന്നു.

കേരളത്തിൽ ബിജെപിക്കാരെ പോലും വെട്ടിലാക്കുന്ന പ്രസ്താവനകളും ട്വീറ്റുകളും പതിവാക്കിയ നേതാവാണ് ടി ജി മോഹൻദാസ്. സംഘപരിവാറിന്റെ സൈദ്ധാന്തികൻ ചമയുന്ന അദ്ദേഹം അർത്തുങ്കൽ പള്ളിയെ കുറിച്ചു നടത്തിയ പ്രസ്താവന ബിജെപി നേതൃത്വത്തെ വീണ്ടും വെട്ടിലാക്കിയിരിക്കുകയാണ്. ക്രിസ്ത്യാനികൾ ശിവക്ഷേത്രം പള്ളിയാക്കി മാറ്റിയെന്നും ഹിന്ദുക്കൾ ആ ദിശ നോക്കി പ്രാർത്ഥിക്കുന്നുവെന്നും അതാണ് വെളുത്തച്ഛനെന്നുമാണ് മോഹൻദാസിന്റെ അവകാശവാദം.

വിശുദ്ധ സെബാസ്റ്റ്യന്റെ പേരിൽ സുപ്രസിദ്ധമായ ദേവാലയമാണ് ആലപ്പുഴയിലെ അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് പള്ളി. അർത്തുങ്കൽ പള്ളി ശിവക്ഷേത്രമാണെന്നും ഇത് വീണ്ടെടുക്കുകയെന്ന ജോലിയാണ് ഹിന്ദുക്കൾ ഇനി ചെയ്യേണ്ടതെന്ന് പറഞ്ഞ അദ്ദേഹത്തിന്റെ പക്കൽ എന്തു തെളിവാണ് ഉള്ളതെന്ന കാര്യത്തിൽ ഇനിയും വ്യക്തതിയില്ല.

അർത്തുങ്കൽ വെളുത്തച്ചനും ശബരിമല അയ്യപ്പനുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഈ ഐതിഹ്യങ്ങളിൽ സൂചിപ്പിക്കുന്ന വെളുത്തച്ചൻ യൂറോപ്യനായ ഫാദർ ഫെനോഷ്യ ആണെന്നാണ് ഐതിഹ്യം. കലകളിലും ദർശനങ്ങളിലും തത്പരനായിരുന്ന ഈ വൈദികശ്രേഷ്ഠൻ കളരിപ്പയറ്റ് പഠിക്കുവാനായി ചീരപ്പൻചിറയിലെത്തി. അയ്യപ്പന്റെ ഗുരുകുലവും ചീരപ്പൻചിറയായിരുന്നുവെന്നും അവിടെ ഇരുവരും സഹോദരതുല്യമായ സ്നേഹത്തോടെ താമസിച്ചു പഠിച്ചുവെന്നുമുള്ള ഐതിഹ്യവുമാണ് നിലനിൽക്കുന്നത്. ഇതിനിടെയാണ് ടി ജി മോഹൻദാസ്, യാതൊരു അടിസ്ഥാനവുമില്ലാത്ത വാദവുമായി രംഗത്തെത്തിയത്.

ശബരിമലയിൽ പോകുന്ന ഭക്തന്മാർ ഇപ്പോഴും അർത്തുങ്കൽ പള്ളിയിലെത്താറുണ്ട്. ശബരിമല അയ്യപ്പൻ- അർത്തുങ്കൽ വെളുത്തച്ചൻ- വാവര് സ്വാമി എന്നിവരുടെ സൗഹൃദം മതസാഹോദര്യത്തിന്റെ ത്രിമൂർത്തികളാണ്. മതാതീതമായ വിശ്വാസമാണ് അർത്തുങ്കൽ വെളുത്തച്ചനെ സംബന്ധിച്ചുള്ളത്. ശബരിമലയ്ക്കു പോകുന്ന ഭക്തർ ഇവിടെ മാല ഊരുന്ന ചടങ്ങുണ്ട്. 15-ാം നൂറ്റാണ്ടിൽ മൂത്തേടത്ത് രാജവംശ നൽകിയ സ്ഥലത്താണ് പള്ളി സ്ഥാപിതമായത്.