കൊച്ചി: ഊബർ ഈറ്റ്സ് ഡെലിവറി ബോയി ജവഹറിനെ മർദ്ദിച്ച് അവശനാക്കിയ ഇടപ്പള്ളി താൽ റസ്റ്റോറന്റ് ഉടമയും സംഘവും മുങ്ങി. പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഇന്നലെ രാത്രിയോടെ ശ്രമം ആരംഭിച്ചെങ്കിലും പ്രതികൾ എവിടെയാണ് ഉള്ളതെന്ന വിവരം ലഭിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ കെ ഷവാബ് മറുനാടൻ മലയാളിയോട് പറഞ്ഞു. പ്രതികളുടെ ഓഫീസിലും വീട്ടിലും നിരവധി തവണ പൊലീസ് പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. അതേ സമയം പ്രതികൾ മുൻകൂർ ജാമ്യത്തിനായുള്ള ശ്രമങ്ങൾ തുടങ്ങി. നാളെ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകുമെന്നാണ് സൂചന. പ്രതികൾ ഇന്നലെ അഞ്ചു മണി വരെ മരോട്ടി ചുവിടലെ റസ്റ്റോറന്റിൽ ഉണ്ടായിരുന്നിട്ടും കസ്റ്റഡിയിൽ എടുക്കാതിരുന്നത് ഒത്തു കളിയാണെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഐപിസി 341, 323, 324 , 294 ബി , 35 തുടങ്ങിയ വകുപ്പുകളാണ് നാല് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം ബോയ്ക്കോട്ട് താൽ എന്ന ഹാഷ് ടാങ്കിൽ സോഷ്യൽ മീഡിയയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. യുബർ ഈറ്റ്സ്, സ്വിഗ്ഗി, സൊമാറ്റൊ തുടങ്ങിയ ഓൺലൈൻ ഭക്ഷണ വിതരക്കാർ താൽ റസ്റ്റോറന്റിനെ ബാൻ ചെയ്തു. തുടർച്ചയായ പ്രതിഷേധങ്ങളുടേയും പൊലീസ് കാവലിന്റേയും പഴകിയ ഭക്ഷണങ്ങൾ തൃപ്പൂണിത്തുറ നഗരസഭയുടെ ഭക്ഷ്യ സുരക്ഷാ വിഭാഗം പിടിച്ചെടുത്തതിന്റെയും പശ്ചാത്തലത്തിൽ റസ്റ്റോറന്റിലേക്ക് എത്തുന്നവരുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. താൽ റസ്റ്റോറന്റിൽ നിന്ന് ഊബർ ഈറ്റ്സിൽ ബിരിയാണിക്ക് ഓർഡർ കിട്ടിയ ജവഹർ അവിടേക്ക് എത്തുമ്പോൾ ഹോട്ടലിലെ മുൻവശത്തുള്ള റോഡിലിട്ട് ഒരാളെ മർദ്ദിക്കുന്ന രംഗം ആണ് കാണുന്നത്. നിരവധി ആളുകൾ ഇത് കൂടിനിന്ന് കാണുന്നുണ്ടെങ്കിലും ആരും പിടിച്ചുവെക്കാൻ തയ്യാറാകുന്നില്ല . ഈ സമയത്താണ് ജവഹർ വിഷയത്തിൽ ഇടപെടുന്നത് . മർദ്ദിക്കുന്ന ആളെ പിടിച്ചു വെച്ചു കൊണ്ട് വിഷയം അവസാനിപ്പിച്ചു. തുടർന്ന് ഹോട്ടലിലേക്ക് കയറി ഓഡർ ഡെലിവറിക്ക് ആളെത്തിയിട്ടുണ്ടെന്ന് അറിയിച്ചു. ഒപ്പം കൗണ്ടറിൽ ഉണ്ടായിരുന്ന ജീവനക്കാരനോട് ഹോട്ടലിന് മുന്നിൽ നടക്കുന്ന സംഭവത്തിൽ നിങ്ങളെന്താ ഇടപെടാത്തത് എന്ന് ആരാഞ്ഞു . എന്നാൽ ഹോട്ടലിലെ മുതലാളിയുടെ ഇളയമകൻ ജീവനക്കാരനെ മർദ്ദിക്കുന്നതിൽ ഞങ്ങൾക്ക് ഇടപെടാനാകില്ല എന്നായിരുന്നു കൗണ്ടറിലെ ജീവനക്കാരന്റ മറുപടി.

തുടർന്ന് ജവഹർ ഓർഡറിനായി നൽകി കാത്തിരുന്നു. വളരെ പെട്ടെന്നാണ് ഹോട്ടലിലെ ജീവനക്കാരനെ മർദ്ദിച്ച ഉടമയുടെ ഇളയമകൻ എത്തി ജവഹറിനോട് തട്ടിക്കയറിയത്. '40 ലക്ഷം രൂപ ചെലവിട്ട് ഞാനുണ്ടാക്കിയ ഹോട്ടലിൽ എനിക്ക് ഇഷ്ടമുള്ളത് ചെയ്യും നീയാരാടാ ചോദിക്കാൻ എന്നു പറഞ്ഞുകൊണ്ടായിരുന്നു' ജവഹറിനോട് ആക്രോശിച്ചത്. ഒരു പാവം മനുഷ്യനെ വഴിയിലിട്ട് തല്ലുന്നത് കണ്ടപ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രതികരണം മാത്രമാണ് തന്നെ ഭാഗത്തുനിന്നുണ്ടായതെന്ന് ജവഹർ പറഞ്ഞു. ആരെ തല്ലുന്നത് കണ്ടാലും നി പ്രതികരിക്കുമോടാ എന്ന് ചോദിച്ചു കൊണ്ടായിരുന്നു തുടർന്നുള്ള പ്രകോപനം. അടിക്കാൻ ധൈര്യം ഉണ്ടെങ്കിൽ അടിക്കെടാ എന്നുപറഞ്ഞുകൊണ്ട് പിടിച്ചുതള്ളി മുഖത്തും തലയിലും പിടിച്ചുകൊണ്ട് തുടർച്ചയായി പ്രകോപിപ്പിച്ചു. ഈ സമയം പ്രശ്നങ്ങളുണ്ടാക്കാൻ താനില്ലെന്ന് പറഞ്ഞുകൊണ്ട് ഹോട്ടൽ ഉടമയുടെ മകനെ തള്ളിയിട്ട് ഇറങ്ങാൻ ശ്രമിച്ചെങ്കിലും പിന്നീട് മറ്റ് ജീവനക്കാരും ഉടമയുടെ മകനും ചേർന്ന് ഹോട്ടലിന് അകത്തു കൊണ്ട് പോയി മർദ്ദിക്കുകയായിരുന്നു.

ഇടയ്ക്ക് മർദ്ദനം നിർത്തിയപ്പോൾ ജവഹർ റസ്റ്റോറന്റ് പുറത്തേക്കിറങ്ങി ബൈക്കിൽ കയറി പോകാൻ ശ്രമിച്ചെങ്കിലും ഇവർ തടഞ്ഞു. പിന്നാലെ ഹോട്ടലുടമയുടെ മൂത്തമകനും സംഘവും എത്തി വീണ്ടും മർദ്ദിച്ചു. ഏകദേശം അര മണിക്കൂറിലധികം തുടർച്ചയായ മർദ്ദനമേറ്റുവെന്നാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ജവഹർ മറുനാടൻ മലയാളിയോട് പറഞ്ഞത്. ഊബർ ഈറ്റ്സ് ഡെലിവറിയക്കായി റസ്റ്റോറന്റിൽ എത്തിയ ജവഹർ ഓർഡർ ലഭിക്കാൻ വൈകിയതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ അങ്ങോട്ട് കയറി മർദ്ദിക്കുകയായിരുന്നുവെന്നാണ് റസ്റ്റോറന്റ് ഉടമ പൊലീസിൽ നൽകിയ കൗണ്ടർ പരാതി. എന്നാൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ എല്ലാം വ്യക്തമാകുമെന്നാണ് ജവഹർ മറുനാടനോട് പറഞ്ഞത്. മലപ്പുറം സ്വദേശിയായ ജവഹർ തൊഴിൽ തേടിയാണ് കൊച്ചിയിലെത്തുന്നത് . തുടർന്ന് തൊഴിലിനൊപ്പം കൊച്ചിയിലെ സാംസ്‌കാരിക മേഖലയിലും ജവഹർ നിറസാന്നിധ്യമാണ്. പ്രളയ കാലഘട്ടത്തിൽ ജവഹറും സുഹൃത്തുക്കളും നടത്തിയ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏറെ പ്രശംസപിടിച്ചുപറ്റിയിരുന്നു.

മുഴുവൻ സമയ ഊബർ തൊഴിലാളിയായിരുന്ന ജവഹർ ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി സമയം ചെലവിടാനാണ് ഇപ്പോൾ ജോലി പാർട്ടൈം ആക്കിയത് .ഏതാനും ദിവസങ്ങളായി നിർത്തിവച്ചിരുന്ന ജോലി തിങ്കളാഴ്ചയാണ് വീണ്ടും തുടങ്ങുന്നത്. ഹോട്ടൽ ജീവനക്കാരും ഉടമയുടെ മക്കളും ചേർന്ന് നടത്തിയ മർദ്ദനത്തിൽ ജവഹറിന്റെ പുറത്തും ദേഹത്ത് ആകമാനവും നീർക്കെട്ടുണ്ട്. ചെവിയുടെ ഡയഫ്രത്തിന് പരിക്ക് പറ്റിയിട്ടുണ്ടെന്നാണ് പരിശോധനയിൽ വ്യക്തമായത്.