തിരുവനന്തപുരം: വെന്റിലേറ്ററിൽ കിടക്കുന്ന മുത്തശ്ശിയെന്ന വിശേഷണമുള്ള കെഎസ്ആർടിസിയെ ഇന്നത്തെ അവസ്ഥയിൽ നിന്നും കരകയറ്റി എല്ലാം ശരിയാക്കാനാണ് പിണറായി സർക്കാർ ടോമിൻ ജെ തച്ചങ്കരിയെ കെഎസ്ആർടിസി എംഡിയായി നിയോഗിച്ചത്. പുത്തൻ പരിഷ്‌കാരങ്ങളിലൂടെ നഷ്ടത്തിലോടുന്ന പ്രസ്ഥാനത്തെ കരകയറ്റാൻ തച്ചങ്കരി തന്നാലാവുന്നവിധം പണിയെടുക്കുന്നുമുണ്ട്. എന്നാൽ ഇപ്പോൾ തച്ചങ്കരി കൊണ്ട് വന്ന ചില പരിഷ്‌കാരങ്ങൾക്കെതിരെ മുമ്പില്ലാത്തവിധം ഐക്യത്തിലാണ് വിവിധ ട്രേഡ് യൂണിയനുകൾ. പരിഷ്‌കാരത്തിന്റ പുതിയ പല പതിപ്പുകളും തച്ചങകരി ആവിഷ്‌കരിച്ചതാണ് ഇപ്പോൾ യൂണിയൻ നേതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്.

ട്രാൻസ്‌പോർട്ട് ഭവൻ,കെ.എസ്.ആർ.ടി.സി ഡിപ്പോകൾ,വർക്ക്‌ഷോപ്പുകൾ എന്നിവിടങ്ങളിൽ പ്രകടനം മൈക്ക് ഉപയോഗിച്ചുകൊണ്ടുള്ള പരിപാടികൾ,ധർണ എന്നിവ വിലക്കി എം.ഡി ടോമിൻ ജെ. തച്ചങ്കരി പുറത്തിറക്കിയ ഉത്തരവിനെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രതിഷേധിച്ചു.ഇന്നലെ ട്രാൻസ്‌പോർട്ട് ഭവനിൽ പ്രതിഷേധ പ്രകടനം നടത്തിയവർ ഉത്തരവിന്റെ കോപ്പി കത്തിച്ചാണ് തച്ചങ്കരിക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്തിയത്. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ, എംപ്ലോയീസ് യൂണിയൻ, ട്രാൻസ്‌പോർട്ട് ഡെമോക്രാറ്റിക് ഫെഡറേഷൻ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം എന്നതാണ് സവിശേഷത.

പണിയെടുക്കാതെ യൂണിയൻ പ്രവർത്തനമെന്നും പൊതുയോഗമെനന്ും പറഞ്ഞ് നടക്കുന്നവരുടെ സുഖ സൗകര്യങ്ങളിൽ എംഡി കൈവെച്ചതോടെയാണ് വല്ലാത്ത ഒരുമ ഉടലെടുത്തത്.കെഎസ്ആർടിസിയുടെ പല യൂണിറ്റ് ഓഫീസുകൾ സന്ദർശിച്ചാൽ യൂണിയൻ ഓഫീസുകളാണോ എന്ന് തോന്നിപ്പിക്കുന്ന അവസ്ഥയാണ്. യൂണിയൻ കൊടികളും പോസ്റ്ററുകളും ഒക്കെ നിറഞ്ഞ് കിടക്കുന്നത് പൊതുജനങ്ങൾ ഏറ്റവും അധികം ആശ്രയിക്കുന്ന ഒരു സ്ഥാപനത്തിലാണെന്നതാണ് പ്രത്യേകത.

പല യൂണിറ്റുകളിലെയും ജീവനക്കാർക്കും സ്റ്റേഷൻ മാസ്റ്റർമാർക്കും എന്തിനേറെ മുൻപ് ഉണ്ടായിരുന്ന പല എംഡിമാർ പോലും യൂണിയൻ നേതാക്കളുടേയും പ്രവർത്തകരുടേയും ചെയ്തികളിൽ യോജിപ്പില്ലെങ്കിലും നേതാക്കളുടെ രാഷ്ട്രീയ സ്വാധീനത്തെ ഭയന്ന് എതിർപ്പ് പ്രകടിപ്പിക്കാറില്ല. എന്നാൽ അവിടെയാണ് ഇപ്പോൾ തച്ചങ്കരി കൈവെച്ചിരിക്കുന്നത്. എന്നാൽ തനിക്കെതിരെ ഇരു വിഭാഗം യൂണിയനുകളും ഒരുമിച്ച് നിൽക്കുന്നുെവങ്കിലും മറ്റ് ജീവനക്കാരോട് ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്ന സന്ദേശമാണ് എംഡി നൽകുന്നത്.

തനിക്കെതിരെ യൂണിയൻ നേതാക്കൾ എത്ര ചാടിയാലും മുഖ്യമന്ത്രിയുടേയും സർക്കാരിന്റേയും പിന്തുണ തനിക്കാണെന്ന പ്രതീതി നിലനിർത്തി തന്നെയാണ് തച്ചങ്കരി മുന്നോട്ട് പോകുന്നത്. വിവധ കോണുകളിൽ നിന്നും എതിർപ്പുകളുണ്ടെങ്കിലും കെഎസ്ആർടിസിയെ നേരെയാക്കണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം തച്ചങ്കരിക്ക് പരസ്യ പിന്തുണയുമായി രംഗതെത്തിയിട്ടുമുണ്ട്. തച്ചങ്കരിക്ക് അഭിവാദനങ്ങൾ അറിയിച്ച കവിത രചിച്ചിരിക്കുകയാണ് കരുനാഗപ്പള്ളി യൂണിറ്റിലെ ജീവനക്കാരൻ. മാറാലകൾ മാറ്റി മാഞ്ഞ് പോകാതെ കാക്കാൻ തച്ചങ്കരിക്ക് കഴിയും എന്നാണ് ഇവർ അവകാശപ്പെടുന്നത്.

അതേ സമയം പ്രതിസന്ധിഘട്ടത്തിലും പുത്തൻ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോവുകയാണ് തച്ചങ്കരി. ആദ്യ കാലത്ത് അക്ഷരാഭ്യാസമില്ലാത്ത യാത്രക്കാർക്ക ഒരു സഹായമാകുന്നതിനായിട്ടാണ് അനൗൺസ്‌മെന്റ് സംവിധാനം സ്‌റ്റേഷനുകളിൽ ഏർപ്പെടുത്തിയത്. എന്നാൽ ഇന്ന് ആധുനിക കാലഘട്ടത്തിൽ അതിന്റെ ആവശ്യം ഇല്ലെന്ന് തിരിച്ചറിഞ്ഞ് അത് നിർത്തലാക്കാനുറച്ചിരിക്കുകയാണ് തച്ചങകരി. ഈ പണി ചെയ്യുന്ന ജീവനക്കാരെ മറ്റ് വിഭാഗത്തിലേക്ക് മാറ്റാമെന്നും തച്ചങകരി കണക്ക് കൂട്ടുന്നു.