തിരുവനന്തപുരം: കയ്യടി വാങ്ങാനും പേരെടുക്കാനും പത്രങ്ങളിൽ ഫോട്ടോ വരാനും അധികാരം ഉപയോഗിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരല്ല സേനയ്ക്ക വേണ്ടതെന്ന് എ.ഡി.ജി.പി. ടോമിൻ ജെ. തച്ചങ്കരി. മുൻ ഡിജിപി ടിപി സെൻകുമാറിനെ പരോക്ഷമായി വിമർശിച്ച തച്ചങ്കരി. വീട്ടിൽ പറയേണ്ടത് വഴിയിൽ പറയേണ്ടതില്ലെന്നും പറഞ്ഞു. കൊല്ലത്ത് പൊലീസ് അസോസിയേഷൻ പരിപാടിയിൽ സംസാരിക്കുകയായിരുന്നു തച്ചങ്കരി.

അധികാരം സ്വന്തം പേരുണ്ടാക്കാനുള്ളതല്ല. ഏറ്റവും കൂടുതൽ മനോരോഗികകളുള്ള സർക്കാർ വകുപ്പ് ഏതാണെന്ന് ചോദിച്ചാൽ പറയാൻ കഴിയില്ല. പൊലീസ് വകുപ്പിൽ അഞ്ച് ശതമാനം ക്രിമിനലുകളുണ്ടെന്ന് പറഞ്ഞാൽ അത് എങ്ങിനെയാണ് കണക്കു കൂട്ടുന്നതെന്ന് മനസിലാകുന്നില്ല. ഞാൻ മാത്രം ശരി മറ്റുള്ളവരെല്ലാം തെറ്റ് എന്ന ചിന്ത ഒരു തരം മാനസിക രോഗമാണ്. പൊലീസ് സേനയുടെ ആനുകൂല്യങ്ങൾ കൈപ്പറ്റി പുറത്ത് പോയ ശേഷം വിമർശിക്കരുത്. കളിയിൽ ഒരാളെ റഫറിയായി തിരഞ്ഞെടുത്താൽ അയാൾ കളിയിൽ നിരന്തരം കാർഡുകൾ കാണിച്ചു കൊണ്ടിരുന്നാൽ ആ കളി എന്താകുമെന്ന് പറയേണ്ടതില്ലല്ലോ.. ഗാലറിയിലിരിക്കുന്നവരുടെ ഇഷ്ടത്തിനല്ല റഫറി കാർഡ് കാണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ റിട്ടയർമെന്റെന്നാൽ വിശ്രമ ജീവിതമായിരുന്നു. എന്നാൽ പുതിയ രീതി പുസ്തകം എഴുത്താണ്. റിട്ടയർമെന്റിന് ശേഷം എന്തും പറയാമെന്നതാണ് പലരുടേയും ധാരണ. എന്നാൽ ഈ രീതി ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

ഡി.ജി.പി സ്ഥാനത്ത് നിന്ന് വിരമിച്ച സെൻകുമാർ തച്ചങ്കരിക്കെതിരെ രൂക്ഷമായ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കള്ളനെയാണ് പൊലീസ് ആസ്ഥാനം ഏൽപിച്ചിരിക്കുന്നതെന്നും തച്ചങ്കരിക്കെതിരായ അന്വേഷണത്തിന്റെ ഫയലുകൾ ആസ്ഥാനത്ത് നിന്ന് കടത്തിയെന്നുമായിരുന്നു സെൻകുമാറിന്റെആക്ഷേപം