- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആനപ്പുറത്ത് കയറിയാൽ പട്ടിയെ പേടിക്കണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവർത്തനം; കെ എസ് ആ ർ ടി സിയിലും സിഐടിയു പരിധി വിടുന്നു; ഗണേശ് കുമാർ ദൈവത്തിന് നന്ദി പറയുന്നത് ഈ സാഹചര്യം ഒഴിവായ സന്തോഷത്തിൽ; നാളെ ശമ്പളം കൊടുക്കുമെന്ന് മാനേജ്മെന്റും; ആന്റണി രാജുവിനെ മന്ത്രിയാക്കിയത് ആര്?
തിരുവനന്തപുരം: കെ എസ് ഇ ബിയെ ലാഭത്തിലാക്കിയിട്ടും സിഐടിയു വിമർശനം നേരിടുന്ന എംഡി ബി ആശോക്. കെ എസ് ആർ ടി സിയിൽ കാര്യം മറിച്ചാണ്. ഇവിടേയും കെ എസ് ഇ ബിയെ പോലെ മന്ത്രിയും സിഎംഡിയും വിമർശന മുനയിലാണ്. ശമ്പളം വിതരണം ചെയ്യാത്തതിൽ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി ആന്റണി രാജുവിനും കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിനുമെതിരെ സിപിഎം അനുകൂല സംഘടനയായ കെഎസ്ആർടിഇഎ (സിഐടിയു) രംഗത്ത് വന്നു. വലിയ പ്രതിസന്ധിയിലാണ് കെ എസ് ആർ ടി സി. വിഷുവിനും ഈസ്റ്ററിനും പോലും ശമ്പളമില്ലാ അവസ്ഥ. എന്തുവന്നാലും നാളെ ശമ്പളം കൊടുക്കുമെന്നാണ് മാനേജ്മെന്റിന്റെ പ്രഖ്യാപനം.
ആനപ്പുറത്ത് കയറിയാൽ പട്ടിയെ പേടിക്കണ്ട എന്ന നിലയിലാണ് മന്ത്രിയുടെ പ്രവർത്തനമെന്നും തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്റണി രാജു മന്ത്രിയായതെന്നും അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണെന്നും സംസ്ഥാന സെക്രട്ടറി വി.ശാന്തകുമാർ തുറന്നടിച്ചു. അതായത് ആന്റണി രാജുവിനെ പ്രത്യേക താൽപ്പര്യ പ്രകാരം യൂണിയനാണ് മന്ത്രിയാക്കിയതെന്ന് പറയുകയാണ് നേതാവ്. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയാകാൻ കഴിയാത്തതിൽ കെബി ഗണേശ് കുമാർ ദൈവത്തിന നന്ദി പറഞ്ഞിരുന്നു. ഗണേശ് കുമാർ മന്ത്രിയാകുന്നതിനെതിരെ ചില കളികൾ നടന്നിരുന്നു. ഇതേ തുടർന്നാണ് ആന്റണി രാജു മന്ത്രിയായത്.
'ആന്റണി രാജുവിനു കുറച്ചു കാലത്തേക്കെങ്കിലും കിട്ടിയ മന്ത്രിപ്പണിയാണെന്ന കാര്യം ഓർമ വേണം. ആനപ്പുറത്ത് കയറിയാൽ പിന്നെ പട്ടിയെ പേടിക്കേണ്ട എന്ന പോലെ മന്ത്രിപ്പണി കിട്ടിയാൽ ഇത് ആജീവനാന്തമാണെന്നുള്ള വ്യാമോഹത്തോടും അഹങ്കാരത്തോടും തൊഴിലാളികളുടെ നെഞ്ചത്ത് കയറാൻ വന്നാൽ അതു വകവച്ചു കൊടുക്കില്ല. ശമ്പളവിതരണം ഉറപ്പാക്കേണ്ട ഉത്തരവാദിത്തം മന്ത്രിക്കാണ്. ഒരു മാസത്തെ ശമ്പളം ആഘോഷവേളയിൽ പോലും നൽകിയിട്ടില്ല. ശമ്പളം വൈകുന്നതിനു പിന്നിൽ മന്ത്രിയുടെ കെടുകാര്യസ്ഥതയാണ്. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ കെഎസ്ആർടിസി എംഡി രാജിവയ്ക്കണമെന്നും ശാന്തകുമാർ പറഞ്ഞു.
വിഷുവിനു പിന്നാലെ ഈസ്റ്ററിനും കെഎസ്ആർടിസിയിൽ ശമ്പളം മുടങ്ങിയതാണ് പ്രശ്ന കാരണം. സർക്കാർ 30 കോടി അനുവദിച്ചിട്ടും ട്രഷറിയിൽ നിന്നു കെഎസ്ആർടിസിയുടെ ബാങ്ക് അക്കൗണ്ടിൽ ഇതു വരെ തുക എത്തിയിട്ടില്ല. ഇന്നലെ തുക അക്കൗണ്ടിൽ എത്തിയെങ്കിൽ ചെറിയ ഗഡുക്കളായി ജീവനക്കാർക്ക് വിതരണം ചെയ്യാനായിരുന്നു മാനേജ്മെന്റിന്റെ ആലോചന. അക്കൗണ്ടിൽ തുക എത്തിയാൽ മറ്റന്നാൾ ശമ്പളം വിതരണം ചെയ്യുമെന്നാണ് അറിയുന്നത്. തുടർച്ചയായ അവധിദിനങ്ങളെ തുടർന്നാണ് കെഎസ്ആർടിസി അക്കൗണ്ടിൽ തുക എത്താത്തത്. ശമ്പളം മുടങ്ങിയതോടെ കെഎസ്ആർടിസി മാനേജ്മെന്റിനെതിരെ ഭരണപ്രതിപക്ഷ യൂണിയനുകൾ ഒന്നടങ്കം പ്രക്ഷോഭത്തിലാണ്.
ആരോപണവും സമരവും തുടരുമ്പോഴും ജീവനക്കാർക്ക് ശമ്പളം എന്നു ലഭിക്കുമെന്നതിൽ സർക്കാരിനു വ്യക്തതയില്ല. അനുവദിച്ച 30 കോടി തികയാത്തതും അവധി ദിവസങ്ങൾ തുടരുന്നതുമാണ് കാരണം. ശമ്പളവും കുടിശിക നൽകാൻ 82 കോടിയാണ് കെഎസ്ആർടിസിക്കു വേണ്ടത്. 75 കോടിയാണ് ആവശ്യപ്പെട്ടതെങ്കിലും 30 കോടിയാണ് സർക്കാർ അനുവദിച്ചത്. ഈ തുക തികയാത്ത സാഹചര്യത്തിൽ 42 കോടി രൂപ ഓവർഡ്രാഫ്റ്റായി എടുക്കും. അതായത് കടം കൂടും. ഗുരുതര പ്രതിസന്ധിയായിട്ടും അനങ്ങാപ്പാറ നയമാണ് ഗതാഗത വകുപ്പിനെന്നാണു ഭരണാനുകൂല യൂണിയനുകളുടെ ആരോപണം. വകുപ്പിനു മുൻപാകെ പരാതികളെത്തുമ്പോൾ നോക്കാമെന്നു പറഞ്ഞ് വകുപ്പു മന്ത്രി ഒഴിവാകുകയാണെന്നും യൂണിയനുകൾ ആരോപിക്കുന്നു.
സിഐടിയുവിനു പിന്നാലെ എഐടിയുസിയുടെ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ കൂടി പ്രക്ഷോഭം ആരംഭിച്ചതോടെ ഭരണാനുകൂല സംഘടനകളെല്ലാം പ്രത്യക്ഷ സമരത്തിലാണ്. എല്ലാ മാസവും അഞ്ചിനു മുൻപ് ശമ്പളം വിതരണം ചെയ്യുക, ശമ്പള കരാർ പൂർണമായും നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോൺഗ്രസ് അനുകൂല സംഘടനയായ ട്രാൻസ്പോർട്ട് ഡെമോക്രാറ്റിക് ഫ്രണ്ട് നാളെ മുതൽ സെക്രട്ടേറിയറ്റ് പടിക്കൽ അനിശ്ചിതകാല സത്യഗ്രഹം നടത്തും. അടുത്ത മാസം 6ന് പണിമുടക്കിനും തിരുവനന്തപുരത്ത് കൂടിയ യോഗം ആഹ്വാനം ചെയ്തതായി വർക്കിങ് പ്രസിഡന്റ് ആർ.ശശിധരൻ അറിയിച്ചു.
കെഎസ്ആർടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) വിഷു ദിനത്തിൽ സംസ്ഥാനത്തെ 92 ഡിപ്പോകൾക്കു മുന്നിൽ പട്ടിണിക്കഞ്ഞി വച്ച് പ്രതിഷേധിച്ചതായി ജനറൽ സെക്രട്ടറി കെ.എൽ.രാജേഷ് പറഞ്ഞു. നാളെ സെക്രട്ടേറിയറ്റിലേക്കും ജില്ലാ ഡിപ്പോകളിലേക്കു മാർച്ച് നടത്തും. പ്രക്ഷോഭങ്ങൾക്കു പിന്നാലെ 28 ന് സിഐടിയു, എഐടിയുസി, ബിഎംഎസ് എന്നിവർ പണിമുടക്കിനും നോട്ടിസ് നൽകി.
മറുനാടന് മലയാളി ബ്യൂറോ