- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വടക്കൻ കേരളത്തിൽ ഐഎസ്ഐ ബന്ധമുണ്ടെന്ന് കരസേനാ മേധാവി അറിയിച്ചിട്ടും ആരും ചെവികൊടുത്തില്ല; തടിയന്റവിട നസീർ വേരു പടർത്തി; ഐഎസിലേക്കു നേരിട്ടുള്ള റിക്രൂട്ട്മെന്റ് വരെയെത്തിയപ്പോൾ തീവ്രവാദം കൈവിട്ടുപോയി
കണ്ണൂർ: പാക് ചാരസംഘടനയായ ഐ.എസ്.ഐ. കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ആദ്യ സൂചന ലഭിച്ചത് 2005 ൽ. 2005 ഡിസംബർ മാസം കരസേനയുടെ ദക്ഷിണേന്ത്യൻ മേധാവി മേജർ ജനറൽ ശിവശങ്കറാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവർത്തിക്കാൻ അന്നത്തെ ഭരണകൂടമോ പൊലീസോ തയ്യാറായില്ലെന്നതാണ് വസ്തു
കണ്ണൂർ: പാക് ചാരസംഘടനയായ ഐ.എസ്.ഐ. കണ്ണൂർ, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ പ്രവർത്തനം നടത്തുന്നുണ്ടെന്ന് ആദ്യ സൂചന ലഭിച്ചത് 2005 ൽ. 2005 ഡിസംബർ മാസം കരസേനയുടെ ദക്ഷിണേന്ത്യൻ മേധാവി മേജർ ജനറൽ ശിവശങ്കറാണ് ഈ വെളിപ്പെടുത്തൽ നടത്തിയത്.
എന്നാൽ ഇക്കാര്യം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവർത്തിക്കാൻ അന്നത്തെ ഭരണകൂടമോ പൊലീസോ തയ്യാറായില്ലെന്നതാണ് വസ്തുത. മജ്‌ലിസ് തർബിയത്തുൽ മുസ്ലിമിൻ എന്ന സംഘടനയിൽ അബ്ദുൾ നാസർ മഅദനി പ്രവർത്തിക്കുമ്പോൾതന്നെ അതിന് തീവ്രവാദ സ്വഭാവമുണ്ടായിരുന്നു. തടിയന്റവിടെ നസീറും കൂട്ടാളികളും ഈ സംഘടനയിലൂടെ ഭീകരവാദ പ്രവർത്തനത്തിന് തുടക്കമിടുകയും ചെയ്തു. ഐ.എസ്.ഐ എന്നപേരിൽ പ്രവർത്തിച്ച് വിദേശ സഹായവും ആയുധമുൾപ്പെടേയും ഇവർ സ്വീകരിച്ചതായി അന്ന് ആരോപണമുണ്ടായിരുന്നു. ഐ.എസ്.ഐ.നിരോധിച്ചപ്പോൾ മജ്‌ലിസ് തർബിയത്തുൽ മുസ്ലിമിൻ എം ടി.എം.എന്ന ചുരുക്കപ്പേരിലാണ് പ്രവർത്തിച്ചത്. ഇങ്ങനെ സാഹചര്യമനുസരിച്ച് പേരുമാറ്റം നടത്തുമ്പോഴും ദക്ഷിണേന്ത്യയോളം തീവ്രവാദം വളരുകയായിരുന്നു.
കോയമ്പത്തൂർ ബോംബ് സ്‌ഫോടനം അന്വേഷിക്കാൻ കണ്ണൂരിലെത്തിയ തമിഴ്‌നാട്ടിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് തീവ്രവാദ പ്രസ്ഥാനത്തിന് കേരളവും പ്രത്യേകിച്ച് കണ്ണൂരും ആളും അർത്ഥവും നൽകുന്നുണ്ടെന്ന് കണ്ടെത്തിയത്. എന്നാൽ കേരളത്തിനു പുറത്തുള്ള അന്വേഷണ ഏജൻസികൾക്ക് തീവ്രവാദ പ്രവർത്തനം നടത്തുന്നവരെക്കുറിച്ചുള്ള വസ്തുതകൾ മറച്ചുവയ്ക്കുന്നതും കേരള പൊലീസിൽ പതിവായിരുന്നു. ഇത്തരം ഒരു അലംഭാവമാണ് മത തീവ്രവാദം വളർന്ന് പന്തലിക്കാൻ കാരണമായത്.
ദക്ഷിണേന്ത്യയിൽ നിന്നും ഇന്ത്യ മുഴുവനുമായും രാജ്യാന്തര ബന്ധത്തിലും എത്തിച്ചേർന്ന മതഭീകരവാദം വളർന്നത് മുളയിൽ നുള്ളാത്തതിന്റെ കുഴപ്പമായിരുന്നു. ഫുട്‌ബോൾ കളിക്കാരുടെ നാടെന്ന് അറിയപ്പെടുന്ന കണ്ണൂർ സിറ്റിയിലും പരിസരത്തുനിന്നുമായി അരഡസനിലേറെ ചെറുപ്പക്കാർ കാശ്മീർ താഴ്‌വരവരെയെത്തി രാജ്യത്തിനെതിരെ അക്രമം നടത്താൻ തയ്യാറാവുകയും അവരിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തതോടെയാണ് കണ്ണൂരും കേരളവും തീവ്രവാദത്തിൽ കാശ്മീരിന് തൊട്ടുപിറകിലാണെന്ന് ലോകം അറിഞ്ഞത്.
1995 ൽ മലപ്പുറം കൂമൻകൊല്ലിപ്പാലത്തിനു സമീപമാണ് തീവ്രവാദികൾ ഉപയോഗിച്ചു വരുന്ന പൈപ്പ് ബോംബ് ആദ്യമായി കണ്ടെത്തിയത്. ഈ സമയം തന്നെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പല സമ്മർദ്ദങ്ങൾക്കും വഴങ്ങി പൊലീസ് ഇതെല്ലാം അവഗണിക്കുകയായിരുന്നു. 1999 ൽ കോഴിക്കോട് കടലുണ്ടിപ്പുഴയിലും ബോബ് ശേഖരം കണ്ടപ്പോഴും പൊലീസ് സമീപനം പതിവു പോലെതന്നെയായിരുന്നു. 2006 ൽ കോഴിക്കോട് മാവൂർ റോഡിലെ ഇരട്ട സ്‌ഫോടനത്തോടെ തീവ്രവാദ പ്രവർത്തനം കേരളത്തിൽ ശക്തമായതായി വിവരം ലഭിച്ചു. ടൈമർ ഘടിപ്പിച്ചു കൊണ്ട് ബോംബ് സ്‌ഫോടനം നടത്താനുള്ള സാങ്കേതികത്വം കേരളത്തിൽ ആദ്യമായി പരീക്ഷിച്ചത് കോഴിക്കോട്ടായിരുന്നു. കേരളത്തിനകത്തും പുറത്തും പിന്നീട് അക്രമപരമ്പരകൾ അരങ്ങേറുകയായിരുന്നു.
2005 ഡിസംബർ 6 ന് കണ്ണൂർ ജില്ലയിലെ നാറാത്ത് അത്യുഗ്രശേഷിയുള്ള പൈപ്പ് ബോംബുകൾ പിടികൂടിയിട്ടും പൊലീസിന്റെ വീഴ്ച മൂലം കുറ്റക്കാരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾപോലും ലഭിച്ചിരുന്നില്ല. കേരളത്തിനകത്തും പുറത്തും അക്രമ പരമ്പരകൾ സൃഷ്ടിക്കുന്ന തീവ്രവാദികളുടെ കേന്ദ്രം കേരളമാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും നടപടികളൊന്നുമുണ്ടായില്ല. ആലുവയിലും കോഴിക്കോട്ടും കണ്ണൂരും ഉള്ളവരാണ് ഇത്തരം അക്രമസംഭവങ്ങൾക്ക് നേതൃത്വം വഹിക്കുന്നതെന്ന് തെളിഞ്ഞിട്ടുണ്ട്. 1999 ലെ മുബൈ സ്‌ഫോടനത്തിന്റെ പിറകിലും പ്രവർത്തിച്ചത് ഒരു മലയാളി എഞ്ചിനീയറായിരുന്നു.
കാശ്മീരിൽ ഭീകര പ്രവർത്തനത്തിന് കേരളത്തിൽ നിന്നും യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിൽ മുഖ്യ കണ്ണിയായ സൈനുദ്ദീനെ ചോദ്യം ചെയ്തപ്പോൾ വ്യക്തമായത് സംസ്ഥാനത്തിനകത്തും പുറത്തും ഭീകരവാദ പ്രവർത്തനത്തിന് തടിയന്റവിടെ നസീറിനോടൊപ്പം ഇയാൾ പ്രവർത്തിച്ചിട്ടുണ്ടെന്നാണ്. തീവ്രവാദക്കേസിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 200 സാക്ഷികളെ വിസ്തരിച്ചിരുന്നു. കണ്ണൂർ എടക്കാട് മുതൽ കാശ്മീർ വരെയുള്ള പൊലീസുകാരും സാധാരണക്കാരും ഇതിൽ സാക്ഷികളായിരുന്നു. കാശ്മീർ തീവ്രവാദികൾക്ക് കേരളത്തിൽ നിന്നും ആളുകളെ സംഭാവന ചെയ്യുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജമ്മു കാശ്മീർ പൊലീസ് തന്നെ 2008 ൽ കേരളാ പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. കാലം മാറി. ഇന്ന് ഐ.എസിലേക്ക് നേരിട്ട് യുവാക്കൾ പോകുന്നുണ്ടെന്ന വിവരമാണ് ഇന്റലിജൻസ് വിഭാഗത്തിന് ലഭിച്ചിട്ടുള്ളത്.