പത്തനംതിട്ട: വി-കോട്ടയം മുപ്രമൺ ഗ്രാമം മറ്റൊരു നന്ദിഗ്രാമോ, നർമദയോ, കീഴാറ്റുരോ ആണ്. നാടിന്റെ കാവൽമലയായ തുടിയുരുളിപ്പാറയുടെ ചുവട്ടിൽ പൂത്തുവിടർന്ന് നിന്നിരുന്നു ആ ഗ്രാമം. അവിടേക്ക് ജാക്ക്ഹാമറും വെടിമരുന്നുമായി അമ്പാടി ഗ്രാനൈറ്റ്സ് എന്ന ക്രഷർ യൂണിറ്റ് എത്തുമ്പോൾ അന്നാട്ടുകാർ ഒരിക്കലും കരുതിയില്ല, അത് നാടിന് മേൽ പതിക്കാൻ തയ്യാറെടുക്കുന്ന അണുബോംബാണെന്ന്. പാറ പിളർത്തി ക്രഷർ യൂണിറ്റിലേക്ക് കയറ്റുമ്പോൾ നാടു വിറച്ചു. നാട്ടുകാർ നിത്യരോഗികളായി. പരാതിയും കണ്ണീരും പ്രതിഷേധവും ഉയർത്തി നാട് പ്രതിരോധിച്ചു. പക്ഷേ, ജനപ്രതിനിധികളും രാഷ്ട്രീയക്കാരും പാറമടക്കാരന്റെ കാശുവാങ്ങി അയാൾക്കൊപ്പം നിന്ന് നാട്ടുകാരെ തോൽപ്പിച്ചു. ഇനിയും കനത്ത ദുരിതം ഏറ്റുവാങ്ങാൻ കഴിയാതെ ഗ്രാമവാസികൾ മുപ്രമൺ ഉപേക്ഷിക്കുകയാണ്. ദൂരെ ഏതോ തീരം തേടിയുള്ള അനന്തയാത്രയുടെ തുടക്കം.

പാറമടയിൽ നിന്നും സ്ഫോടന ശബ്ദം ഉയരും മുമ്പേ മുപ്രമൺ ഭാഗത്തുള്ള വീടുകൾ പ്രകമ്പനം കൊള്ളും. ഇനി ഏത് സമയവും അന്തരീക്ഷത്തിലൂടെ കരിങ്കൽ ചീളുകൾ പാഞ്ഞെത്തിയേക്കാം. നരകതുല്യമാണ് ഈ നാട്ടുകാരുടെ ജീവിതം. പിതൃസ്വത്തായി ലഭിച്ച ഭൂമി ഇതിനോടകം വിറ്റ് സുരക്ഷിത സ്ഥാനം തേടിയവർ ഏറെ. ശേഷിക്കുന്നവർക്ക് പ്രതികരിക്കാൻ അവകാശമില്ല. കാരണം പാറമടലോബിയുടെ ഭീഷണിമൂലം ഇവർ മൗനം ഭജിക്കുകയാണ്. പരാതിപ്പെടാൻ ഒരിടവുമില്ല. അഥവാ പരാതിപ്പെട്ടാലും ഫലമില്ല. പാർട്ടി ഓഫീസുകളിൽ എത്തി പരാതിപ്പെട്ടാൽ നേതാവിന്റെ വിരട്ടൽ മാത്രം മിച്ചം. മുപ്രമൺ ഗ്രാമം കുടിയൊഴിയുകയാണ്. അല്ലെങ്കിൽ പാറമട ലോബി ഇവരെ കുടിയൊഴിപ്പിക്കുമെന്ന കാര്യം ഉറപ്പ്.

വിശ്വമഹാളിൽ പി.കെ.വിശ്വംഭരന്റെ ജീവിതത്തിലും പാറമടലോബി കരിനിഴൽ വീഴ്‌ത്തി കഴിഞ്ഞു. ജീവിതകാലം മുഴുവൻ വിയർപ്പൊഴുക്കി നേടിയ പണവും ബാങ്ക് ലോണും ഉപയോഗിച്ചാണ് 2002-ൽ വിശ്വംഭരൻ ഒരേക്കർ ഭൂമി വാങ്ങിയത്.കിണർ കുഴിച്ചു. വൈദ്യുതി കണക്ഷൻ എടുത്തു. എന്നാൽ 15 വർഷം മുമ്പ് കെട്ടിയ തറയ്ക്കു മുകളിൽ ഒരു നിര ഇഷ്ടികപോലും വയ്ക്കാൻ വിശ്വംഭരന് കഴിഞ്ഞിട്ടില്ല. കാരണം മഴ പൊഴിയും പോലെയാണ് ഇവിടേക്ക് പാറമടയിൽ നിന്നുള്ള കല്ലുകളും കരിങ്കൽ ചീളുകളും പതിക്കുന്നത്. പുലർച്ചെ ആറുമണിക്ക് ഖനനം തുടങ്ങിയാൽ അവസാനിക്കണമെങ്കിൽ ഇരുൾ പരക്കണം. പുരയിടത്തിൽ ഈ സമയം ആർക്കും നിൽക്കാൻ കഴിയില്ല. പറമ്പിൽ റബർ മരങ്ങൾ ഉണ്ടെങ്കിലും ടാപ്പ് ചെയ്യാൻ പറ്റാത്ത അവസ്ഥ. കല്ലുകൾ പതിച്ച് പല മരങ്ങളും നശിച്ചുകഴിഞ്ഞു. ഇതോടെയാണ് വിശ്വംഭരന്റെ വീടെന്ന സ്വപ്നം തറയിൽ മാത്രം ഒതുങ്ങിയത്. ഇപ്പോൾ വാടകവീട്ടിലാണ് ഇദ്ദേഹത്തിന്റെ കുടുംബം അന്തി ഉറങ്ങുന്നത്.

റോഡ്, ജനവാസകേന്ദ്രം എന്നിവിടങ്ങളിൽനിന്നും അമ്പത് മീറ്റർ അകലെയായിരിക്കണം ഖനനമേഖല എന്നാണ് പുതിയ നിയമം. എന്നാൽ ഖനനമേഖലയിൽ നിന്നും വെറും 20 മീറ്റർ മാത്രം അകലെയാണ് മേശിരിമുരുപ്പ്-മുപ്രമൺ പഞ്ചായത്തുറോഡ് കടന്നു പോകുന്നത്. വാഹനങ്ങൾ നിയന്ത്രിക്കുന്നത് പാറമടയിലെ ഗുണ്ടകളാണ്. ചിലപ്പോൾ ഒന്നര മണിക്കൂർ വരെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെടും. പ്രതികരിക്കാൻ അവകാശമില്ല. സാഹസത്തിന് മുതിരുന്നവർ വിവരം അറിഞ്ഞിട്ടുണ്ട്.

എഴുപതിൽപരം ഏക്കർ സ്ഥലത്ത് വ്യാപിച്ചുകിടന്ന പാറയുടെ പകുതിയും ഇതിനോടകം പൊട്ടിച്ചു കടത്തി കഴിഞ്ഞു. ഇവിടെയുള്ള ചെറുതും വലുതുമായ വീടുകളുടെ ഭിത്തി ഇപ്പോൾ വിണ്ടുകീറിയ നിലയിലാണ്. വീടിന് മുകളിലും പരിസരത്തും കല്ല് വന്ന് പതിക്കാത്ത സമയമില്ല. അതിനാൽ പുറത്തേക്ക് ഇറങ്ങാൻ പോലും ഇവിടെയുള്ളവർ ഭയക്കുന്നു. ഖനനം നടക്കുന്ന സ്ഥലത്തുനിന്നും ഉയരുന്ന യന്ത്രസാമഗ്രികളുടെ ശബ്ദവും സ്ഫോടനവും മൂലും കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത അവസ്ഥ. അന്തരീക്ഷത്തിൽ പൊടിപടലം വർദ്ധിച്ചതിനാൽ പലർക്കും ശ്വാസംമുട്ടൽ അടക്കമുള്ള രോഗങ്ങളും പതിവാണ്. കേൾവി നഷ്ടപ്പെട്ടവർ വരെ നാട്ടിലുണ്ടെന്ന് ഇവിടുത്തുകാർ പറയുന്നു. ജീവിതം പൊറുതിമുട്ടിയതിനാൽ കുറുന്തോട്ടത്തിൽ രാധാകൃഷ്ണൻ നായർ ഇപ്പോൾ വാടകവീട്ടിലേക്ക് താമസം മാറ്റിയിരിക്കുകയാണ്.

പലതവണ പാറമട മുതലാളിയോട് നാട്ടുകാർ സങ്കടം ബോധിപ്പിച്ചു. 'നിന്റെയൊക്കെ വീടിന് വെറും അയ്യായിരം രൂപാ മാത്രമല്ലിയോടാ വില' എന്നായിരുന്നു മറുപടി. ഒടുവിൽ സഹിക്ക വയ്യാതെ ശ്രീകൃഷ്ണവിലാസം ഭാർഗവിയമ്മയും കുടുംബവും സ്ഥലം മാറി പോയി.
കുടിവെള്ളം പോലും മുട്ടിക്കുന്ന നടപടിയാണ് പാറമട ലോബിയിൽ നിന്നും ഉണ്ടാകുന്നത്. മടയിൽ നിന്നുള്ള പൊടിയും ചെളിനിറഞ്ഞ വെള്ളവും സമീപത്തുകൂടി ഒഴുകുന്ന തോട്ടിലാണ് പതിക്കുന്നത്. മലീമസമായ ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണിപ്പോൾ. സത്യഭവനം കൊച്ചുകുഞ്ഞിന് ആകെയുള്ളത് ചെറിയ വീടുമാത്രം. ഖനനമേഖലയിൽ വെടി പൊട്ടുമ്പോൾ ഈ വീട് നിന്നു വിറയ്ക്കും. ഏത് നിമിഷവും വീട് നിലംപൊത്താം. പിന്നെ എവിടേക്ക് പോകും എന്ന ചിന്തയിലാണ് കൊച്ചുകുഞ്ഞ്.

ജില്ലാ കലക്ടർ, പൊല്യൂഷൻ കൺട്രോൾ ബോർഡ്, മൈനിങ് ആൻഡ് ജിയോളജി, എക്സ്പ്ലോസീവ്, പഞ്ചായത്ത്, താലൂക്ക്, വില്ലേജ് ഓഫീസ് എന്നിവിടങ്ങളിൽ മാത്രമല്ല മന്ത്രി തലത്തിൽ വരെ നാട്ടുകാർ പരാതി കൊടുത്തുനോക്കി. രക്ഷയില്ല. പണത്തിനുമേൽ നിയമം പോലും തോൽക്കുകയാണ് ഇവിടെ. രാഷ്ട്രീയ ഭേദമെന്യേ എല്ലാവരും ഖനന ലോബിക്കൊപ്പമാണ്. സി.പി.എം അനുഭാവികളായ നാട്ടുകാർ പോലും പാർട്ടി ഉന്നതന് മുന്നിൽ മുട്ടുമടക്കേണ്ടിവന്നു.

ഇനി എത്രനാൾ ഇവിടെ കഴിഞ്ഞുകൂടാൻ പറ്റും എന്ന ചിന്തയിലാണ് നാട്ടുകാർ. അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് ഇവിടുത്തുകാരുടെ ആവശ്യം. പാറമടക്കെതിരെ ഇടയ്ക്ക് ചില സംഘടനകൾ ശബ്ദം ഉയർത്താറുണ്ട്. കിട്ടേണ്ടത് കിട്ടുമ്പോൾ ഇവർ പിന്മാറുകയാണ് പതിവ്.