കോഴിക്കോട്: മാലിദ്വീപിലെ അന്യായ തടങ്കലിൽ നീണ്ട ഒമ്പത് മാസക്കാലം കഴിയേണ്ടി വന്ന അദ്ധ്യാപകൻ ജയചന്ദ്രൻ മൊകേരി തന്റെ ഇരുളടഞ്ഞ ജയിൽ അനുഭവങ്ങൾ അക്ഷരരൂപത്തിലേക്കു മാറ്റുന്നു. തക്കിജ്ജ-എന്റെ ജയിൽ ജീവിതങ്ങൾ എന്ന പേരിട്ട പുസ്തകം 21ന് വൈകിട്ടു വട്ടോളിയിൽ നടക്കും.

ചെയ്ത കുറ്റം എന്തെന്ന് പോലും അറിയാതെ മാലിദ്വീപിലേ ഇരുളറകളിൽ അടയ്ക്കപ്പെട്ടു നരകയാതന അനുഭവിക്കേണ്ടി വന്ന എഴുത്തുകാരൻകൂടിയായ ഈ അദ്ധ്യാപകനെ സോഷ്യൽ മീഡിയയുടെ ശക്തമായ ഇടപെടലാണു പുറംലോകത്തെത്തിച്ചത്.

ജയചന്ദ്രൻ മൊകേരിയുടെ തീക്ഷ്ണമായ ജയിലനുഭവങ്ങളുടെ ഓർമ്മ കുറിപ്പായാണു 'തക്കിജ്ജ' പുറത്തിറങ്ങുന്നത്. സോഷ്യൽമീഡിയകൾ വഴി പുറം ലോകമറിഞ്ഞ അന്യായ തടവിനേ കുറിച്ചുള്ള വാർത്തയും അദ്ദേഹത്തിനു വേണ്ടിയുള്ള ഓൺലൈൻ പ്രചരണങ്ങൾക്കും ശേഷം വിഷയത്തിൽ ഇടപെട്ട സർക്കാരുകളുടെ ഇടപെടലുകളാണ് അദ്ദേഹത്തിന്റെ മോചനം സാധ്യമാക്കിയത്. പ്രവാസം, സൗഹൃദം, നീതി, നിയമം, കുടുംബം, മനുഷ്യാവസ്ഥകളുടെ പ്രവചനാതീത സ്വഭാവം എന്നിവയേ എല്ലാം കുറിച്ചുള്ള വിചാരങ്ങളിലേക്ക് വെളിച്ചം വീശുകയാണു തക്കിജ്ജയിലൂടെ ജയചന്ദ്രൻ മൊകേരി.

ഒരു നോവൽ പോലെ വായിച്ച് പോകാൻ സാധിക്കുന്ന സരളമായ ഭാഷയിലാണ് ഗ്രന്ഥത്തിന്റെ രചന. പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് ഞായറാഴ്ച വൈകിട്ടു നാലിനു വട്ടോളി നാഷണൽ ഹൈസ്‌കൂൾ ഓഡിയോറിയത്തിൽ നടക്കും.

അന്തരിച്ച സാഹിത്യകാരൻ അക്‌ബർ കക്കട്ടിൽ പ്രകാശനം ചെയ്യാനിരുന്ന ഈ പുസ്തകം അദ്ദേഹത്തിന്റെ അകാല വിയോഗത്തേ തുടർന്ന് പ്രമുഖ സഹിത്യകാരൻ ടി പി രാജീവനാണ് പ്രകാശനം ചെയ്യുന്നത്. പുസ്തകം ഏറ്റ് വാങ്ങുന്നത് ചിത്രകാരൻ കെ ഷെരീഫാണ്. ചടങ്ങിൽ അക്‌ബർ കക്കട്ടിൽ അനുസ്മരണം മലയാള സർവ്വകലാശാല വൈസ് ചാൻസിലർ കെ ജയകുമാർ നിർവ്വഹിക്കും. കെ കെ ലതിക എം എൽ എ മുഖ്യാതിഥി ആകും. കൽപറ്റ നാരായണൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും.

വിദ്യാർത്ഥിയെ ശിക്ഷിച്ചുവെന്ന് ആരോപിച്ചാണ് ജയചന്ദ്ര ൻ മൊകേരിയെ മാലിയിലെ ജയിലിൽ തടവിൽ പാർപ്പിച്ചിരുന്നത്. സ്‌കൂൾ മാനേജ്‌മെന്റ് കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നാണ് നാട്ടിൽ തിരിച്ചെത്തിയ അദ്ദേഹം വ്യക്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ആണ് ജയചന്ദ്രൻ അറസ്റ്റിലായത്. എന്നാൽ ഇക്കാര്യം സ്‌കൂൾ അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നില്ല. തുടർന്ന് സുഹൃത്തുക്കളുടെ സഹായത്തേടൊയാണ് ജയചന്ദ്രൻ അറസ്റ്റിലായ വിവരം ബന്ധുക്കൾ അറിഞ്ഞത്. വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്. പിന്നീട് പരാതി പിൻവലിച്ച് മാതാപിതാക്കളും വിദ്യാർത്ഥിയും രംഗത്തെത്തി. എന്നാൽ ജയചന്ദ്രനെ മോചിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്നാണ് മോചനത്തിനുള്ള നടപടികൾ ആരംഭിച്ചതായി ജയചന്ദ്രന്റെ ഭാര്യ ജ്യോതിയെ മാലി സർക്കാർ അറിയിച്ചത്. സംസ്ഥാന സർക്കാരും സജീവമായി ഇടപെട്ടു.

ജയിലിൽ നിന്നിറങ്ങിയ ജയചന്ദ്രനെ രാജ്യദ്രോഹകുറ്റം ചുമത്തി വീണ്ടും അറസ്റ്റ് ചെയ്യാൻ ഇന്റലിജൻസ് വിഭാഗം നീക്കം നടത്തിയതായും വാർത്തകൾ പുറത്തുവന്നിരുന്നു. മാലദ്വീപിലെ സംസ്‌കാരത്തെയും വിശ്വാസങ്ങളെയും അപകീർത്തിപ്പെടുത്തും മട്ടിൽ ലേഖനമെഴുതി പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നാരോപിച്ചായിരുന്നു രാജ്യദ്രോഹകുറ്റം ചുമത്താൻ നീക്കം നടന്നത്. കോടതിയിൽ നിലവിലുള്ള കേസിൽ ഇതുമായി ബന്ധപ്പെട്ട രണ്ട് വകുപ്പുകൾ കൂടി ചേർക്കാൻ ഒരുങ്ങുന്നതിനിടെയാണ് മോചനവും രക്ഷപ്പെടലുമുണ്ടായത്.