- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശേരി കടൽപാലത്തിൽ രാത്രി കാറ്റുകൊള്ളാൻ പോയ ദമ്പതികൾക്ക് നേരേ നടന്നത് പൊലീസിന്റെ സദാചാര ആക്രമണം? അസഭ്യം പറഞ്ഞെന്നും വലിച്ചിഴച്ചെന്നും ബൂട്ടിട്ട് ചവിട്ടിയെന്നും തലയ്ക്കടിച്ചെന്നും പരാതി; കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം ആരംഭിച്ചു
കണ്ണൂർ: തലശേരി നഗരത്തിൽ തനിക്കും ഭർത്താവിനുമെതിരെ പൊലീസ് സദാചാര ആക്രമണം നടത്തിയെന്ന യുവതിയുടെ പരാതിയിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം വകുപ്പുതല അന്വേഷണമാരംഭിച്ചു. തലശേരി ടൗൺ എസ്. ഐ, സ്റ്റേഷൻ ഹൗസ് ഓഫിസർ എന്നിവർക്കെതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോയ്ക്ക് നൽകിയ പരാതിയെ തുടർന്ന് വകുപ്പുതല അന്വേഷണമാരംഭിച്ചത്.
തലശേരി എ.സി.പി വിഷ്ണുപ്രദീപും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ. എസ്‌പിയുമാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്്. ഇതിന്റെ ഭാഗമായി തലശേരി ടൗൺ പൊലിസ് സ്റ്റേഷനിലെ സി.സി.ടി.വിയും മെഡിക്കൽ സർട്ടിഫിക്കറ്റും പരിശോധിച്ചു. അന്വേഷണ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ഈ വിഷയത്തിൽ നടപടിയെടുക്കുമെന്ന് കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ അറിയിച്ചു.
തലശേരിയിൽ കടൽപാലത്തിൽ കാറ്റുകൊള്ളാനെത്തിയ തങ്ങൾക്ക് നേരെ തലശേരി എസ്. ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം സദാചാരആക്രമണം നടത്തിയെന്ന് കതിരൂർ എരുവട്ടി പിനാങ്കിമെട്ട വിശ്വം വീട്ടിൽ മേഘവിശ്വനാഥനാണ് പരാതി നൽകിയത്.
കടൽപാലത്തിനരികെയുള്ള വാക്ക് വേയിൽ രാത്രി ഏറെ വൈകി കാറ്റുകൊള്ളാൻ പോയ തങ്ങളെ ഈ സമയം പട്രോളിങ് നടത്തിയ തലശേരി എസ്. ഐയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം ചോദ്യം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തുവെന്നു മേഘ പറയുന്നു.
ഇതു ചോദ്യം ചെയ്ത തന്റെ ഭർത്താവിനെയും തന്നെയും വലിച്ചിഴച്ചു ജീപ്പിൽ കയറ്റുകയും സ്റ്റേഷനിലെത്തിയപ്പോൾ മർദ്ദിക്കുകയും മദ്യപിച്ച് മഫ്തിയിലെത്തിയ മറ്റൊരു ഓഫിസറുടെ നേതൃത്വത്തിൽ ബൂട്ടിട്ട് നടുവിന് ചവിട്ടുകയും നിരവധി പ്രാവശ്യം തലയ്ക്കടിക്കുകയും ചെയ്തുവെന്നാണ് ദമ്പതികളുടെ പരാതി.
എന്നാൽ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പൊലിസിനെ അക്രമിച്ചുവെന്നും ആരോപിച്ചു കഴിഞ്ഞ ദിവസം മേഘയെയും ഭർത്താവ് ധർമടം പാലയാട് വിശ്വത്തിൽ സി.പി പ്രത്യൂഷിനെയും തലശേരി എസ്. ഐ മനുനവും സംഘവും അറസ്റ്റു ചെയ്തിരുന്നു. നഴ്സായ താനും ഇലക്ട്രീഷ്യനായ ഭർത്താവും ഇരുചക്രവാഹനത്തിൽ സംഭവദിവസം രാത്രി നഗരത്തിലെത്തി ഭക്ഷണം കഴിച്ച ശേഷം കാറ്റുകൊള്ളാനായി കടൽപാലത്തിലെത്തിയപ്പോൾ തന്നെയും ഭർത്താവിനെയും പൊലിസ് ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് മേഘ പറയുന്നത്.
എന്നാൽ ഇതിനു നേരെ കടകവിരുദ്ധമായ കാര്യങ്ങളാണ് പൊലിസ് പറയുന്നത്. അപകടാവസ്ഥയിലുള്ള തലശേരി കടൽപാലത്തിലേക്കും പരിസരത്തേക്കും രാത്രികാലം സാമൂഹ്യവിരുദ്ധരുടെയും പിടിച്ചുപറിക്കാരുടെയും ശല്യം കൂടുതലുള്ള സ്ഥലമാണെന്നും ഇവിടേക്ക് അപകടസാധ്യതയുള്ളതിനാൽ ആരെയും കടത്തി വിടാറില്ലെന്നതും തലശേരി നഗരത്തിലെത്തുന്ന ആർക്കും അറിയാം. മാത്രമല്ല കടൽക്ഷോഭം കാരണം കടൽതീരത്തും ആളുകളെ പ്രവേശിപ്പിച്ചിരുന്നില്ല.
അസ്വാഭാവിക സാഹചര്യത്തിൽ ദമ്പതികളെ ഇവിടെ അസ്വാഭാവിക സാഹചര്യത്തിൽ കണ്ടപ്പോൾ വിവരങ്ങൾ അറിയാൻ ചോദിച്ചപ്പോൾ തട്ടിക്കയറുകയും വാക്കേറ്റം നടത്തുകയും എസ്. ഐയെ ഉൾപ്പെടെയുള്ളവരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പൊലിസ് നൽകുന്ന വിശദീകരണം. സ്റ്റേഷനിൽ വെച്ചും ഇവർ ബഹളമുണ്ടാക്കിയതിനെ തുടർന്നാണ് പുറത്തുനിർത്തിയത്. കടൽപാലത്ത് അസ്വാഭാവിക സാഹചര്യത്തിൽ കണ്ട ദമ്പതികളായ ഇവരോട് വാഹനത്തിന്റെ രേഖകൾ ചോദിച്ചപ്പോൾ ഇല്ലെന്നാണ് മറുപടി പറഞ്ഞതെന്നും അതാണ് തിരിച്ചറിയൽ രേഖകളൊന്നുമില്ലാത്തഇവരെ അർധരാത്രിയോടെ കസ്റ്റഡിയിലെടുത്തതെന്നും പൊലിസ് പറഞ്ഞു.
എന്നാൽ വാഹനത്തിന്റെ രേഖകൾ പൊലിസ് സ്റ്റേഷനിൽ ഹാജരാക്കാമെന്നു പറഞ്ഞിട്ടും പൊലിസ് ചെവികൊണ്ടില്ലെന്നും ഭർത്താവിനെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയായിരുന്നുവെന്നും മേഘ പറയുന്നു. താൻ കരഞ്ഞു പറഞ്ഞിട്ടും ഭർത്താവിനെ വിട്ടില്ല. മറ്റൊരുജീപ്പിൽ തന്നെയും വലിച്ചു കയറ്റി സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മജിസ്ട്രേറ്റിന് മുൻപിൽ ഹാജരാക്കിയപ്പോൾ പൊലിസ് മർദ്ദിച്ച വിവരം പറഞ്ഞപ്പോൾ എഴുതി നൽകാനാണ് മജിസ്ട്രേറ്റ് നിർദ്ദേശിച്ചതെന്നും മേഘ പറയുന്നു.
പൊലിസിന്റെ അനാവശ്യ ചോദ്യങ്ങളോട് തിരികെ ചോദ്യങ്ങൾ ചോദിച്ചപ്പോൾ അസഭ്യവർഷം നടത്തി സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോവുകയും ഭർത്താവിനെ സ്റ്റേഷനിൽ കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും രാത്രി മുഴുവൻ പൊലിസ് സ്റ്റേഷന് പുറത്ത് നിർത്തി പീഡിപ്പിക്കുകയും ചെയ്തു. പൊലിസിനോട് ചോദ്യങ്ങൾ ചോദിച്ചതിനായിരുന്നു പ്രകോപനകാരണമെന്നും മേഘ പറഞ്ഞു. സംഭവത്തെ കുറിച്ചു മുഖ്യമന്ത്രിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയിട്ടുണ്ടെന്നും മേഘ അറിയിച്ചു. ഇവരുടെ ഭർത്താവ് പ്രത്യൂഷ് ഇപ്പോഴും റിമാൻഡിലാണ്.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്