തലശേരി: തലശേരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിന്നു കമിതാക്കളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വടക്കുമ്പാട് പാറക്കെട്ട് സ്വദേശി അനീഷ് കുമാർ, പാനൂർ പന്ന്യന്നൂരിലെ വിജേഷ് എന്നിവരാണ് അറസ്റ്റിലായത്. വടകര സ്വദേശികളുടെ പരാതിയിലാണ് ഇരുവരെയും തലശേരി ടൗൺ പൊലിസ് അറസ്റ്റ് ചെയ്തത്. നേരത്തെ ഇതേ കേസിൽ മറ്റൊരു ആളുടെ പരാതിയിലും ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.

കമിതാക്കളുടെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പ്രചരിച്ചതോടെയാണു വടകര സ്വദേശികൾ പരാതിയുമായി പൊലിസിനെ സമീപിച്ചത്. ഇതേ ദൃശ്യങ്ങൾ പോൺ സൈറ്റിലും അപ്ലോഡ് ചെയ്തതായി സൈബർസെൽ കണ്ടെത്തിയിട്ടുണ്ട്. വിദേശ പോൺ സൈറ്റുകളിൽ ദൃശ്യം പ്രചരിച്ചതിനെ തുടർന്നാണ് പൊലിസ് കൂടുതൽ അന്വേഷണമാരംഭിച്ചത്. തലശ്ശേരിയിലെ ഓവർ ബറീസ് ഫോളി പാർക്കിൽ ഒളിക്യാമറ വച്ചെടുത്ത കമിതാക്കളുടെ ദൃശ്യങ്ങൾ പോൺ സൈറ്റുകളിൽ വ്യാപകമായി പ്രചരിപ്പിക്കുകയായിരുന്നു.

ഇതിനെ കുറിച്ചു തലശേരി എ.സി.പി വിഷ്ണുപ്രദീപിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പെയ്ഡ് സൈറ്റുകളിലാണ് ദൃശ്യങ്ങൾ പ്രചരിക്കുന്നതെന്ന് കണ്ടെത്തുകയായിരുന്നു. ദൃശ്യം അപ്ലോഡ് ചെയ്തവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങിയതോടെയാണ് പ്രതികൾ കുടുങ്ങിയത്. തലശ്ശേരിയിലെ ഓവർബറീസ് ഫോളി പാർക്കിൽ കമിതാക്കളെ കുരുക്കാൻ ഒളിക്യാമറ വച്ച സംഭവം ചില സോഷ്യൽ മീഡിയ പോർട്ടലുകളാണ് ആഴ്ചകൾക്ക് മുൻപ് പുറത്തുകൊണ്ടുവന്നത്.

പാർക്കിൽ വച്ച് കമിതാക്കൾ അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവിധ പെയ്ഡ് പോൺ സൈറ്റുകളിൽ വ്യത്യസ്ത കാറ്റഗറികളിലായി ഈ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഓവർബറീസ് ഫോളി പാർക്കിൽ രഹസ്യമായി വീഡിയോ ചിത്രീകരിച്ചതിന് മുന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇവരെ പിന്നീട് ജാമ്യത്തിൽ വിടുകയും ചെയ്തിരുന്നു. പാർക്കിന്റെ സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈൽ ക്യാമറ സ്ഥാപിച്ചാണ് പ്രതികൾ ദൃശ്യം ചിത്രീകരിച്ചതെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

പാർക്കിൽ സ്നേഹപ്രകടനം നടത്തിയ ഒട്ടേറെപ്പേരുടെ ദൃശ്യങ്ങൾ ഒളിക്യാമറയിൽ പതിഞ്ഞിരുന്നു. പാർക്കിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാൽ പുറത്തുനിന്ന് ആർക്കും കാണാൻ കഴിയില്ല. കമിതാക്കൾ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ പ്രതികളാണ് ദൃശ്യം ചിത്രീകരിച്ചത്. ഇവർ പിന്നീട് ഇത് പലർക്കും കൈമാറിയതോടെയാണ് സംഭവം പുറത്തറിഞ്ഞതും പൊലീസ് കേസെടുത്തതും.

അതേസമയം, ഏത് ഐ.പി അഡ്രസ് വഴിയാണ് ഈ ദൃശ്യങ്ങൾ പോൺ സൈറ്റുകളിലെത്തിയെന്നത് കണ്ടെത്താൻ കൂടുതൽ അന്വേഷണം ആവശ്യമാണ്. ലോക്കൽ പൊലീസിന് ഇക്കാര്യത്തിൽ പരിമിതികളുണ്ട്. അതിനാൽ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന നിർദേശമാണ് പൊലീസും മുന്നോട്ടുവയ്ക്കുന്നത്. മിക്ക പോൺ സൈറ്റുകളും ഹോസ്റ്റ് ചെയ്യുന്നത് വിദേശ രാജ്യങ്ങളിലാണ്. അതിനാൽ കേസന്വേഷണം സംസ്ഥാന പൊലീസിന്റെ നിയന്ത്രണത്തിൽ മാത്രം നിൽക്കില്ലെന്നും കേന്ദ്രവുമായി ആശയവിനിമയം വേണ്ടിവരുമെന്നും സൈബർ സുരക്ഷാ വിദഗ്ധൻ എൻ. വിനയകുമാരൻ പറഞ്ഞു