തലശേരി: ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് തലശേരി മത്സ്യ മാർക്കറ്റിലിറക്കുകയായിരുന്ന നാല് ലക്ഷത്തിന്റെ ആവോലി മത്സ്യം പൊലിസ് പിടികൂടി അഗതിമന്ദിരങ്ങളിലും സമൂഹ അടുക്കളകളിലും എത്തിച്ച് നൽകി.തലശേരി ടൗൺ പൊലിസിന്റെ ഈ നടപടി ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൈയടി നേടിയിരിക്കുകയാണ്.

നാലു ലക്ഷത്തോളം രൂപ വില വരുന്ന ആവോലി  മത്സ്യമാണ് തലശേരി സിഐ ജി. ഗോപകുമാർ, പ്രിൻസിപ്പൽ എസ്‌ഐ എ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വിവിധയിടങ്ങളിലായി എത്തിച്ചു നൽകിയത്. ലോക്ഡൗണിൽ അടഞ്ഞുകിടന്നിരുന്ന
തലശേരിയിലെ മത്സ്യ മൊത്ത വിതരണ മാർക്കറ്റിന്റെ പിന്നാമ്പുറത്താണ് ഇവർ മത്സ്യ മിറക്കാൻ ശ്രമിച്ചത്. രാത്രിയുടെ മറവിലാണ് സംഭവം. രഹസ്യവിവരമറിഞ്ഞതിനെ തുടർന്നാണ് ഇവിടെ പൊലിസെത്തുന്നത്.

തലശേരി മാർക്കറ്റിനു സമീപം പിക്കപ്പ് വാനിൽ മത്സ്യം വാഹനത്തിൽ നിന്നു മാറ്റി കയറ്റുന്നുവെന്നായിരുന്നു വിവരം. റെയ്ഡ് നടത്തിയ പൊലീസ് മത്സ്യവും പിക്കപ്പ് വാൻ കസ്റ്റഡിയിലെടുക്കുകയും മൂന്നുപേരെ പിടികൂടുകയും ചെയ്തു.തുടർന്നാണ് സറ്റേഷനിലെത്തിച്ച മത്സും എന്തു ചെയ്യണമെന്ന കാര്യം ഉയർന്നു വരുന്നത്.

സാധാരണ ഗതിയിൽ ഇത്തരം വാഹനങ്ങൾ പിഴയിടാക്കി വിട്ടുകൊടുക്കാറാണ് പതിവ്. എന്നാൽ ഇത്തവണ അതു വേണ്ടെന്ന് തീരുമാനിക്കുകയും പിടികൂടിയ പിക്കപ്പ് വാൻ കോടതിയിൽ ഹാജരാക്കിയതിനു ശേഷം മത്സ്യവിതരണം പൊലിസ് തന്നെ ഏറ്റെടുക്കുകയായിരുന്നു.ഇതിനെ തുടർന്നാണ് തലശേരി നഗരത്തിലെയും പരിസര പ്രദേശങ്ങളിലെയും അനാഥാലയങ്ങൾക്കും സമൂഹ അടുക്കളകൾക്കും ആവോലി മത്സ്യമെത്തിച്ചത്.

സംഭവത്തിൽ പിടിയിലായ പട്ടാമ്പി സ്വദേശി കുഞ്ഞഹമ്മദ്, പഴയങ്ങാടി സ്വദേശികളായ സിയാദ്, മുഹമ്മദ് മുസ്തഫ എന്നിവർക്ക് ജാമ്യം നൽകിയിട്ടുണ്ട്. മംഗളൂരുവിൽനിന്നു നിന്നും കടത്തി കൊണ്ടുവന്നതായിരുന്നു മത്സ്യം.