- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തലശ്ശേരിയിൽ സിഒടി നസീറിന് തന്നെ വോട്ടു ചെയ്യണമെന്ന് കെ സുരേന്ദ്രനും വി മുരളീധരനും; മനസാക്ഷി വോട്ട് ചെയ്യാൻ നിർദേശിച്ച് ബിജെപി ജില്ലാ നേതൃത്വവും; മനസാക്ഷി കോൺഗ്രസിനൊപ്പം പോയാൽ ഭയക്കേണ്ടത് എ എൻ ഷംസീർ തന്നെ; ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത മണ്ഡലത്തിൽ അടിമുടി ആശയക്കുഴപ്പം
തലശ്ശേരി: ബിജെപിക്ക് സ്ഥാനാർത്ഥി ഇല്ലാത്ത തലശ്ശേരി നിയോജക മണ്ഡലത്തിൽ അടിമുടി ആശയക്കുഴപ്പം. നേരത്തെ തലശ്ശേരിയിൽ ബിജെപിയുടെ പിന്തുണ സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ന് വി മുരളീധരനും ഈ നിലപാട് ആവർത്തിച്ചു. തലശേരിയിൽ ബിജെപി വോട്ട് സംബന്ധിച്ച് നിലപാട് സംസ്ഥാന നേതൃത്വം പറഞ്ഞിട്ടുണ്ട്. ജില്ലാ കമ്മറ്റിയെക്കാൾ വലുതാണ് സംസ്ഥാന നേതൃത്വം എടുക്കുന്ന തീരുമാനം എന്നും വി മുരളീധരൻ പറഞ്ഞു. തലശ്ശേരിയിൽ മനസാക്ഷി വോട്ട് തള്ളിയ വി മുരളധരൻ ബിജെപി പിന്തുണ സംസ്ഥാന അധ്യക്ഷൻ പ്രഖ്യാപിച്ച ആൾക്ക് തന്നെയെന്നും വ്യക്തമാക്കി
അതേസസമയം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് തള്ളിക്കൊണ്ടാണ് ജില്ലാ നേതൃത്വം രംഗത്തുവന്നത്. ഇത് ആശയക്കുഴപ്പത്തിന് ഇടയാക്കിയിട്ടുണ്ട്. പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞതല്ലാതെ ബിജെപി തങ്ങളുമായി സഹകരിക്കുന്നില്ലെന്ന ആരോപണവുമായി സി.ഒ.ടി നസീറും മുന്നോട്ട് വന്നിരുന്നു. ബിജെപി സഹകരിക്കാത്ത പശ്ചാത്തലത്തിൽ പാർട്ടിയുടെ വോട്ട് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിവാദങ്ങൾക്കിടയിലാണ് തലശ്ശേരിയിൽ മനസാക്ഷി വോട്ട് ചെയ്യാൻ ജില്ലാ നേതൃത്വം പ്രവർത്തകർക്ക് നിർദ്ദേശം നൽകിയെന്ന് റിപ്പോർട്ട് പുറത്തുവരുന്നത്. ബിജെപിയുടെ കണ്ണൂർ ജില്ലാ സെക്രട്ടറി ചുമതലയുള്ള വിനോദാണ് തലശ്ശേരിയിൽ മനസാക്ഷി വോട്ട് എന്നതാണ് ബിജെപിയുടെ നിലപാടെന്ന് വ്യക്തമാക്കിയത്.
സി.ഒ.ടി നസീറിന് വോട്ട് ചെയ്യണമെന്ന് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ തലശ്ശേരിയിലെ പ്രാദേശിക നേതൃത്വം കടുത്ത എതിർപ്പ് ഉയർത്തുകയും സി.ഒ.ടി നസീറിന് വോട്ട് ചെയ്യില്ലെന്ന് പറയുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എൻ.ഷംസീർ പറയുന്നത് മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ഒന്നിച്ചാൽ പോലും 50 ശതമാനം വോട്ട് തനിക്ക് ലഭിക്കുമെന്നാണ്. യു.ഡി.എഫ് സ്ഥാനാർത്ഥിയും തലശ്ശേരിയിൽ വലിയ ആത്മവിശ്വാസത്തിലാണ്.
സിപിഐ.എം ലോക്കൽ കമ്മിറ്റി അംഗവും, നഗരസഭാ കൗൺസിലറും ആയിരുന്നു സി.ഒ.ടി നസീർ.2016ൽ കണ്ണൂർ ജില്ലയിൽ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. 22,125 വോട്ടുകളാണ് ബിജെപിക്ക് വേണ്ടി മത്സരിച്ച സജീവൻ അന്ന് ഇവിടെ നേടിയത്. ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തള്ളിയത്. ബിജെപി ഇത്തവണ ഏറെ പ്രതീക്ഷ വെച്ചിരുന്ന മണ്ഡലം കൂടിയായതിനാലാണ് ബിജെപി ജില്ലാ പ്രസിഡന്റിനെ തന്നെ രംഗത്തിറക്കാൻ തീരുമാനിച്ചിരുന്നത്.
അതേസമയം ബിജെപി ശക്തമായ മത്സരം നടത്തുന്ന 20 മണ്ഡലങ്ങളിലെങ്കിലും കോൺഗ്രസ്-സിപിഎം ധാരണയുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ ആരോപിച്ചു മഞ്ചേശ്വരത്ത് ബിജെപിയെ തോൽപ്പിക്കാൻ വോട്ട് അഭ്യർത്ഥന നടത്തിയ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കുകൾ ഇതിന് തെളിവാണെന്നും വി മുരളീധരൻ പറഞ്ഞു. ശക്തമായ ത്രികോണ മത്സര സാധ്യത തുറന്നിടാൻ കേരളത്തിൽ ബിജെപിക്ക് ആയിട്ടുണ്ട്.
തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ശക്തമായ സാന്നിധ്യം രണ്ട് മുന്നണികൾക്കും അലോസരം ഉണ്ടാകുന്നു എന്നതിന് തെളിവാണ് ഒത്തുകളി ആക്ഷേപം . ഇരു മുന്നണികളും ഒരു പോലെ ബിജെപിക്ക് എതിരെ ഇത്തരം ആക്ഷേപം ഉന്നയിച്ചിട്ടുണ്ടെന്നും വി മുരളീധരൻ പറഞ്ഞു. ശബരിമലയിൽ ഇടതുമുന്നണി സർക്കാരിന്റെ സമീപനം അടക്കം ഉള്ള കാര്യങ്ങളിൽ ജനം എങ്ങനെ പ്രതികരിക്കും എന്നത് ഇതിനകം തന്നെ വ്യക്തമായിട്ടുണ്ട്. ആത്മവിശ്വാസം ഇല്ലാത്ത മുന്നണികളായി യുഡിഎഫും എൽഡിഎഫും മാറി. സിപിഎമ്മിനകത്തും കോൺഗ്രസിനകത്തും നിലനിൽക്കുന്ന കടുത്ത ഭിന്നത പ്രതിഫലിക്കുന്ന തെരഞ്ഞെടുപ്പാകുമെന്നും വി മുരളീധരൻ പറഞ്ഞു.
വ്യക്തിപൂജ നടത്തും വിധം സിപിഎം ആശയപരമായി അധപതിച്ചു. ധർമ്മടത്തെ പ്രചാരണത്തിന് പോലും സിനിമാക്കാരെ ഇറക്കേണ്ട ഗതികേടിലാണ് പിണറായി വിജയൻ. ആഴക്കടൽ അടക്കം അഴിമതി ആരോപണങ്ങളെല്ലാം പോളിങ് ബൂത്തിലെത്തുന്ന വോട്ടർമാരെ സ്വാധീനിക്കുമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ