തലശേരി: തലശേരി നഗരത്തിലെ കടൽപ്പാലത്തിനടുത്തെ പാണ്ടിക ശാല റോഡിൽ രാത്രിയിൽ ഭാര്യയോടൊപ്പം നിൽക്കവെ സദാചാരപൊലിസ് ചമഞ്ഞ് ചോദ്യം ചെയ്ത തലശേരി എസ്. ഐയെ കൈയേറ്റം ചെയ്തുവെന്ന കേസിൽ യുവാവിന്റെ ജാമ്യഹരജി നാളെ തലശേരി കോടതി പരിഗണിക്കും. പാലയാട് ചിറക്കുനി പാവനത്തിൽ പ്രത്യൂഷിന്റെ ജാമ്യഹരജിയാണ് തലശേരി ചീഫ് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കുക.

കൃത്യനിർവഹണത്തിനിടെ തലശേരി ടൗൺ എസ്. ഐ മനുവിനെ കൈയേറ്റം ചെയ്തുവെന്ന കേസിൽ പ്രത്യൂഷ് ഇപ്പോൾ റിമാൻഡിലാണ്. ഭാര്യയോടൊപ്പം തലശേരി കടൽപാലത്തിന് സമീപത്തെ പാണ്ടികലശാലയിൽ കയറി മഴയിൽ നിൽക്കുകയായിരുന്ന ഇവരോട് ഇവിടെ നിൽക്കരുതെന്നും കടൽക്ഷോഭമുള്ളതിനാൽ ഇവിടെ നിന്നും പോകണമെന്ന് പറഞ്ഞതിന് തങ്ങളെ ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് കുറ്റാരോപിതനായ എസ്. ഐ മനു നൽകുന്ന വിശദീകരണം. ഇതിന് എന്തെങ്കിലും ഓർഡറുണ്ടോയെന്ന് ചോദിച്ചു പ്രത്യൂഷ് തർക്കിക്കുകയും പൊലിസ് ചോദിച്ചപ്പോൾ തങ്ങളുടെ വിലാസവും പേർവിവരങ്ങളുംപറഞ്ഞു നൽകിയില്ലെന്നും പറയുന്നു.

ഇതിനെ തുടർന്ന് വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ നാളെ രാവിലെ സ്റ്റേഷനിൽ ഹാജരാക്കാമെന്നായിരുന്നു മറുപടി. ഇതിനെ തുടർന്ന് പൊലിസുംദമ്പതികളും വാക്കേറ്റമുണ്ടാവുകയും ബലപ്രയോഗത്തിനിടെയിൽ എസ്. ഐയുടെ കോളർപ്രത്യൂഷ് കയറിപിടിച്ചുവെന്നാണ് കേസ്. പൊലിസുമായി ദമ്പതികൾ സഹകരിക്കാത്തതാണ് പ്രശ്നകാരണമെന്നാണ് എസ്. ഐയുടെ വിശദീകരണം.

രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമുള്ള സ്ഥലമായതിനാലാണ് അവിടെ നിന്നും മാറാൻ പറഞ്ഞതെന്നും കടൽക്ഷോഭമുള്ള സമയമായതിനാൽ തീരപ്രദേശങ്ങളിൽ നിന്നും ആളുകളെ മാറ്റിയിരുന്നുവെന്നും പൊലിസ് പറയുന്നു. എന്നാൽ നഗരത്തിൽ കറങ്ങാൻ ബൈക്കിൽ വന്ന ദമ്പതികൾ വെറുതെ കടൽതീരത്ത് അസമയത്ത് വന്നതാണ് ചോദ്യം ചെയ്യാൻ കാരണമെന്നാണ് പൊലിസിന്റെ വിശദീകരണം.

ഇതിനിടെ ദമ്പതികളെ ബലപ്രയോഗത്തിലുടെ അകാരണമായി അറസ്റ്റു ചെയ്തുവെന്ന പരാതിയിൽ തലശേരി എ.എസ്‌പി വിഷ്ണു പ്രദീപും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിയും നടത്തിയ രണ്ട് വകുപ്പുതല അന്വേഷണങ്ങളും പൂർത്തിയായിട്ടുണ്ട്. പൊലിസ് പിടിയിലായ തന്നെയും ഭർത്താവായ പാലയാട് ചിറക്കുനി പാവനത്തിൽ പ്രത്യൂഷിനെ യും സദാചാര കടന്നാക്രമണത്തിനിരയാക്കിയെന്നും വലിച്ചിഴച്ച് പൊലീസ്വാഹനത്തിൽ കയറ്റി തലശേരി ടൗൺ സ്റ്റേഷനിൽ കൊണ്ടുപോയി മർദ്ദിച്ചുവെന്നുമാണ് ദമ്പതികളിലൊരാളായ പിണറായി എരുവട്ടി സ്വദേശിനിയായ മേഘ സിറ്റി പൊലിസ് കമ്മിഷണർക്ക് നൽകിയ പരാതി.

ഇതിനെ തുടർന്നാണ് തലശേരി എസ്‌ഐക്കും സിഐക്കും വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചത്. തലശേരി എ.എസ്‌പി വിഷ്ണു പ്രദീപും സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്‌പിയുമാണ് അന്വേഷണം നടത്തിയത്. പൂർത്തിയായ അന്വേഷണ റിപ്പോർട്ട് നാളെ കണ്ണൂർ സിറ്റി പൊലിസ് കമ്മിഷണർ ആർ. ഇളങ്കോവിന് സമർപ്പിക്കും. അന്വേഷണ സുതാര്യത ഉറപ്പു വരുത്തുന്നതിനായി ഇരു പൊലിസ് ഉദ്യോഗസ്ഥരും പ്രത്യേകം പ്രത്യേകമായാണ് അന്വേഷണം നടത്തിയത്.

തലശേരി പൊലിസ് സ്റ്റേഷനിലെ സി.സി.ടി.വി ക്യാമറകൾ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്. ദമ്പതികളെ സ്റ്റേഷനിൽ വെച്ചു മർദ്ദിച്ചുവെന്ന പരാതിയുള്ളതിനാലാണ് സ്റ്റേഷനിലെ ക്യാമറകൾ വിശദമായി പരിശോധിച്ചത് ദമ്പതികളെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടറുടെ മൊഴി ശേഖരിച്ചിട്ടുണ്ട്. തലശേരി നഗരത്തിലെ കടൽ തീരത്ത് വെച്ചു രാത്രി മഴയായതിനാൽ ബൈക്കിലെത്തിയ തങ്ങൾ മഴയായതിനാൽ പാണ്ടികശാലയിലെ ഷെഡിൽ കയറി നിന്നപ്പോൾ പൊലിസ് ചോദ്യം ചെയ്യുകയും ഇവിടെ നിന്നും പോകണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

അതിന് വല്ല ഓർഡറുമുണ്ടോയെന്ന് ചോദിച്ചപ്പോൾ ബൈക്കിന്റെ രേഖകൾ ആവശ്യപ്പെടുകയും അതു നാളെ ഹാജരാക്കാമെന്ന് പറഞ്ഞപ്പോൾ തങ്ങളെ പൊലിസ് അകാരണമായി മർദ്ദിച്ചുവെന്നും സദാചാര കടന്നാക്രമണം നടത്തിയെന്നുവെന്നുമാണ് സ്വകാര്യ ആശുപത്രിയിലെ നഴ്സായ മേഘയുടെയും ഭർത്താവും ഇലക്ട്രീഷ്യനുമായ പ്രത്യുഷിന്റെയും പരാതി. സ്റ്റേഷനിൽ കൊണ്ടുവന്നപ്പോൾ മദ്യപിച്ചെത്തിയ സി. ഐ തങ്ങളോട് അപമര്യാദയായി പെരുമാറുകയും ചെയ്തുവെന്നും ഇവർ പറയുന്നു.

എന്നാൽ തലശേരി എസ്. ഐ മനുവിനെ അക്രമിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും ചെയ്തു വെന്ന കേസിൽ പ്രത്യൂഷ്് റിമാൻഡിലാണ്. ഇയാളുടെ ജാമ്യ ഹരജി കോടതി നാളെ പരിഗണിക്കും സംഭവത്തിൽ പൊലിസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യുഷിന്റെ ഭാര്യ മേഘ മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി അനിൽ കാന്തിനും പരാതി നൽകിയിരുന്നു പൊലിസ് റിപ്പോർട്ട് പ്രതികൂലമായാൽ വനിതാകമ്മിഷനും മനുഷ്യാവകാശകമ്മിഷനു പരാതി നൽകാനും നിയമ നടപടി സ്വീകരിക്കാനാണ് ഇവരുടെ തീരുമാനം.