കണ്ണൂർ : ഗുണ്ടാസംഘങ്ങളും മണൽ മാഫിയയും കണ്ണൂർ ജില്ലയിൽ അഴിഞ്ഞാടുന്നു. വടക്കൻ കേരളത്തിൽ 460 ൽപരം ഗുണ്ടകളെ പിടിച്ചെന്ന് പൊലീസ് അവകാശപ്പെടുമ്പോഴും ഗുണ്ടാ മാഫിയാ ആക്രമണങ്ങൾ പെരുകുകയാണ്. പാനൂരിലെ ബോംബ് നിർമ്മാണ കേന്ദ്രത്തിലെ സ്‌ഫോടനത്തെ തുടർന്ന് കണ്ണൂരിൽ അതീവ ജാഗ്രതയിലാണ് പൊലീസ്. രാത്രികാല പെട്രോളിങ്ങും റെയ്ഡുകളും സജീവമാക്കി. എന്നിട്ടും ഗുണ്ടാവിളയാട്ടം കുറയ്ക്കാത്തത് ആശങ്ക കൂട്ടുകയാണ്.

തലശേരി ചാലിൽ കടപ്പുറത്ത് ഓട്ടോറിക്ഷയിൽ മണൽ കടത്തുന്നതു കണ്ടത്തിയ പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസയെ മണൽ മാഫിയക്കാർ ആക്രമിച്ചു പരിക്കേൽപ്പിച്ചു. 74 കാരനായ മൂസ പ്രഭാതസവാരി നടത്തവേ മണൽ കടത്തുന്നത് ശ്രദ്ധയിൽപ്പെടുകയും എടുത്ത മണൽ തിരിച്ച് നിക്ഷേപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഓട്ടോ ഡ്രൈവർ മൂസയെ തള്ളി താഴെയിടുകയും മണൽ കടത്ത് സംഘത്തിന്റെ തലവൻ കണ്ണൻ അക്‌ബർ, മടക്കി നസീർ എന്നിവരുടെ നേതൃത്വത്തിലുള്ള നാലുപേർ മൂസയുടെമേൽ ചാടിവീണ് ഇരുകൈകളും തല്ലിയൊടിക്കുകയും ചെയ്തു. അവശനായ എരഞ്ഞോളി മൂസയെ മകളുടെ ഭർത്താവ് ഉസ്മാൻ എത്തിയാണ് ആശുപത്രിയിൽ കൊണ്ടുപോയത്. വീട്ടുകാർ എത്തുംമുമ്പ് ആക്രമിസംഘം ഓടിമറയുകയായിരുന്നു.

മുമ്പ് മണൽ മാഫിയാസംഘം മൂസയുടെ മകളുടെ വീടാക്രമിച്ച് ഭർത്താവ് ഉസ്മാനെ ആക്രമിച്ച സംഭവവുമുണ്ടായിരുന്നു. വൻതോതിൽ കരയിടിച്ചിൽ നടക്കുന്ന പ്രദേശമാണ് ഈ മേഖല. മൂസയെ ആക്രമിച്ച സംഭവത്തിൽ കണ്ണൻ അക്‌ബർ, സഹോദരൻ നസീർ എന്നിവരുടേയും കണ്ടാൽ അറിയാവുന്ന നാലുപേർക്കുമെതിരെയും 308- ാം വകുപ്പു പ്രകാരം വധശ്രമത്തിനു പൊലീസ് കേസെടുത്തിട്ടുണ്ട്. മണൽ മാഫിയയുടെ അക്രമത്തിനു പുറമേ കണ്ണൂരിൽ മറ്റൊരു ഗുണ്ടാആക്രമണം കൂടി നടന്നു. ചാലാട്ടെ വിമലാലയത്തിൽ പ്രസൂൺ എന്നയാൾ കണ്ണൂർ തെക്കിബസാറിൽ രാത്രി കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടു.

വലതുചെവിയുടെയും തലയുടേയും ഭാഗം തകർന്നിട്ടുണ്ട്. മൃതദേഹത്തിനരികിൽ രണ്ടു ചെങ്കല്ലുകൾ കാണപ്പെട്ടതിനാൽ ചെങ്കല്ലെറിഞ്ഞ് കൊലപ്പെടുത്തിയതാണെന്നു കരുതുന്നു. മുംബൈയിൽനിന്നും മാസങ്ങൾക്കുമുമ്പ് നാട്ടിലെത്തിയ പ്രസൂൺ വാർപ്പ് ജോലിചെയ്തുവരികയായിരുന്നു. മണൽ മാഫിയാ സംഘങ്ങളും ഗുണ്ടകളും ഇപ്പോഴും ജില്ലയിൽ അഴിഞ്ഞാടുന്നുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് തലശേരിയിലും കണ്ണൂരിലും കഴിഞ്ഞ ഒറ്റ ദിവസത്തിനുള്ളിൽ നടന്ന അക്രമസംഭവങ്ങൾ.

പരിയാരം  എസ്‌ഐയായ രാജന് നേരെയും കഴിഞ്ഞ മാസം ഗുണ്ടാ ആക്രമണം ഉണ്ടായി. മണൽ മാഫിയയുടെ ലോറി തടഞ്ഞതിനെ തുടർന്ന് എസ്‌ഐയെ തട്ടിക്കൊണ്ട് പോയി വകവരുത്തുകയായിരുന്നു. ഈ കേസിലെ പ്രതി ലത്തീഫ് കഴിഞ്ഞ ദിവസം പൊലീസ് പിടികൂടുകയും ചെയ്തു. പ്രതിയെ അസുഖകാരണം പറഞ്ഞ് രക്ഷിക്കാൻ പൊലീസ് നടത്തിയ നീക്കം ഫലം കണ്ടില്ല. മറുനാടൻ മലയാളിയുടെ വാർത്തയെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ നിന്ന് കസ്റ്റഡിയിലെടുത്തു. എസ് ഐയ്ക്ക് നേരെയുണ്ടായ ആക്രമണത്തെ തുടർന്നും മണൽ മാഫിയയ്‌ക്കെതിരെ പൊലീസ് കാര്യമായൊന്നും ചെയ്യുന്നില്ല. ഇതിന്റെ പ്രത്യക്ഷ തെളിവാണ് മൂസയ്ക്ക് എതിരായ ആക്രമണം.

രണ്ട് ദിവസമായി കണ്ണൂരിലുടനീളം പൊലീസ് നിരീക്ഷണവും പരിശോധനയും വ്യാപകമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് 400ലേറെ ഗുണ്ടകൾ പിടിയിലായത്. അന്യജില്ലയിൽ നിന്നുള്ള ക്വട്ടേഷൻ സംഘവും കണ്ണൂരിൽ സജീവമാണെന്ന് പൊലീസിന് ബോധ്യമുണ്ടായിട്ടുണ്ട്.