ചെന്നൈ: മലയാളിയായ ഗുണ്ടാ നേതാവ് ബിനു പാപ്പച്ചൻ തമിഴ്‌നാട് പൊലീസിനു മുന്നിൽ കീഴടങ്ങി. തലവെട്ടി ബിനു (ബിനു പാപ്പച്ചൻ47) എന്നറിയപ്പെടുന്ന ഇയാൾ അമ്പത്തൂരിലെ ഡപ്യൂട്ടി കമ്മിഷണർ ഓഫിസിലാണു കീഴടങ്ങിയത്. കണ്ടാലുടൻ വെടിവയ്ക്കാൻ ഉത്തരവിട്ടിരിക്കെയാണു കീഴടങ്ങൽ. ഫെബ്രുവരി ആറിനു പിറന്നാളാഘോഷത്തിനിടെ കൊടുവാൾ കൊണ്ടു കേക്ക് മുറിക്കുന്ന ദൃശ്യം വൈറലായതിനെത്തുടർന്നാണു ബിനു ശ്രദ്ധേയനായത്. പൊലീസിനെ വെട്ടിച്ചു കടന്ന ബിനു ഒരാഴ്ചയോളം വിവിധ സ്ഥലങ്ങളിൽ വാഹനത്തിൽ കറങ്ങിയ ശേഷമാണ് കീഴടങ്ങിയത്.

കോടതിയിൽ ഹാജരാക്കിയ ബിനുവിനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതിനിടെ, താൻ അത്ര വലിയ ഗുണ്ടയൊന്നും അല്ലെന്നും മാന്യമായി ജീവിതം നയിക്കാൻ അടുത്തിടെ തീരുമാനിച്ചിരുന്നുവെന്നും വ്യക്തമാക്കുന്ന സന്ദേശം ബിനു മാധ്യമ പ്രവർത്തകർക്ക് കൈമാറി.
തിരുവനന്തപുരത്ത് കുടുംബ വേരുകളുള്ള ബിനു ചെന്നൈ ചൂളൈമേടിലാണ് താമസം. എട്ട് കൊലപാതകക്കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. മുപ്പതോളം കേസുകളാണു ബിനുവിനെതിരെയുള്ളത്.

മൂന്നു വർഷത്തോളമായി ഒളിവിലായിരുന്നു. അതിനിടെ പിറന്നാളാഘോഷത്തിനു സഹോദരൻ ചെന്നൈയിലേക്കു ക്ഷണിക്കുകയായിരുന്നു. മൂന്നു വർഷത്തോളം മറ്റു ഗുണ്ടകളുമായി തനിക്കു ബന്ധമുണ്ടായിരുന്നില്ലെന്നും ചെന്നൈയ്ക്കു പുറത്ത് ഒളിച്ചു താമസിക്കുകയായിരുന്നുവെന്നും ബിനു പറയുന്നു. ഒളിത്താവളം സഹോദരനു മാത്രമാണ് അറിയാമായിരുന്നത്. ചെന്നൈയിലേക്കു പിറന്നാൾ ആഘോഷിക്കാൻ സഹോദരൻ ക്ഷണിച്ചതു കൊണ്ടാണു വന്നത്.എന്നാൽ മുൻ പങ്കാളികളെയും ആഘോഷത്തിനു വിളിച്ചത് അറിഞ്ഞില്ല. സഹോദരൻ നൽകിയ വാളു കൊണ്ടു കേക്കു മുറിക്കുമ്പോഴായിരുന്നു പൊലീസ് വളഞ്ഞത്. റെയ്ഡിനിടെ എങ്ങനെയോ രക്ഷപ്പെടുകയായിരുന്നു. എന്നാൽ പൊലീസ് എല്ലാ നീക്കങ്ങളുമറിഞ്ഞു പിന്നാലെ വന്നു. ആരോഗ്യ പ്രശ്‌നങ്ങളുമുള്ളതിനാൽ കീഴടങ്ങുകയാണെന്നും ബിനു പറഞ്ഞതായാണു വിവരം.

ഇരുനൂറോളം ഗുണ്ടകളുടെ സാന്നിധ്യത്തിലായിരുന്നു ഒരു ട്രക്ക് ഷോപ്പിലെ പിറന്നാളാഘോഷം. ഇതിനിടെ വടിവാളും മറ്റ് ആയുധങ്ങളുമായി ചില ഗുണ്ടകൾ റോഡിലേക്കിറങ്ങിയതാണു പ്രശ്‌നമായത്. ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന ഒരു ഗുണ്ടയെ വാഹനപരിശോധനയ്ക്കിടെ പിടികൂടിയതും സംഭവത്തെപ്പറ്റി വിവരം ലഭിക്കാൻ പൊലീസിനെ സഹായിച്ചു. അതോടെ, പൊലീസ് പല സംഘങ്ങളായി തയ്യാറെടുത്തു.

'ഓപ്പറേഷൻ ബർത്ത്‌ഡേ' എന്ന പേരിൽ രാത്രി പതിനൊന്നോടെയായിരുന്നു നീക്കം.ബിനുവിന്റെ പിറന്നാൾ ആഘോഷത്തിനിടെ 75 പിടികിട്ടാപ്പുള്ളികളെയാണ് പൊലീസ് നാടകീയമായി വളഞ്ഞിട്ടുപിടിച്ചത്. ചെന്നൈ അമ്പത്തൂർ മലയമ്പാക്കത്ത് ഗുണ്ടാനേതാവ് ബിനുവിന്റെ പിറന്നാൾ ആഘോഷിക്കാൻ ഒത്തുകൂടയപ്പോഴാണ് നിരവധി ഗുണ്ടകളെ ഒരുമിച്ച് വലയിലാക്കാൻ പൊലീസിന് കഴിഞ്ഞത്.

അൻപതു പേരടങ്ങിയ പൊലീസ് സംഘം ആഘോഷസ്ഥലം വളഞ്ഞ് തോക്കുചൂണ്ടി പിടികൂടുകയായിരുന്നു. മുപ്പതിലേറെപ്പേരെ സ്ഥലത്തുവെച്ചും ഓടിരക്ഷപ്പെടാൻ ശ്രമിച്ച ബാക്കിയുള്ളവരെ തുടർന്നു നടത്തിയ തിരച്ചിലിലുമാണ് പിടികൂടിയത്. എന്നാൽ, ബിനു അടക്കം പ്രധാന ഗുണ്ടകളിൽ പലരും ഓടി രക്ഷപ്പെട്ടിരുന്നു. വാഹനപരിശോധനയ്ക്കിടെ മദൻ എന്ന ഗുണ്ട അറസ്റ്റിലായതോടെയാണ് ബിനുവിന്റെ പിറന്നാൾ ആഘോഷത്തെക്കുറിച്ച് പൊലീസിന് വിവരം
ലഭിച്ചത്
.