- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേക്കുന്നിൽ ബഷീർ അന്തരിച്ചു; വിടപറയുന്നത് ലോക്സഭയിലും രാജ്യസഭയിലും നിയമസഭയിലും അംഗമായിരുന്ന രാഷ്ട്രീയ വ്യക്തിത്വം; ആന്റണിക്ക് മുഖ്യമന്ത്രിയാകാൻ എംഎൽഎ സ്ഥാനം രാജിവച്ച എ ഗ്രൂപ്പിലെ പ്രധാനി; പ്രേംനസീറിന്റെ സഹോദരീ ഭർത്താവ്; ഓർമ്മയാകുന്നത് സംശുദ്ധ രാഷ്ട്രീയ മുഖം
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് തലേക്കുന്നിൽ ബഷീർ അന്തരിച്ചു. 79 വയസ്സായിരുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് അഞ്ച് വർഷത്തോളമായി വിശ്രമത്തിൽ ആയിരുന്നു. വെമ്പായത്തെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ലോക്‌സഭ, രാജ്യസഭ എംപി ആയും എംഎൽഎ ആയും പ്രവർത്തിച്ചിരുന്നു.
വിദ്യാഭ്യാസ കാലം മുതൽ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ബഷീർ ചിറയൻകീഴിൽ നിന്ന് 1984ലും 1989ലും ലോക്സഭാ അംഗമായി. 1977ൽ കഴക്കൂട്ടത്ത് നിന്ന് നിയമസഭയിലെത്തിയെങ്കിലും എകെ ആന്റണിയെ മുഖ്യമന്ത്രിയാക്കാൻ വേണ്ടി എംഎൽഎ സ്ഥാനം രാജിവെച്ചു. തുടർന്ന് രാജ്യസഭാ അംഗമായി പ്രവർത്തിച്ചു. പ്രേംനസീറിന്റെ സഹോദരിയായ സുഹറയാണ് ഭാര്യ.
31 ആം വയസ്സിലാണ് രാജ്യസഭയിലെത്തുന്നത്. ചിറയൻകീഴ് നിന്ന് രണ്ടുതവണ ലോക്‌സഭാംഗമായി. കെപിസിസി ജനറൽ സെക്രട്ടറി, ഡിസിസി പ്രസിഡന്റ്, കെപിസിസി പ്രസിഡന്റിന്റെ താൽകാലിക പ്രസിഡന്റ് തുടങ്ങി നിരവധി പദവികൾ വഹിച്ച ബഷീർ സംശുദ്ധ രാഷ്ട്രീയത്തിന്റെ മുഖമായിരുന്നു. വിദേശത്തുള്ള മകൻ വന്ന ശേഷം മറ്റന്നാളായിരിക്കും സംസ്‌ക്കാരം. മൃതദ്ദേഹം ഗോകുലം മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കെ.എസ്.യു വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ എത്തി കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന നേതാവാണ് വിടപറഞ്ഞത്. 2016 വരെ കെപിസിസിയുടെ സുപ്രധാനമായ മുഖമായിരുന്ന ബഷീർ പിന്നീട് രോഗബാധിതനായതിനെ തുടർന്ന് പൂർണമായും വിശ്രമ ജീവിതത്തിലേക്ക് മാറുകയായിരുന്നു. 1945 ൽ തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് സമീപമുള്ള തലേക്കുന്ന് ഗ്രാമത്തിലായിരുന്നു ജനനം. മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന് കൂടുതൽ പ്രധാന്യം നൽകിയ വ്യക്തിത്വമായിരുന്ന ബഷീർ എകെ ആന്റണിയുടെ വിശ്വസ്തനായിരുന്നു.
രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക സാഹിത്യ സഹകരണരംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച തലേക്കുന്നിൽ ബഷീർ, അനവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. വെളിച്ചം കൂടുതൽ വെളിച്ചം, മണ്ഡേലയുടെ നാട്ടിൽ, ഓളവും തീരവും, രാജീവ് ഗാന്ധി-സുര്യതേജസ്സിന്റെ ഓർമയ്ക്ക്, വളരുന്ന ഇന്ത്യ- തളരുന്ന കേരളം എന്നിവ പ്രധാന പുസ്തകങ്ങളാണ്. കൂടാതെ ലേഖനങ്ങൾ, നിരൂപണങ്ങൾ എന്നിവയും ഉണ്ട്. കേരള യൂണിവേഴ്‌സിറ്റി യൂണിയന്റെ ആദ്യ ചെയർമാൻ, മികച്ച പാർലമെന്റേറിയൻ എന്നീ നിലകളിൽ പ്രശസ്തിയാർജിച്ചിട്ടുണ്ട്.