കണ്ണൂർ: ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കാൻ പോരാടുക എന്നതായിരുന്നു താലിബാൻ ഹംസയെന്നും ബിരിയാണി ഹംസയെന്നും അറിയപ്പെടുന്ന തലശ്ശേരിയിലെ തൗഫീക്കിൽ യു.കെ. ഹംസ എന്ന 57 കാരന്റെ പദ്ധതി. കൂട്ടാളിയായ തലശ്ശേരി കോടതിക്കു സമീപത്തെ സൈനാഫിൽ മനാഫ് റഹ്മാൻ ഇയാൾക്ക് എല്ലാവിധ പിൻതുണയും നൽകിയിരുന്നുവെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമായി.

മാതൃരാജ്യത്തോടു തന്നെ യുദ്ധം ചെയ്ത് പ്രത്യേക ഇസ്ലാമിക രാജ്യം സ്ഥാപിക്കുക എന്നതാണ് ഇസ്‌ളാമിക് സ്‌റ്റേറ്റിൽ പരിശീലനം തേടി ഇന്ത്യയിൽ തിരിച്ചെത്തുന്നവരുടെ പദ്ധതി. അവിശ്വാസികളെ കരുതിയിരിക്കണമെന്നും വിശ്വാസികൾ ഹിജ്ര ചെയ്യണമെന്നുമാണ് ഇവരുടെ ആശയം. അവർക്ക് ക്ലാസുകളെല്ലാം ലഭിക്കുന്നത് ബഹ്റിനിൽ വച്ചാണെന്ന് ഹംസ പറയുന്നു.

സംഘടനയുടെ ആമീർ പദവിയിലെത്തുകയായിരുന്നു ഹംസയുടെ പ്രധാന ലക്ഷ്യം. അതിനു വേണ്ടി മനാഫിനൊപ്പം കൂടുതൽ ആളുകളെ ചേർത്ത് സിറിയയിലേക്ക് റിക്രൂട്ട് ചെയ്യുകയാണ് പതിവ്. ബഹ്റിനിൽ 20 വർഷക്കാലമായി ഹോട്ടലിലെ കുക്കായിരുന്നു ഹംസ. അവിടെ വച്ചാണ് താലിബാൻ ഹംസ എന്ന പേരിൽ അറിയപ്പെട്ടിരുന്നത്. ഈ പേരു പോലും അന്തസ്സോടെ കൊണ്ടു നടക്കുകയായിരുന്നു അയാൾ. ഓസ്ട്രേലിയ, സ്വിറ്റ്സർലന്റ് എന്നീ രാജ്യങ്ങളിൽ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇസ്ലാമിക് സ്റ്റേറ്റ് രാജ്യങ്ങൾ എന്നറിയപ്പെടുന്ന സിറിയയിലേക്കോ അഫ്ഗാനിലേക്കോ ഹംസ ഒരിക്കൽ പോലും പോയിരുന്നുമില്ല. ഇയാൾ നിരവധി പേരെ ഇവിടേക്ക് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന വിവരമാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്.

ഇന്നലെ അറസ്റ്റിലായവരുൾപ്പെടെ തീവ്രവാദ കേസിൽ അഞ്ച് പേരെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കണ്ണൂർ ജില്ലയിലെ വളപട്ടണം, ചക്കരക്കല്ല് എന്നീ സ്ഥലങ്ങളിലും ബഹ്റിനിലും പ്രവർത്തിക്കുന്ന മൂന്ന് ഗ്രൂപ്പുകളാണ് ഇസ്ലാമിക് സ്റ്റേറ്റ്സിലേക്ക് റിക്രൂട്ട് ചെയ്യുന്നതെന്ന് ഹംസ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. മത കാര്യങ്ങളിൽ ഉന്നത പാണ്ഡിത്യമുള്ള ഹംസ അറബ്, ഉറുദു എന്നീ ഭാഷകളും അനായാസമായി കൈകാര്യം ചെയ്യാറുണ്ട്. ബഹ്റിനിൽ വെച്ച് പരിചയപ്പെട്ട ഒരു നൈജീരിയക്കാരന്റെ പേരും ഹംസ പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ തീവ്രവാദ ബന്ധത്തെക്കുറിച്ചും അറിയിച്ചിട്ടുണ്ട്.

കേരളത്തിൽ നിന്നും സിറിയയിലേക്ക് പോയവരിൽ ഇതുവരെയായി 15 പേർ കൊല്ലപ്പെട്ടതായി ഹംസ പൊലീസിന്റെ ചോദ്യം ചെയ്യലിൽ അറിയിച്ചിട്ടുണ്ട്. ആറ് മാസം മുമ്പ് സിറിയയിലേക്ക് പോകാനും ഹംസയുടെ നിർദ്ദേശ പ്രകാരം കൂട്ടാളിയായ മനാഫ് റഹ്മാൻ മംഗലാപുരം എയർപോർട്ടിൽ എത്തിയിരുന്നു. എന്നാൽ മനാഫിനെ അവിടെ വെച്ച് തിരിച്ചയക്കുകയായിരുന്നു. മനാഫിനെ പിൻതുടർന്ന് പോകാൻ ഹംസയും പദ്ധതി ഇട്ടിരുന്നു.

മനാമയിലെ അൽ-അൻസാർ എന്ന സ്ഥലത്തു വച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ്സുകാർക്ക് പരിശീലനം ലഭിക്കുന്നതെന്നും പരിശീലനം തേടിയവരെ സിറിയയിലേക്ക് കടത്തിയിട്ടുണ്ടെന്നും ഹംസ മൊഴി നൽകിയിട്ടുണ്ട്. ഹംസയുടെ അറസ്‌റ്റോടെ കേരളം കേന്ദ്രീകരിച്ച് നടക്കുമായിരുന്ന വലിയൊരു തീവ്രവാദി നീക്കമാണ് തടയാനായതെന്ന് പൊലീസും കണക്കുകൂട്ടുന്നു. കനകമല കേന്ദ്രീകരിച്ച് കഴിഞ്ഞവർഷം ഒക്ടോബറിൽ ഐഎസ് ക്യാമ്പ് നടത്തിയതായി കണ്ടെത്തുകയും പലരും അറസ്റ്റിലാവുകയും ചെയ്തിരുന്നു. കേരളത്തിലെ വിഐപികൾ ഉൾപ്പെടെ നിരവധി പേർക്കെതിരെ ആക്രമണം നടത്താൻ പദ്ധതിയിടുന്ന ക്യാമ്പായിരുന്നു ഇതെന്ന് ഐഎൻഎ വെളിപ്പെടുത്തുകയും ചെയ്്്തിരുന്നു.