ന്യൂഡൽഹി : താലിബാൻ തീവ്രവാദികളിൽ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന സൂചനയുള്ള ദൃശ്യം പങ്കുവെച്ച് ശശി തരൂർ എംപി. ഇതോടെ താലിബാനിൽ മലയാളികളുണ്ടെന്ന സംശയം സജീവമാകുകയാണ്. കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന താലിബാൻ തീവ്രവാദികളുടെ ദൃശ്യത്തിലാണ് മലയാളത്തിൽ സംസാരിക്കുന്ന തീവ്രവാദികളുടെ സാന്നിധ്യമുള്ളതായി സൂചനയുള്ളത്.

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചിരുന്നു. ഇതിൽ നിരവധി മലയാളികളും ഉണ്ടെന്നാണ് സൂചന. ഇവരാകാം താലിബാനൊപ്പം ചേർന്നതെന്നാണ് സൂചന. 'സംസാരിക്കട്ടെ' എന്ന് മലയാളത്തിൽ തീവ്രവാദികളൊരാൾ പറയുന്നതായാണ് വീഡിയോയിൽ അവ്യക്തമായി കേൾക്കാനാവുന്നത്. ദൃശ്യമനുസരിച്ച് ആ താലിബാൻ കൂട്ടത്തിൽ രണ്ട് മലയാളി തീവ്രവാദികളുണ്ടെന്നത് വ്യക്തമാണെന്നാണ് തരൂർ ട്വീറ്റ് ചെയ്തത്.

'ശബ്ദത്തിൽ നിന്ന് രണ്ട് മലയാളി താലിബാൻകാർ ഉണ്ടെന്നാണ് മനസ്സിലാവുന്നത്. സംസാരിക്കട്ടെ എന്ന പറയുന്ന മലയാളിയും മലയാളത്തിൽ പറയുന്നത് മനസ്സിലാവുന്ന മറ്റൊരു മലയാളിയും', എന്നാണ് തരൂരിന്റെ ട്വീറ്റ്. റമീസ് എന്ന ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്ത വീഡിയോയാണ് തരൂർ വീണ്ടും ഷെയർ ചെയ്തത്. ഇക്കാര്യം രഹസ്യാന്വേഷണ വിഭാഗങ്ങളും പരിശോധിക്കുന്നുണ്ട്. കൂടുതൽ മലയാളികൾ ഐഎസിലും താലിബാനിലും എത്തിയെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

കാബൂളിലേക്ക് പ്രവേശിച്ച് വിജയം സുനിശ്ചിതമാക്കിയ ഘട്ടത്തിൽ സന്തോഷം പങ്കിടുന്ന തീവ്രവാദികളുടെ ഇടയിലാണ് മലയാളി സാന്നിദ്ധ്യം മനസിലാകുന്നത്. സന്തോഷത്താൽ മതിമറക്കുന്ന ഒരു തീവ്രവാദി 'സംസാരിക്കട്ടെ'എന്ന് മലയാളത്തിൽ പറയുന്നത് കേൾക്കാനാകും. ഇത് മറ്റൊരു തീവ്രവാദിക്ക് മനസിലാകുന്നുമുണ്ട്. ഇതിൽ നിന്നും കൂട്ടത്തിലെ രണ്ട് പേർ മലയാളികളാണെന്ന് ഉറപ്പിക്കാനാവും.

ഐഎസ്, അൽഖായിദ തീവ്രവാദികളാണ് താലിബാൻ മോചിപ്പിച്ച തടവുകാരിൽ ഏറിയ പങ്കും. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐഎസ്സിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചു. കാബൂളിലെ ബദാം ബാഗ്, പുള്ളി ചർക്കി എന്നിവടങ്ങളിലെ ജയിലുകളിലുണ്ടായിരുന്ന തടവുകാരെയാണ് താലിബാൻ മോചിപ്പിച്ചത്. ഇവർ ആരൊക്കെയാണെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.


കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളാണ് മോചിപ്പിച്ചവരിലുള്ളതെന്നാണ് വിവരം.  21 പേരാണ് ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ പോയത്. ഐഎസ് ശക്തമായിരുന്ന കാലത്തും സിറിയയിലും, അഫ്ഗാനിസ്ഥാനിലും മലയാളികൾ എത്തിയിരുന്നു. ഇവരിൽ നല്ലൊരു പങ്കും ആക്രമണങ്ങളിൽ വധിക്കപ്പെട്ടു.

വിശുദ്ധയുദ്ധത്തിൽ ആകൃഷ്ടരായി കുടുംബം ഉപേക്ഷിച്ച് പോയവരും, കുടുംബത്തെ ഒന്നാകെ കൊണ്ടുപോയവരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇത്തരക്കാരെ തിരികെ പ്രവേശിപ്പിക്കേണ്ട എന്ന ശക്തമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.