തൃപ്രയാർ: തളിക്കുളത്ത് ജൂവലറിയിൽ നടന്ന കവർച്ച സിനിമാക്കഥയെ വെല്ലുന്നതെന്ന് പൊലീസ്. ഞായറാഴ്ച പുലർച്ചെ മൂന്നിനാണ് സിറാജ് തളിക്കുളത്ത് കട തുറക്കാൻ എത്തിയത്. കവർച്ച നടന്ന ജൂവലറിയുടെ തൊട്ടടുത്താണ് കട. കടയിലെത്തുമ്പോൾ ജൂവലറിക്കു മുന്നിൽ കാറുണ്ട്. മൂന്നുപേർ പുറത്തുനിൽക്കുന്നുമുണ്ട്. കട തുറന്ന നിലയിലായിരുന്നു. അകത്ത് പണി നടക്കുന്ന ശബ്ദവുമുണ്ട്. പുറത്തു നിൽക്കുന്നവർ ഹിന്ദിയാണ് സംസാരിച്ചിരുന്നത്. തന്നെ കണ്ടിട്ടും അവർക്ക് ഭാവഭേദമില്ല. അതുകൊണ്ടുതന്നെ സംശയവും തോന്നിയില്ല.

മോഷ്ടാക്കൾക്ക് നാട്ടുകാരെ കണ്ടിട്ടും ഭാവഭേദമൊന്നുമില്ലായിരുന്നെന്ന് കവർച്ചക്കാരെ കണ്ട വലിയകത്ത് സിറാജിന്റെ മൊഴി സകലരേയും ഞെട്ടിച്ചു. കള്ളന്മാർ സംസ്ഥാനം വിടാനുള്ള സാധ്യതയാണ് പൊലീസ് തിരിച്ചറിയുന്നത്. സിറാജിന്റെ മൊഴിയിൽ നിന്ന് കള്ളന്മാരുടെ രേഖാചിത്രം തയ്യാറാക്കാനാണ് ശ്രമം. ഒന്നര മണിക്കൂറോളം കവർച്ചക്കാർ കടയിലുണ്ടായിരുന്നു. കാർ തളിക്കുളം ചന്തക്കുള്ളിലേക്കുപോയി തിരിച്ചുവന്ന് അതേ സ്ഥലത്ത് വീണ്ടും നിർത്തിയപ്പോഴാണ് സംശയംതോന്നിയത്- സിറാജ് പറഞ്ഞു.

രാത്രി പത്തുമുതൽ കടയ്ക്കുള്ളിൽ ശബ്ദം കേട്ടിരുന്നതായി സമീപത്തെ സുരക്ഷാജീവനക്കാരനും പറഞ്ഞു. കഴിഞ്ഞ ദിവസം കടയിൽ ലൈറ്റുകളുടെ അറ്റകുറ്റപ്പണി നടന്നിരുന്നതിനാൽ അതിന്റെ തുടർച്ചയാകുമെന്ന് ഇരുവരും കരുതി.സമീപത്ത് ചായക്കടയിൽ വന്നവരും കടതുറന്നുകിടക്കുന്നത് കണ്ടിരുന്നു. കൊള്ളയടിക്കുകയാണെന്ന് അവരും കരുതിയില്ല. അത്ര സ്വാഭാവിക രീതിയിലായിരുന്നു കവർച്ചക്കാരുടെ പെരുമാറ്റം.

തൃപ്രയാറിലെ തളിക്കുളത്ത് ജൂവല്ലറിയിൽനിന്ന് രണ്ട് കിലോ 840 ഗ്രാം സ്വർണാഭരണങ്ങൾ കവർന്നതിന് പിന്നിൽ അന്യസംസ്ഥന തൊഴിലാളികളാണെന്ന നിഗമനത്തിലാണ് പൊലീസ്. 77,41,725 രൂപ വിലവരുന്ന സ്വർണ്ണാഭരണങ്ങളാണ് മോഷ്ടിച്ചത്. തളിക്കുളം സെന്ററിലെ അമൂല്യ ജൂവലറിയിലായിരുന്നു കവർച്ച. തളിക്കുളം എരണേഴത്ത് പടിഞ്ഞാട്ടയിൽ സുബിന്റെതാണ് ആഭരണക്കട. കേസന്വേഷണത്തിന് ഇരിങ്ങാലക്കുട എ.എസ്‌പി. കിരൺ നാരായണന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഞായറാഴ്ച പുലർച്ചെ ജൂവലറിയുടെ ഷട്ടർ ഉയർത്തിവെച്ചും വിളക്കുകൾ തെളിച്ചുമായിരുന്നു കവർച്ച. വ്യാജനമ്പറിൽ വെള്ളനിറത്തിലുള്ള കാറിലെത്തിയവരാണ് കവർച്ച നടത്തിയതെന്ന് കരുതുന്നു. കവർന്ന സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടികൾ ഒരുമനയൂർ ഭാഗത്ത് റോഡരികിൽനിന്ന് കണ്ടെടുത്തു. കടയുടെ ഷട്ടറിന്റെ സെന്റർ ലോക്ക് കമ്പിപ്പാരകൊണ്ട് തകർത്തും മറ്റ് ലോക്കുകൾ ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റിയുമാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സ്വർണം സൂക്ഷിച്ച ലോക്കറിന്റെ പൂട്ടുള്ള ഭാഗം ഗ്യാസ് കട്ടർ ഉപയോഗിച്ച് അറുത്തുമാറ്റി. ലോക്കറിലെ ആഭരണങ്ങളാണ് കവർന്നത്. ലോക്കറിൽനിന്ന് സ്വർണം മുഴുവനായി എടുക്കാനായില്ല.

സ്വർണത്തിനു പുറമേ രണ്ട് കിലോ വെള്ളിയും എട്ട് ലക്ഷം രൂപയും നഷ്ടപ്പെട്ടുവെന്നായിരുന്നു ആദ്യസംശയം. പൊലീസെത്തി കട പരിശോധിച്ചപ്പോൾ പണവും വെള്ളിയാഭരണങ്ങളും കടയിൽത്തന്നെ കണ്ടെത്തി. മൂന്നേ മുക്കാൽ കിലോ സ്വർണമായിരുന്നു കടയിലുണ്ടായിരുന്നത്. 2.840 കിലോ ഒഴിച്ചുള്ള സ്വർണം ലോക്കറിൽത്തന്നെയുണ്ടായിരുന്നു. മോഷ്ടാക്കൾ സംസ്ഥാനം വിട്ടെന്നാണ് പൊലീസിന്റെ നിഗമനം.

സമീപത്ത് ഇറച്ചിവ്യാപാരം നടത്തുന്ന വലിയകത്ത് സിറാജ് പുലർച്ചെ മൂന്നിന് കടയ്ക്ക് സമീപം ആറോളം പേരെ കണ്ടിരുന്നു. ഹിന്ദിയാണ് ഇവർ സംസാരിച്ചിരുന്നത്. കഴിഞ്ഞദിവസം കടയിൽ അറ്റകുറ്റപ്പണി നടന്നിരുന്നതിനാൽ ആദ്യം സംശയം തോന്നിയില്ല. പിന്നീട് സംശയം തോന്നിയ സിറാജ് സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനെ വിളിച്ച് കാര്യം പറഞ്ഞു. ജൂവലറി ഉടമയെയും വിളിച്ചു. ഇദ്ദേഹം ഫോൺ എടുക്കാതായപ്പോൾ വീട്ടിലെത്തി കടയിൽ പണി നടക്കുന്നുണ്ടോയെന്ന് ആരാഞ്ഞു. ഇല്ലെന്നറിഞ്ഞ് ഉടമയുമായി എത്തിയെങ്കിലും മോഷ്ടാക്കൾ സ്ഥലം വിട്ടിരുന്നു.

കവർച്ച നടത്തിയവരെന്ന് കരുതുന്നവരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. മൂന്നാഴ്ച മുമ്പ് ശ്രീനാരായണപുരം സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖ കവർച്ചചെയ്യാനെത്തിയവരുടെ ഫോട്ടോകളാണ് പുറത്തുവിട്ടത്. പരിസരത്തെ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിലാണ് ഇവരുടെ ചിത്രങ്ങൾ പതിഞ്ഞത്. ഇവർ തന്നെയാണ് തളിക്കുളത്തും കവർച്ച നടത്തിയതെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു.