കണ്ണൂർ:തളിപ്പറമ്പ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ് ആശുപത്രിയിൽ ശസ്ത്രക്രിയ നടത്താൻ അനസ്‌തേഷിയോളജിസ്റ്റിന് ഉച്ചയ്ക്ക് ശേഷം ആണെങ്കിൽ 5000 രൂപ കൊടുക്കണം. ഗവൺമെന്റ് ആശുപത്രിയിൽ നിലവിൽ അനസ്‌തേഷ്യോളജിസ്റ്റ് തസ്തികയിൽ ഡോക്ടർ ഉണ്ടെങ്കിലും അവരുടെ ഡ്യൂട്ടി സമയം ഇപ്പോൾ ഉച്ച വരെ മാത്രമാണ്.

ഉച്ചവരെയുള്ള ഡ്യൂട്ടി കഴിഞ്ഞ് ഇവർ പോകും. ഉച്ചക്കുശേഷം എന്തെങ്കിലും അത്യാവശ്യം ഘട്ടങ്ങൾ വന്നാലോ വൈകുന്നേരമോ രാത്രിയോ ആയി ശസ്ത്രക്രിയ നടത്തേണ്ട അവസ്ഥ വന്നാൽ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാവുന്ന സന്ദർഭമാണ് ഇപ്പോൾ നിലവിലുള്ളത്. 4000 രൂപയോ 5000 രൂപയോ പുറത്ത് നൽകി പ്രൈവറ്റ് ഡോക്ടറുടെ സേവനം തേടേണ്ട അവസ്ഥ നിലവിലുണ്ട്. ഇത്തരത്തിൽ പുറത്തുനിന്നും മറ്റൊരു ഡോക്ടറെ കൊണ്ടുവന്ന ശേഷം വേണം ശസ്ത്രക്രിയക്കായുള്ള അനസ്‌തേഷ്യ നൽകാൻ.

കഴിഞ്ഞദിവസം മലപ്പട്ടം സ്വദേശിനിയായി യുവതിക്ക് 4000 രൂപയാണ് അനസ്‌തേഷയ്ക്കുവേണ്ടി സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് നൽകേണ്ടി വന്നത്. ഇതുപോലെ വേറെയും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത്തരത്തിൽ അത്യാവശ്യമായി ശസ്ത്രക്രീയ നടത്തേണ്ടിവരുന്ന നിരവധി രോഗികൾ ഇപ്പോൾ ദുരിതം അനുഭവിക്കുന്ന നിലയിലാണ്. എന്തെങ്കിലും അത്യാവശ്യം വന്നു കഴിഞ്ഞാൽ അധികം തുക ചെലവാക്കേണ്ട അവസ്ഥയാണ്.

ഇവിടെ നിലവിൽ ഇപ്പോൾ ഒരു അനസ്‌തേഷ്യയോളജിസ്റ്റ് മാത്രമാണ് ഉള്ളത്. അനസ്‌തേഷ്യയോളജിസ്റ്റ് തസ്തികയിലേക്ക് രണ്ടു പേരെ നിയമിച്ചാൽ മാത്രമേ അധിക പണം നൽകി ശസ്ത്രക്രിയ നടത്തേണ്ടിവരുന്ന ദുരിതത്തിന് പരിഹാരം ആവുകയുള്ളൂ. ഇതിനുവേണ്ട നടപടി അധികൃതർ കൈകൊള്ളണമെന്നാണ് രോഗികളുടെ ആവശ്യം.