കണ്ണൂർ: കണ്ണൂർ ജില്ലയിലെ വ്യവസായ നഗരമെന്ന് അറിയപ്പെടുന്ന തളിപറമ്പിൽ യുവാവ് നടത്തിയതുകൊച്ചിയിലെ ശബരിനാഥ് നടത്തിയ ടോട്ടർ ഫോർ തട്ടിപ്പിനെക്കാൾ വലിയ തട്ടിപ്പ്. നിരവധി പേരിൽ നിന്നായി നൂറുകോടി തട്ടിയെടുത്ത് വിദേശത്തേക്ക് മുങ്ങിയ തളിപ്പറമ്പ് സ്വദേശിയായ യുവാവിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും ഇയാളെ കുറിച്ചു യാതൊരുവിവരവും ലഭിച്ചിട്ടില്ല.

നേരത്തെ തളിപറമ്പ് അള്ളാംകുളത്ത് താമസിക്കുകയും ഇപ്പോൾ ചാപ്പാരപടവിൽ താമസിക്കുന്ന കെ. മുഹമ്മദ് അബിനാസാണ്(22) മുങ്ങിയത്. കാണാതായ ഇയാളുടെ സഹായിയായ സുഹൈറിനെ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളെ നിക്ഷേപകരിൽ ചിലർ തട്ടിക്കൊണ്ടു പോയതാണെന്നാണ് പൊലീസ് പറയുന്നത്. ഈ കേസിൽ രണ്ടുപേരെ പൊലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്.

തളിപറമ്പ് കാക്കത്തോടിന് സമീപമുള്ള ഷോപിങ് കോംപ്ളക്സ് ലോത്ത് ബ്രോക്ക് കമ്യൂണിറ്റിയെന്ന പേരിൽ ട്രെയിഡിങ് ബിസിനസ് തുടങ്ങിയായിരുന്നു അബിനാസ് തട്ടിപ്പു നടത്തിയത്. ക്രിപ്റ്റോകറൻസിയിൽ നിക്ഷേപം നടത്തിയാൽ ദിവസങ്ങൾക്കുള്ളിൽ വൻ തുക ലാഭവിഹിതമായി ലഭിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിച്ചായിരുന്നു നിരവധി പേരിൽ നിന്നായി അബിനാസ് നിക്ഷേപം സ്വീകരിച്ചത്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ 13 ദിവസം കൊണ്ടു 30 ശതമാനം ലാഭം സഹിതം തുക തിരിച്ചു നൽകുമെന്നായിരുന്നു വാഗ്ദാനം.

അബിനാസിന് നേരിട്ട് പണം നൽകുന്നവർക്ക് 50 ശതമാനവും ലാഭം തിരിച്ചു നൽകുമെന്നും വാഗ്ദാനം ചെയ്യാറുണ്ട്. ഒരുലക്ഷം രൂപ നിക്ഷേപിച്ചാൽ 13-ാമത്തെ ദിവസം 1,30,000 രൂപ ലഭിക്കും. ഒരു കോടിരൂപ നിക്ഷേപിച്ചാൽ 30 ലക്ഷം രൂപ ലാഭവിഹിതമായി തന്നെ ലഭിക്കും. ആദ്യഘട്ടത്തിൽ നിക്ഷേപർക്ക് കൃത്യമായി മുതൽ മുടക്കും ലാഭവിഹിതവും നൽകിയിരുന്നു. ഇതോടെ സ്ഥാപനത്തെ കുറിച്ചു വിശ്വാസം വന്ന നിക്ഷേപകർ കൂടുതൽ തുക നിക്ഷേപിക്കാൻ തുടങ്ങി. ഇങ്ങനെ നൂറുകോടിയോളം രൂപ നിക്ഷേപം ലഭിച്ചതോടെയാണ് കഴിഞ്ഞ തിങ്കളാഴ്‌ച്ച അബിനാസ് മുങ്ങിയത്. മുങ്ങിയ ദിവസം തളിപറമ്പ് സ്വദേശിയായ ഒരാളിൽ നിന്നും 40ലക്ഷം രൂപ അബിനാസ് നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ട്.

പണം പോയവരിൽ വൻതോക്കുകൾ മുതൽ വീട്ടമ്മമാർ വരെയുണ്ട്. തളിപറമ്പിലെയും പരിസര പ്രദേശങ്ങളിലെയും പ്രമുഖർ ഉൾപെടെ നിരവധി പേരാണ് അബിനാസിന്റെ തട്ടിപ്പിൽ കുടുങ്ങിയത്. ഗൾഫിൽ ജോലി ചെയ്യുന്ന ചിലരുടെ ഭാര്യമാർ ഭർത്താക്കന്മാർ അറിയാതെ പണം നിക്ഷേപിച്ചിട്ടുണ്ട്. സ്വർണവും പണവും അബിനാസ് നിക്ഷേപമായി സ്വീകരിക്കാറുണ്ട്. സ്വർണം നിക്ഷേപിച്ചവരിൽ ഏറെയും വീട്ടമ്മമാരാണ്. പണം നഷ്ടപെട്ടതിൽ പ്രകോപിതനായ ഒരാൾ അബിനാസിന്റെ രണ്ടു ബൈക്കുകളും മത്സ്യംകൊണ്ടുപോകാൻ ഉപയോഗിക്കുന്ന വാഹനവും പിടിച്ചെടുത്തിട്ടുണ്ട്. മത്സ്യം വാങ്ങിയ തുകയിൽ തന്നെ അബിനാസ് ഇയാൾക്ക് രണ്ടുലക്ഷം രൂപയോളം കൊടുക്കാനുണ്ടെന്ന് പറയുന്നു. അതിനു പുറമേ 20 ലക്ഷം രൂപയോളം നിക്ഷേപവുമായി ഇയാളിൽ നിന്നും സ്വീകരിച്ചിട്ടുണ്ട്. നേരത്തെ പുഷ്പഗിരിയിലും അബിനാസ് താമസിച്ചിട്ടുണ്ട്. നിക്ഷേപം സ്വീകരിച്ചാൽ നൂറ് രൂപയുടെ സ്റ്റാമ്പ് പേപ്പറിൽ കരാർ എഴുതി നൽകും. അതിലാണ് 30 ശതമാനം ലാഭവിഹിതമടക്കമുള്ള തുക തിരിച്ചു നൽകുമെന്ന് ഉറപ്പു നൽകുക.

ഒരുക്കിയത് അത്യാധുനിക ഓഫീസ്

വാചാലമായി സംസാരിച്ച് ആളുകളെ വലയിലാക്കുന്നതിൽ അതിവിദഗ്ദ്ധനാണ് അബിനാസ്. ഇന്റർനെറ്റിലുള്ള മൂന്ന് സംവിധാനങ്ങളിൽ കുറ്റകൃത്യങ്ങൾക്ക് ഉപയോഗിക്കുന്ന ഡാർക്ക് വെബ് എന്ന് സംവിധാനമുണ്ട്. ഈസംവിധാനത്തിലൂടെയാണ് താൻ ക്രിപ്റ്റോ കറൻസി ഇടപാട് നടത്തുകയെന്നും ബാങ്ക് ഇടപാടുമായി സർക്കാരിന് ഒരു തരത്തിലും ബന്ധമില്ലാത്തതു കൊണ്ട് സർക്കാരിന് ഈ ഇടപാടുകളിൽ യാതൊരു നടപടിയും സ്വീകരിക്കാൻ കഴിയില്ലെന്നും ഇതു ആഗോളകമ്പനിയാണെന്നും ഇടപാടുകാരെ വിശ്വസിപ്പിക്കും. ഇതു തെളിയിക്കാൻ ലോകതലത്തിൽ തന്നെ ക്രിപ്റ്റോകറൻസി ഇടപാടിലൂടെ സാമ്പത്തിക വിനിമയം നടക്കുന്ന വാർത്തകളും, തെളിവുകളും അബിനാസ് ഇടപാടുകാരെ ബോധിപ്പിക്കും.

ലോകത്തിലെ പ്രമുഖ സാമ്പത്തികവിദഗ്ദ്ധരൊക്കെ ക്രിപ്റ്റോകറൻസി ഇടപാടിനെ തള്ളിക്കളഞ്ഞിട്ടുണ്ടെന്ന് ആരെങ്കിലും സൂചിപ്പിച്ചാൽ അതു റീട്ടൈയ്ൽ വ്യാപാരികൾക്ക് മാളുകളോട് തോന്നുന്ന അസൂയയും കുശുമ്പും പോലെയാണെന്ന് പറഞ്ഞ് വായടിപ്പിക്കും. അബിനാസിന്റെ നിക്ഷേപസമാഹരണ സ്ഥാപനം അത്യാധൂനിക സംവിധാനമുള്ളതും മികച്ച രീതിയിൽ രൂപകൽപന ചെയ്തതുമാണ്. ചുവരിൽ നിരവധി ഡിജിറ്റൽ സ്‌ക്രീനുകളും നിരവധി കൗണ്ടറുകളുമുണ്ട്. ഓഫീസിൽ ജീവനക്കാരുമുണ്ട്. തിങ്കളാഴ്‌ച്ച മുതൽ ഈ ഓഫീസ് തുറക്കുന്നില്ല. നിരവധി നിക്ഷേപകർ തങ്ങളുടെ പണം ലഭിക്കണമെന്നാവശ്യപ്പെട്ട് ഓഫീസിൽ എത്തുന്നുണ്ട്. തളിപറമ്പ് മാർക്കറ്റിലെ ഉണക്ക മത്സ്യവ്യാപാരി അദിനാൻ, പൂമംഗലം സ്വദേശി സുഹൈർ എന്നിവരാണ് അബിനാസിന്റെ പാർട്ണർമാർ. എന്നാൽ ഇവർക്ക് അബിനാസ് നടത്തുന്നത് സാമ്പത്തിക തട്ടിപാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്.

ബോളിവുഡ് സിനിമാസ്റ്റൈലിൽ അടിപൊളി ജീവിതം

നിക്ഷേപതട്ടിപ്പിലൂടെ കൊയ്ത കോടികൾ ചെലവഴിച്ചു അബിനാസ് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. രണ്ടുവർഷം മുൻപ് വരെ സാധാരണ ബൈക്കിൽ സഞ്ചരിച്ചിരുന്ന ഇയാൾ വാങ്ങിക്കൂട്ടിയത് നിരവധി ആഡംബര കാറുകളും ആഡംബര ബൈക്കുകളുമാണ്. തളിപറമ്പ് മദ്രസക്ക് സമീപമുള്ള ഷോപിങ് മാളിൽ മുറി വാടകയ്ക്കെടുക്കാൻ സാദാ ബൈക്കിലെത്തിയ ഇയാൾ നിക്ഷേപ ബിസിനസ് തുടങ്ങിയതോടെയാണ് സഞ്ചാരം ആഡംബര വാഹനങ്ങളിലാക്കിയത്. മൂന്നും നാലും ലക്ഷം രൂപ വിലവരുന്ന ബൈക്കുകൾ കോടിക്കണക്കിന് വിലവരുന്ന ഓഡി, ബെൻസ്, ഫോർച്യൂണർ കാറുകൾ അബിനാസിനുണ്ടായിരുന്നു. ഈ വാഹനങ്ങളിൽ മാറി മാറി സഞ്ചരിച്ചാണ് ഇയാൾ കാണുന്നവരെ വിസ്മയിപ്പിച്ചത്. അബിനാസ് ഷോപിങ് മാളിന് അഞ്ചുലക്ഷം രൂപ അഡ്വാൻസ് നൽകിയാണ് മുറിവാടകയ്ക്കെടുത്തത്. മത്സ്യവ്യാപാരത്തിനെന്ന് പറഞ്ഞായിരുന്നു മുറിയെടുത്തത്.

ഇതിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് 500 രൂപയുടെ മത്സ്യംവാങ്ങുന്നവർക്ക് സമ്മാനകൂപ്പൺ ഏർപെടുത്തുകയും വിജയികൾക്ക് 1,20,000 രൂപയുടെ സമ്മാനകൂപ്പൺ ഏർപെടുത്തുകയും ചെയ്തിരുന്നു. ഇതു കൂടാതെ ഇതേ മാളിൽ അന്താരാഷ്ട്ര നിലവാരമുള്ള മെൻസ് ബ്യൂട്ടിപാർലറും തുടങ്ങിയിരുന്നു. ചിക്കൻ ഡോട്ട് കോം എന്ന പേരിൽ ഓൺ ലൈൻ വഴി ചിക്കൻ വീടുകളിലെത്തിക്കുന്ന വ്യാപാരമായിരുന്നു അബിനാസ് ആദ്യം നടത്തിയിരുന്നത്. ഷോപിങ് മാളിൽ വ്യാപാര സംരംഭം തുടങ്ങിയ ശേഷമാണ് കാക്കത്തോടിന് സമീപത്തെ ഷോപിങ് കോംപ്ളക്സിൽ നിക്ഷേപ സമാഹരണ സ്ഥാപനംതുടങ്ങിയത്. നിക്ഷേപ തട്ടിപ് തുടങ്ങുന്നതിന് മുൻപ്് ചപ്പാരപടവിൽ അബിനാസ് സ്വന്തമായി വീടെടുക്കാൻ തുടങ്ങിയിരുന്നു. അന്നത്തെ സാമ്പത്തിക സ്ഥിതിയിൽ ഇടത്തരം വീടിനായിരുന്നു തുടക്കമിട്ടത്. എന്നാൽ കൈയിൽ പണം വന്നുകുമിഞ്ഞതോടെ വീട് അത്യാഡംബരമാക്കാൻ തീരുമാനിച്ചു. അപ്പോഴെക്കും വീടിന്റെ വാർപ്പ് ജോലിയടക്കം കഴിഞ്ഞതിനാൽ അടിസ്ഥാനപരമായ മാറ്റം അസാധ്യമായി. ഇതോടെ വീടിന്റെ അകത്തളം മോടിപ്പിടിച്ചായിരുന്നു അബിനാസ് തന്റെ പണകൊഴുപ്പ് പ്രകടിപ്പിച്ചത്.

ബോധംകെട്ടുവീണത് പണം പോയവർ

കോടികൾ തട്ടിയെടുത്ത് അബിനാസ് മുങ്ങിയ വിവരമറിഞ്ഞ് പലനിക്ഷേപകരും ബോധം കെട്ടുവീണുവെന്നാണ് വിവരം. കേരളത്തിലെ തന്നെ ഏറ്റവും വലിയ സാമ്പത്തികതട്ടിപ്പാണ് തളിപറമ്പിൽ നടന്നത്. അബിനാസിന്റെ വലയിൽ കുടുങ്ങിയവരിൽ സാമ്പത്തികമായി ഉന്നത ശേഷിയുള്ളവർ മുതൽ സാധാരണക്കാർ വരെയുണ്ട്. വളരെ പെട്ടെന്ന് സമ്പന്നരാകണമെന്ന് മോഹമാണ് പലരെയും വാരികുഴിയിൽ ചാടിച്ചത്. കേരളത്തിൽ സമാനരീതിയിലുള്ള തട്ടിപ്പു നടക്കുന്നതിന്റെ നിരവധി വാർത്തകൾ പുറത്തുവന്നിട്ടും തട്ടിപ്പിന് പലരും തലവെച്ചു കൊടുക്കുകയായിരുന്നു. അബിനാസിനെ അന്വേഷിച്ച് തളിപറമ്പ് ചപ്പാരപടവിലെ വീട്ടിലെത്തിയവരോട് വീട്ടുകാർ ചോദിച്ച ചോദ്യവും ഇതുതന്നെയായിരുന്നു. ഇത്രയും ചെറിയ ചെക്കന്റെ കൈവശം ഇത്രയധികം തുക എന്തു ധൈര്യത്തിലാണ് നിങ്ങൾ നൽകിയതെന്നായിരുന്നു വീട്ടുകാരുടെ ചോദ്യം. ഇതിന് ഉത്തരം നൽകാൻ വീട്ടിലെത്തിയവർക്ക് കഴിഞ്ഞതുമില്ല. നേരത്തെ തളിപറമ്പിലെ ഒരു മാളിൽ സെയിൽസ്മാനായി ജോലി ചെയ്തയാളായിരുന്നു അബിനാസ്. തുടർന്നാണ് ഇയാൾ ട്രേഡ് മാർക്കറ്റിങ് രംഗത്തേക്ക് കടന്നത്.