കണ്ണൂർ: ഒരു സർക്കാർ വിദ്യാലയത്തിലെ അഞ്ചാം ക്ലാസിലേക്കുള്ള പ്രവേശനത്തിന് പൊലീസ് ഇടപെടലിനും സംഘർഷത്തിനും കാരണമാവുന്നത് സംസ്ഥാനത്തു തന്നെ അപൂർവ്വം. മികവിന്റെ വിദ്യാലയമായ തളിപ്പറമ്പ് ടാഗോർ വിദ്യാ നികേതനാണ് ഇത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ചത്.

വിദ്യാർത്ഥികളെ ചേർക്കാൻ തലേന്നു രാത്രി മുതൽ രക്ഷിതാക്കൾ കുട്ടികൾക്കൊപ്പം ക്യൂ നിൽക്കുന്നതും ചരിത്രത്തിലാദ്യം. ഇവിടുത്തെ പ്രവേശന പരീക്ഷക്ക് കഴിഞ്ഞ വർഷം വരെ പാരലൽ കോളേജുകളിൽ അഞ്ചാം ക്ലാസുകാർക്ക് പ്രത്യേക പരിശീലനം നൽകുന്നതും അത്യപൂർവ്വം. എന്നാൽ കാര്യങ്ങൾ മാറി മറിഞ്ഞത് ഈ വർഷമായിരുന്നു. സർക്കാർ വിദ്യാലയത്തിലെ പ്രവേശന പരീക്ഷയെക്കുറിച്ച് നിരവധി പരാതികളുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇത്തവണ പ്രവേശന പരീക്ഷ തന്നെ റദ്ദാക്കപ്പെട്ടു. വിദ്യാർത്ഥി പ്രവേശനത്തിന് പ്രത്യേക മാനദണ്ഡങ്ങൾ പാടില്ല എന്നതിനാൽ അഞ്ചാം തരത്തിലേക്കുള്ള 120 സീറ്റുകളിലേക്ക് എത്തിയത് അതിന്റെ ഇരട്ടിയോളം.

എസ്. എസ്. എൽ.സി പരീക്ഷയിൽ എന്നും നൂറ് മേനി വിജയം കൊയ്യുന്ന സ്‌ക്കൂൾ. അദ്ധ്യാപകർക്ക് പ്രത്യേകം സർക്കാർ അലവൻസ് അനുവദിക്കുന്ന സംസ്ഥാനത്തെ ഏക വിദ്യാലയം. അതെല്ലാം പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രവേശന പരീക്ഷ വെച്ച് മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തിയാണ് കഴിഞ്ഞ വർഷം വരെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നത്. അത് പരാതിയായതിനെ തുടർന്നാണ് ഇത്തവണ മാനദണ്ഡങ്ങളില്ലാതെ പ്രവേശനം നടത്താൻ തീരുമാനിച്ചത്.

സ്‌ക്കൂളിന്റെ പെരുമ കൊണ്ട് ഓരോ രക്ഷകർത്താവിനും ഇവിടെ പ്രവേശനം ലഭിക്കണമെന്നത് അവരുടെ സ്വപ്നമാണ്. അതിനുള്ള ആഗ്രഹവും വെപ്രാളവുമാണ് ഇന്നലെ ഇവിടെ അരങ്ങേറിയത്. തലേന്ന് രാത്രി തന്നെ രക്ഷിതാക്കൾ കുട്ടികളുമായി സ്‌ക്കൂളിനു മുന്നിൽ ക്യൂ നിന്നു. നേരം പുലരുമ്പോഴേക്കും പ്രതീക്ഷിച്ചതിന്റെ ഇരട്ടിയോളം പേരെത്തി. അതോടെ സ്‌ക്കൂൾ അധികാരികൾ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും പൊലീസെത്തുകയും ചെയ്തു. രക്ഷിതാക്കൾ തള്ളിക്കയറിയതോടെ സംഘർഷാവസ്ഥ ഉടലെടുത്തു. ഇവിടെയെത്തിയ എല്ലാവർക്കും പ്രവേശനം നൽകണമെന്നാവശ്യപ്പെട്ട് കെ.എസ്. യു, എം. എസ്. എഫ്. സംഘടനകൾ രംഗത്തിറങ്ങി.

ഉപരോധ സമരം ആരംഭിച്ചു. സർക്കാർ വിദ്യാലയത്തിൽ പ്രവേശനം തേടാനെത്തിയവർക്ക് അത് നിഷേധിക്കരുതെന്ന നിയമം നിലവിലുണ്ടെന്നും അവരറിയിച്ചു. അതോടെ ആദ്യമെത്തിയ 120 പേർക്ക് പ്രവേശനം നൽകാമെന്നും അതിന് പുറമേയുള്ളവരിൽ നിന്നും പ്രവേശന ഫോറം വാങ്ങിച്ച് സൗകര്യങ്ങൾ വിലയിരുത്തി പ്രവേശനം നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതോടെയാണ് പ്രശ്നം താത്കാലികമായി പരിഹരിച്ചത്. ഇന്ന് ഈ സ്‌ക്കൂളിലേക്കുള്ള 8 ാം ക്ലാസ് പ്രവേശനവും നടത്തേണ്ടതുണ്ട്. അതും പ്രശ്ന സങ്കീർണ്ണമാകാൻ കാരണമാകും.

സർക്കാർ വിദ്യാലയത്തിൽ പ്രവേശനത്തിനു വരുന്ന ആരെയും തിരിച്ചയയ്ക്കരുതെന്ന ഉത്തരവു ചൂണ്ടിക്കാട്ടി എല്ലാവർക്കും പ്രവേശനം നൽകണമെന്ന് അവർ വാദിച്ചു. പുറത്തുള്ളവരെ സ്‌കൂൾ കെട്ടിടത്തിനകത്തേക്കു കയറ്റാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതോടെയാണു സംഘർഷം ഉടലെടുത്തത്. പൊലീസും കെഎസ്‌യു, എംഎസ്എഫ് പ്രവർത്തകർ തമ്മിലും ഉന്തും തള്ളും സംഘർഷവും നടന്നു. ചില പ്രവർത്തകർക്കു പരുക്കേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് എല്ലാവരിൽനിന്നും അപേക്ഷാഫോം വാങ്ങുവാനും സ്‌കൂളിലെ സൗകര്യങ്ങൾക്കനുസരിച്ചു തീരുമാനമെടുക്കാനും ധാരണയായത്.

കലക്ടറുടെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മിറ്റിയുടെ കീഴിലുള്ള ഈ വിദ്യാലയത്തിൽ പ്രവേശന പരീക്ഷയിലൂടെ മികച്ച വിദ്യാർത്ഥികളെ കണ്ടെത്തിയാണ് എല്ലാവർഷവും അഞ്ച്, എട്ട് ക്ലാസുകളിലേക്ക് പ്രവേശനം നടത്തിയിരുന്നത്. നിരന്തര പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തവണ പ്രവേശന പരീക്ഷ നിർത്തലാക്കിയത്. ഇതാണ് പ്രശ്‌നങ്ങൾക്ക് കാരണം