തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ഭൂരഹിതർക്കും എത്രയും വേഗം ഭൂമി ലഭ്യമാക്കണമെന്നും സർക്കാറിന്റെ ഒത്താശയോടെ സ്വകാര്യ വ്യക്തികളും കമ്പനികളും കൈയടിക്കിയിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കണമെന്നും ആവശ്യപ്പെട്ട് വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഭൂരഹിതർ താലൂക്ക് ഓഫീസുകൾ ഉപരോധിച്ചു.

സർക്കാർ പ്രഖ്യാപിച്ച ഭൂമി കേരളം പദ്ധതിയിൽ അപേക്ഷ സമർപ്പിച്ച 3.5 ലക്ഷം ഭൂരഹിതരിൽ ചുരുക്കം പേർക്ക് മാത്രമേ പട്ടയം നല്കിയിട്ടുള്ളു. സോണിയാഗാന്ധിയിൽ നിന്ന് നേരിട്ട് പട്ടയം ലഭിച്ചവർക്ക് പോലും ഇന്നുവരെ ഭൂമി അളന്നുതിരിച്ചു നല്കിയിട്ടില്ല. അതേസമയം ഭൂരഹിതർക്ക് വേണ്ടി കണ്ടെത്തിയ ഭൂമിയടക്കം ഹെക്ടർ കണക്കിന് ഭൂമി സ്വകാര്യ കുത്തക കമ്പനികളും വ്യക്തികളും കൈയേറിയിരിക്കുകയാണ്. സർക്കാറിന്റെ പിന്തുണയോടെയാണ് ഇവർ ഭൂമി കൈവശം വച്ചിരിക്കുന്നതെന്നും ഭൂമി കേരളം പദ്ധതിയുടെ കാലാവധി നീട്ടിയതിലൂടെ ഭൂരഹിതരെ വഞ്ചിക്കുകയാണ് സർക്കാർ ചെയ്തതെന്നും സമരക്കാർ പറഞ്ഞു.

വിവിധ താലൂക്ക് ഓഫീസുകൾ രാവിലെ എട്ട് മണി മുതൽ തന്നെ സമരക്കാരും പാർട്ടി പ്രവർത്തകരും ഉപരോധിച്ചു. കോഴിക്കോട് താലൂക്ക് ഓഫീസ് ഉപരോധം സംസ്ഥാന പ്രസിഡണ്ട് ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിൽ പാര്ട്ടി ഭാരവാഹികളും ഭൂസമരസമിതി നേതാക്കളും പ്രവര്ത്ത കരെ അഭിസംബോധന ചെയ്തു.

കരുനാഗപ്പള്ളിയിൽ വെല്‌ഫെയർ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് ഉപരോധത്തിനിടയിൽ അതിക്രമം കാണിക്കുകയും അന്യായമായി ലാത്തിച്ചാർജ് നടത്തുകയും ചെയ്ത സർക്ക്ൾ ഓഫീസർ വിദ്യാധരനെ സസ്‌പെന്റ് ചെയ്യണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി തെന്നിലാപുരം രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

സ്ത്രീകളടക്കം നൂറുകണക്കിന് ഭൂരഹിതർ അണിനിരന്ന ഉപരോധത്തിനെതിരെ അകാരണമായാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. സ്ത്രീകളെ ക്രൂരമായി മർദ്ദിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തു. സർക്കിൾ ഓഫീസർ അടക്കം സ്ത്രീകളോട് അപരമര്യാദയായി പെരുമാറുകയും അക്രമം കാണിക്കുകയും ചെയ്ത മുഴുവൻ പൊലീസ് ഓഫീസർമാർക്കു മെതിരെ ശക്തമായ നടപടി സ്വീകരിക്കണം. സർക്കാർ തന്നെ പ്രഖ്യാപിച്ച ഭൂമികേരളം പദ്ധതിയിൽ നിന്ന് പിന്നാക്കം പോകാനുള്ള നീക്കത്തിന് കൂട്ടുനില്ക്കാലത്ത ജനാധിപത്യപരമായ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് ഇല്ലാതാക്കാമെന്നത് ഉമ്മൻ ചാണ്ടി സർക്കാറിന്റെ വ്യാമോഹമാണെന്നും അദ്ദേഹം പറഞ്ഞു.