- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനുമതിയില്ലാതെ ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാനുള്ള താമരശ്ശേരി പഞ്ചായത്തിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു; തടഞ്ഞത് ഇന്ന് വൈകീട്ട് പ്രതിപക്ഷ നേതാവ് തറക്കല്ലിടേണ്ടിയിരുന്ന നിർമ്മാണം; നിർണ്ണായകമായത് ഭരണസമിതിയറിയാതെ തീരുമാനമെടുത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് അംഗങ്ങൾ നൽകിയ പരാതി
കോഴിക്കോട്: താമരശ്ശേരിയിൽ ഇന്ന് വൈകീട്ട് നാല് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തറക്കല്ലിടൽ കർമ്മം നടത്തേണ്ടിയിരുന്ന പദ്ധതിക്ക് ഹൈക്കോടതിയുടെ സ്റ്റേ. താമരശ്ശേരി പഴയ ബസ് സ്റ്റാന്റിൽ പഞ്ചായത്ത് നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ഷോപ്പിങ്കോപ്ലക്സ് നിർമ്മാണമാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഷോപ്പിങ് കോംപ്ലക്സ് നിർമ്മിക്കാനുള്ള തീരുമാനം പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ പോലും അറിയുന്നത് നഗരത്തിൽ തറക്കല്ലിടൽ ചടങ്ങിന്റെ ഫ്ളക്സ് ബോർഡുകൾ കണ്ടതിന് ശേഷമാണ്. പാരിസ്ഥിതിക അനുമതിയോ മറ്റ് അനുമതികളോ തേടാതെയാണ് പഞ്ചായത്ത് പ്രസിഡണ്ടും യുഡിഎഫ് താമരശ്ശേരി പഞ്ചായത്ത് കമ്മറ്റിയും ഷോപ്പിങ് കോംപ്ലക്സ് നിർമ്മാണം പ്രഖ്യാപിച്ചത്. എസ്റ്റിമേറ്റ് തയ്യാറാക്കുകയോ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കുകയോ ചെയ്യാതെ പ്രഖ്യാപിച്ച പദ്ധതിക്കെതിരെ പഞ്ചായത്ത് വാർഡ് മെമ്പർമാരായ പി.എം ജയേഷ്, എ.പി മുസ്തഫ എന്നിവർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിലാണ് തറക്കല്ലിടൽ ചടങ്ങിന് ഹൈക്കോടതി സ്റ്റേ നൽകിയിരിക്കുന്നത്.
താമരശ്ശേരി ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള താമരശ്ശേരി പഴയ ബസ്സ്റ്റാന്റിൽ അനധികൃതമായി നിർമ്മിക്കാനുദ്ദേശിച്ചിരുന്ന ഷോപ്പിങ് കോംപ്ലക്സിന്റെ തറക്കല്ലിടൽ കർമ്മമാണ് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുന്നത്.
ഇത് പഞ്ചായത്ത് ഭരണസമിതിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഈ പദ്ധതിയുടെ പ്രഖ്യാപനം മുതൽ പ്രതിപക്ഷം ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതുമാണ് കോടതിവിധി. പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം അവശേഷിക്കേ യാതൊരു വിധ അനുമതിയുമില്ലാതെ രമേശ് ചെന്നിത്തലയെ കൊണ്ട് തറക്കല്ലിടീക്കുന്നത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണെന്ന് നേരത്തെ തന്നെ ആരോപണം ഉയർന്നിരുന്നു. ഒരുമാസം മുൻപ് തന്നെ താമരശ്ശേരി നഗരത്തിൽ മുഴുവൻ തറക്കല്ലിടൽ ചടങ്ങിന്റെ പ്രചരണത്തിന് ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് അംഗങ്ങളായ പലരും ഈ ബോർഡുകൾ കണ്ടതിന് ശേഷമാണ് പഞ്ചായത്തിന് കീഴിൽ ഇത്തരത്തിലൊരു പദ്ധതി വരുന്നതായി അറിഞ്ഞത്പോലും.
ഒരു ബോർഡ് മീറ്റിംഗിലും ഇതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നില്ല. ഇത് വിവാദമായതോടെ ഒരു മാസം മുമ്പ് പ്രചരണം തുടങ്ങിയ പദ്ധതിയെ കുറിച്ച് കഴിഞ്ഞ പത്താം തിയ്യതിയിലാണ് മിനുട്സിൽ ഭരണ സമിതി തീരുമാനമായി എഴുതി ചേർത്തത്. പദ്ധതിക്ക് എസ്റ്റിമേറ്റും, എഎസ്, ടിഎസ് തുടങ്ങിയ അനുമതിയും ടെണ്ടർ നടപടിയും പൂർത്തീകരിച്ചിരുന്നില്ല. കൂടാത കാബിനറ്റ് റാങ്കുള്ള പ്രതിപക്ഷ നേതാവ് രമേശ്് ചെന്നിത്തല പങ്കെടുക്കുന്ന ചടങ്ങിൽ പ്രാട്ടോക്കോൾ പ്രകാരം പങ്കെടുക്കേണ്ട സ്ഥലം എംഎൽഎയെ പരിപാടിയിലേക്ക് ക്ഷണിക്കുകയോ വിവരം നൽകുകയോ ചെയ്തിരുന്നില്ല. ഇതിനെല്ലാം പുറമെ തറക്കല്ലിടൽ പരിപാടിയുടെ സാമ്പത്തിക ചെലവ് പഞ്ചായത്തിന് വഹിക്കാൻ പറ്റില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയും വ്യക്തമാക്കിയിരുന്നു. ഈ വസ്തുതകളെല്ലാം ചൂണ്ടിക്കാട്ടി പഞ്ചായത്ത് അംഗങ്ങളായ പി.എം ജയേഷ്, എ.പി മുസ്തഫ എന്നിവർ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് പദ്ധതി സറ്റേ ചെയ്തുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരിക്കുന്നത്