കോഴിക്കോട്; താമരശ്ശേരിയിൽ കോഴിക്കോട് ബാംഗ്ലൂൾ ദേശീയ പാതയിൽ സബ്ട്രഷറിക്ക് സമീപം ടാങ്കർ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ചു. താമരശ്ശേരി കുടുക്കിലുമ്മാരം സ്വദേശി പുതിയാമ്പത്ത് അപ്പുനായരാണ് മരിച്ചത്.

ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടർ ഒരേ ദിശയിൽ സ്ഞ്ചരിച്ച ടാങ്കർ ലോറിയുടെ പിറക് വശത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടാങ്കർ ലോറിയുടെ പിറകുവശത്തെ ടയറുകൾക്കടിയിലേക്ക് അപ്പുനായർ തെറിച്ച് വീഴുകയും ലോറിയുടെ ചക്രങ്ങൾ അദ്ദേഹത്തിന്റെ ശരീരരത്തിലൂടെ കയറി ഇറങ്ങുകയും ചെയ്തു. ശരീരരഭാഗങ്ങൾ റോഡിൽ ചിതറിക്കിടക്കുന്ന നിലയിലായിരുന്നു. അപ്പുനായർ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപ്പു നായർ സഞ്ചരിച്ചിരുന്ന കെഎൽ 57 9834 നമ്പർ ഹോണ്ട ആക്ടീവ സ്‌കൂട്ടർ ലോറിയുടെ പിറകിൽ ഇടതുവശത്തായി ചെറിയ തോതിൽ ഇടിക്കുകയും ഉടൻ തന്നെ അദ്ദേഹം ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഇരു വാഹനങ്ങളും റോഡിന്റെ ഓരം ചേർന്നായിരുന്നു പോയിരുന്നത്. പെട്രോളിയം ഉത്പന്നവുമായി പോകുകയായിരുന്ന കെഎൽ 11 എഇ 0994 നമ്പർ ടാങ്കർ ലോറിയാണ് അപകടത്തിൽ പെട്ടത്.റോഡിൽ രക്തവും ശരീര അവശിഷ്ടങ്ങളും ചിതറിക്കടന്നിരുന്നതിനാൽ ഫയർഫോഴ്സ് എത്തി റോഡ് കഴുകി വൃത്തിയാക്കിയതിന് ശേഷമാണ് ഗതാഗതം പൂർണ്ണമായും പുനർസ്ഥാപിച്ചത്.

പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടിക്രമങ്ങൾക്ക് ശേഷമായിരിക്കും സംസ്‌കാരം. താമരശ്ശേരിയിലെ ഷമീന തീയ്യേറ്ററിലെ ജീവനക്കാരനായിരുന്നു മരണപ്പെട്ട അപ്പുനായർ.