- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പയ്യന്നൂർ നാടിന്റെ തമ്പാച്ചിയെ ആടയാഭരണങ്ങളും തിരുവാഭരണങ്ങളും കൂടി സമാധിയിരുത്തി; മാടക്ക കുഞ്ഞിക്കണ്ണൻ ഇനി ഓർമ്മ; വിടവാങ്ങുന്നത് കമ്യൂണിസ്റ്റ് മാനവികത മുറുകെ പിടിച്ച തമ്പാച്ചി ഏട്ടൻ
കണ്ണൂർ : മലബാർ എന്നും തെയ്യങ്ങളുടെ നാടാണ്. പയ്യന്നൂർ നാടിന്റെ തെയ്യപ്പെരുമ വിളിച്ചോതിയ കലാകാരനായിരുന്നു കുഞ്ഞികണ്ണൻ. കണ്ടങ്കാളി ശ്രീ കണകത്ത് കഴകം പൂമാലക്കാവിലെ ആചാരക്കാരനും, ആചാര ശ്രേഷ്ഠനുമായ മാടക്ക കുഞ്ഞിക്കണ്ണൻ തന്റെ 96-മത്തെ വയസ്സിൽ മരിച്ചപ്പോൾ ആചാര തികവ് നിലനിർത്തുന്നതൊടൊപ്പം തന്റെ ചെറിയ പ്രായത്തിലെ കൂടെ കൂട്ടിയ കമ്മ്യൂണിസ്റ്റ് മാനവികതയും മുറുകെ പിടിച്ച അപൂർവ്വ വ്യക്തിത്വങ്ങളിലൊരാളാണ് കുഞ്ഞിക്കണ്ണൻ.
ഇദ്ദേഹത്തിനെ നാട്ടിൽ വിളിക്കുന്ന പേര് തമ്പാച്ചി ഏട്ടൻ എന്നാണ്. തമ്പാച്ചി എന്ന പദപ്രയോഗം ദൈവത്തെ സൂചിപ്പിക്കുന്ന ഒന്നാണ്. തന്റെ ചെറിയ പ്രായത്തിൽ തന്നെ കഷ്ടപ്പെടുന്നവരോട് ഐക്യപ്പെട്ട കുഞ്ഞിക്കണ്ണൻ നാടിനെ പിടിച്ചുകുലുക്കിയ 1948ലെ ക്ഷാമകാലത്ത് കുറ്റൂരിലെ വേങ്ങയിൽ നായനാരുടെ തറവാട്ടിലെ സമ്പന്നമായ പത്തായത്തിലെ നെല്ലെടുപ്പ് സമരത്തിൽ മുൻ എംഎൽഎ സി.പി നാരായണനോടൊപ്പം പങ്കെടുത്തതിന്റെ ഫലമായി മർദ്ദനവും, തടങ്കൽവാസവും അനുഭവിക്കേണ്ടി വന്നു. തന്റെ 40 മത്തെ വയസ്സിൽ ദൈവവിളി ലഭിച്ചതിനാൽ കീലോമീറ്ററുകൾ താണ്ടിയാണ് കണകത്ത് കഴകത്തിലെ പൂമാല കാവിലെ തമ്പാച്ചിയായി ആചാരപ്പെട്ടത്.
ഒരെ ജീവിത കാലഘട്ടത്തിൽ രണ്ട് വ്യത്യസ്ത ഭാവതലങ്ങളിൽ ജീവിതം പകർന്നാടിയ പ്രത്യേകതയും മാടക്ക കുഞ്ഞിക്കണ്ണൻ വെളിച്ചപ്പാടനുണ്ട്. ആചാര - അനുഷ്ഠാന കാര്യങ്ങളിലെ നിറഞ്ഞ അറിവും, മാനുഷിക തലവും കൊണ്ട് വിശ്വാസികളെ മാത്രമല്ല ഒരു നാടിനെയാകെ തന്നിലേക്ക് ആകർഷിച്ച ഒരു ദൈവം തന്നെയായിരുന്നു പൂമാല കാവിലെ ഈ വെളിച്ചപ്പാടൻ, അതു കൊണ്ട് തന്നെ ഈ വിയോഗം നാടിനെ കണ്ണീരീലാഴ്‌ത്തി.
വിവിധ ക്ഷേത്രങ്ങളിലെ സ്ഥാനീകരും കൂട്ടായിക്കാരും സമുദായിക്കാരും വാല്യക്കാരും ഉൾപ്പെട്ടവരുടെ സാന്നിധ്യത്തിൽ തമ്പാച്ചിയെ സമാധിയിരുത്തിയത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷത്തിന്റെ ഭാഗമായിരുന്നു. 40ആം വയസ്സ് മുതൽ എത്രയോ കാലം ഇദ്ദേഹം തമ്പാച്ചിയായി തുടർന്നു. ഒരു നാടിന്റെ ഒട്ടാകെ സ്‌നേഹം ഏറ്റുവാങ്ങി. കോവിഡിനു തൊട്ടുമുൻപ് വരെ 94-ാം വയസ്സിലും ക്ഷേത്രത്തിലെ അടിയന്തരാദി ചടങ്ങുകളിൽ വേഷഭൂഷാദികൾ അണിഞ്ഞ് അരങ്ങിലിറങ്ങി.
തന്റെ 20ആം വയസ്സിൽ കുറ്റൂർ നെല്ലെടുപ്പ് സമരം ഉൾപ്പെടെയുള്ള സമരങ്ങളിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിരുന്നു. 1948ൽ കണ്ടോന്താറിലെ ബ്രിട്ടിഷ് തടങ്കൽ പാളയത്തിൽ കഴിഞ്ഞിട്ടുണ്ട്. പട്ടുടുപ്പിച്ച് ഉത്തരീയം അണിയിച്ച് കുരുത്തോല കൊണ്ടുള്ള ആടയാഭരണങ്ങളും അരമണിയും കാൽച്ചിലമ്പും തിരുവായുധവുമൊക്കെയായി അരങ്ങിലിറങ്ങിയ പ്രതിപുരുഷന്റെ രൂപത്തിൽ തന്നെയാണു സമാധിയിരുത്തിയത്. നിലവിളക്കിന്റെ അകമ്പടിയോടെ സമാധി സ്ഥലത്തേക്ക് എഴുന്നള്ളിച്ചപ്പോൾ ആയിരങ്ങൾ പുഷ്പങ്ങൾ അർപ്പിച്ച് തമ്പാച്ചി എന്ന് ആദരപൂർവ്വം വിളിക്കുന്ന കുഞ്ഞിക്കണ്ണന് വിട നൽകി.
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്