തിരുവനന്തപുരം: തലസ്ഥാന നഗരത്തെ നടുക്കുന്ന അരുകൊലയാണ് ഇന്ന് തമ്പനൂരിൽ ഉണ്ടായത്. പട്ടാപ്പകൽ ഒരാൾ ആയുധവുമായി എത്തുകയും തുടർച്ചയായി വെട്ടി മരിച്ചു എന്നുറപ്പാക്കി മടങ്ങുകയുമാണ് ചെയ്യുന്നത്. അമ്പലംമുക്കിൽ മോഷണ ശ്രമത്തിനിടെ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിന്റെ നടുക്കം മാറും മുമ്പാണ് തലച്ചോറ് മരവിപ്പിക്കുന്ന മറ്റൊരു അരുംകൊലയും അരങ്ങേറിയിരിക്കുന്നത്.

തമ്പാനൂർ ഓവർ ബ്രിഡ്ജിന് സമീപമുള്ള ഹോട്ടൽ സിറ്റി ടവറിലെ റിസപ്ഷനിസ്റ്റിനെ മാരകായുധവുമായി എത്തിയ അക്രമി വെട്ടിക്കൊലപ്പെടുത്തുകയായയിരുന്നു. നാഗർകോവിൽ സ്വദേശിയായ അയ്യപ്പനാണ് കൊല്ലപ്പെട്ടത്. ഹോട്ടൽ റിസപ്ഷനിലെ കസേരയിൽ ഇരിക്കുകയായിരുന്നു അയ്യപ്പൻ. ഈ സമയം ബൈക്കിലെത്തിയ ആൾ ഹോട്ടലിലേക്ക് വെട്ടുകത്തിയമായി കടന്നുവരികയായിരുന്നു. ഈ സമയം റിസപ്ഷനിൽ ഇരുന്ന അയ്യപ്പന് എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുമ്പ് കൊലപാതകം നടന്നു. കടന്ന് വന്ന് കഴുത്ത് പിടിച്ചുവെച്ച് കൈയിൽ കരുതിയിരുന്ന വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

ബൈക്ക് ഹോട്ടലിന് പുറത്ത് വെച്ച ശേഷം വെട്ടുകത്തിയുമായി അക്രമി അകത്തേക്ക് പ്രവേശിക്കുന്നതും കൊല്ലണമെന്ന ഉദ്ദേശത്തോടെ കഴുത്ത് പിടിച്ചുവെച്ച് ആവർത്തിച്ച് വെട്ടുന്നതും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ചോര തെറിക്കുന്നതും ദൃശ്യങ്ങളിൽ നിന്നും കാണം. മരണം ഉറപ്പാക്കിയ ശേഷം പ്രതി ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്ത് അയ്യപ്പനും റൂം ബോയ് ആയി ജോലി നോക്കുന്ന മറ്റൊരു ജീവനക്കാരനും മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്.

ഹോട്ടലിലെ മാലിന്യം കളയുന്നതിന് റൂം ബോയ് പിൻഭാഗത്തേക്ക് പോയി മടങ്ങിയെത്തിയപ്പോൾ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന അയ്യപ്പനെയാണ്. കഴിഞ്ഞ ദിവസം രാത്രിയും അയ്യപ്പനുമായി സംസാരിച്ച ശേഷമാണ് വീട്ടിലേക്ക് പോയതെന്ന് ഹോട്ടൽ ഉടമയുടെ ഭാര്യ പറയുന്നു. എന്നാൽ എന്തെങ്കിലും പ്രശ്മുള്ളതായി അയ്യപ്പൻ തന്നോടോ ഭർത്താവിനോടോ പറഞ്ഞിരുന്നില്ലെന്നും അത്തരത്തിലൊന്നും തങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ഹോട്ടൽ ഉടമ പറയുന്നു. ഹോട്ടൽ ഉടമകളുടെ അകന്ന ബന്ധു കൂടിയാണ് അയ്യപ്പൻ.

മൂന്ന് വർഷത്തോളമായി ഇവിടെ ജോലി ചെയ്യുന്നയാളാണ് അയ്യപ്പൻ ലോക്ഡൗണിന് ശേഷം കുറച്ച് നാളുകൾക്ക് മുൻപാണ് വീണ്ടും ജോലിയിൽ പ്രവേശിച്ചത്. അതേസമയം പ്രതിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ സംഭവം നടന്ന സ്ഥലത്തേക്ക് എത്തിയിട്ടുണ്ട്. സംഭവത്തിൽ പൊലീസിനെ കുറ്റപ്പെടുത്തി പ്രതിപക്ഷം രംഗത്തുവന്നു. കേരളം ഗുണ്ടാ കോറിഡോറായി മാറിയിരിക്കുകയാണെന്നും ഗുണ്ടാസംഘങ്ങൾക്ക് സിപിഎം സംരക്ഷണം നൽകുകയാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പടുത്തി.

കേരളത്തിലെ ക്രമസമാധാനനില സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങൾ ശരിയെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ മൂക്കിന് താഴെയാണ് കൊലപാതകം നടന്നത്. പട്ടാപ്പകൽ റിസപ്ഷനിസ്റ്റിനെ വെട്ടിക്കൊന്നു. പാർട്ടിക്കാർക്ക് അഴിഞ്ഞാടാൻ അവസരം ഒരുക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.