തിരുവനന്തപുരം: തനിക്ക് പറയാനുള്ളത് ആരുടെ മുന്നിലും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതമായിരുന്നു അന്തരിച്ച ചലച്ചിത്ര സംവിധായകൻ തമ്പി കണ്ണന്താനത്തിന്റേത്. അദ്ദേഹത്തിന്റെ ഉറച്ച നിലപാടുകളും ആരുടെയും മുന്നിൽ വിട്ടുകൊടുക്കില്ലെന്ന മനസ്സുമാണ് സത്യത്തിൽ മോഹൻലാലിനെ സൂപ്പർ താരപദവിയിലേക്ക് ഉയർത്തിയത്.ഒരുകാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്നു നടൻ മമ്മൂട്ടിയും തമ്പി കണ്ണന്താനവും. മലയാളത്തിലെ ഹിറ്റ് മേക്കറായ ശശികുമാറിന്റെ അസിസ്റ്റന്റായി തുടങ്ങിയ കാലം മുതൽക്കേ തമ്പിക്ക് മമ്മൂട്ടിയെ അറിയാമായിരുന്നു. 1983 ൽ താവളം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് തമ്പി സ്വതന്ത്ര സംവിധായകനായത്. പിന്നീട് ആ സമയത്തെ വന്മരങ്ങളായ പ്രേംനസീറിനെയും മധുവിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി 'പാസ്‌പോർട്ട്' എന്ന ചിത്രം ചെയ്ത ശേഷം, മമ്മൂട്ടിയ്‌ക്കൊപ്പം കൈ കോർത്തു. എന്നാൽ 1985 ൽ പുറത്തിറങ്ങിയ 'ആ നേരം അൽപ ദൂരം' എന്ന ചിത്രം എട്ടു നിലയിൽ പൊട്ടി.

അടുത്ത തവണ വിൻസെന്റ് ഗോമസ് എന്ന അധോലോക നായകന്റെ കഥയുമായി തമ്പി കണ്ണന്താനം മമ്മൂട്ടിയെ ചെന്നു കണ്ടു. ഡെന്നീസ് ജോസഫിന്റേതായിരുന്നു തിരക്കഥ. മമ്മൂട്ടി ജോഷി ടീമിന്റെ നിറക്കൂട്ട് എന്ന ഹിറ്റ് ചിത്രത്തിന് തിരക്കഥ എഴുതിയത് ഡെന്നീസായിരുന്നു. ഡെന്നീസിലും കഥയിലും വിശ്വാസമുണ്ടായിരുന്നെങ്കിലും മമ്മൂട്ടിക്ക് തമ്പിയിൽ വിശ്വാസം പോരാ. അതേക്കുറിച്ച് തമ്പി ഒരു സിനിമാ മാസികക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെ.

'മമ്മൂട്ടി മുഖത്തുനോക്കി പറഞ്ഞു, ഡെന്നീസിന്റെ കഥകൊള്ളാം പക്ഷേ തമ്പിക്കൊപ്പം സഹകരിക്കാൻ എനിക്ക് താൽപ്പര്യമില്ല. 'ഞാൻ ലാലിനെ വെച്ച് ചെയ്തോളാമെന്നും ഈ പടം ഇറങ്ങുന്ന അന്ന് തന്റെ താരസിംഹാസനത്തിന്റെ കൗണ്ട് ഡൗണാണെന്ന് ഞാനും മമ്മൂട്ടിയുടെ മുഖത്ത് നോക്കി പറഞ്ഞു.' പ്രിയദർശൻ, സത്യൻ അന്തിക്കാട്, ഐ വി ശശി, പത്മരാജൻ തുടങ്ങിയവരുടെയെല്ലാം ചിത്രങ്ങളിൽ അഭിനയിച്ച് പേരും പ്രശസ്തിയും പെരുമയും നേടി മോഹൻലാലിന്റെ കരിയർ തിളങ്ങികൊണ്ടിരിക്കുന്ന സമയമായിരുന്നു അത്. മോഹൻലാലിന്റെ സമ്മതം കിട്ടിയതോടെ എനിക്ക് വാശിയായി. ഇതിനിടയിൽ ഒരു പൊതു ചടങ്ങിൽ വെച്ച് ഞാനും മമ്മൂട്ടി അപ്രതീക്ഷിതമായി നേർക്കുനേർ കണ്ടുമുട്ടിയപ്പോൾ 'വിൻസെന്റ് ഗോമസിന്റെ' സംഭാഷണങ്ങൾ ഉരുവിട്ടുകൊണ്ട് മമ്മൂട്ടി തമാശ രൂപേണ കളിയാക്കി. ഞാൻ അതൊന്നും മൈന്റ് ചെയ്തില്ല. 1986 ജൂലൈ 16നു റിലീസ് ചെയ്ത 'രാജാവിന്റെ മകൻ ' കണ്ണഞ്ചിപ്പിക്കുന്ന വിജയം സ്വന്തമാക്കി. വിൻസെന്റ് ഗോമസിന്റെ കോരിത്തരിപ്പിക്കുന്ന സംഭാഷണങ്ങൾ എങ്ങും അലയടിച്ചു.'-തമ്പി അക്കാലം ഓർക്കുന്നു.

ഇതേ സമയം, മറുവശത്ത് മമ്മൂട്ടിയുടെ ചിത്രങ്ങളെല്ലാം തിയേറ്ററുകളിൽ തകർന്നു അടിഞ്ഞു. അപ്പോഴാണ് മോഹൻലാലിനെ സൂപ്പർസ്റ്റാർ പട്ടം ചൂടിച്ചുകൊണ്ട് തമ്പി മമ്മൂട്ടിയോടുള്ള വെല്ലുവിളി ജയിച്ചത്. പക്ഷേ, അപ്പോഴും മമ്മൂട്ടിയോടുള്ള സൗഹൃദത്തിന് കുറവുണ്ടായിട്ടില്ലെന്നും തമ്പി ഓർക്കുന്നു. സിനിമ ഹിറ്റായപ്പോൾ അഭിനന്ദിക്കാനും മമ്മൂട്ടി മറന്നില്ല. മമ്മൂട്ടി -തമ്പി കണ്ണന്താനം കൂട്ടുകെട്ടിന്റെ ഒരുചിത്രം കാണാനുള്ള യോഗം മലയാള സിനിമക്കുണ്ടായില്ല.