ആറന്മുള: അയ്യപ്പവിഗ്രത്തിൽ ചാർത്തേണ്ട തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥഘോഷയാത്ര പാർഥസാരഥി ക്ഷേത്രത്തിൽ നിന്നാരംഭിച്ചു. ഭക്തജനങ്ങൾക്ക് വണങ്ങാനായി തങ്ക അങ്കി ദർശനത്തിന് വച്ചിരുന്നു.ശബരിമല മാതൃകയിൽ തയാറാക്കിയ രഥത്തിലേക്ക് മാറ്റി ആരതിയുഴിഞ്ഞതോടെ ഘോഷയാത്ര ആരംഭിച്ചു. മൂർത്തിട്ട ഗണപതി ക്ഷേത്രത്തിലായിരുന്നു ആദ്യ സ്വീകരണം. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിരതിരുനാൾ ബാലരാമവർമ ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്താനായി നടയ്ക്കു വച്ചതാണ് 451 പവൻ വരുന്ന തങ്കഅങ്കി.

ഘോഷയാത്ര 26ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പമ്പയിലെത്തും.23 ന് രാത്രി ഓമല്ലൂർ ശ്രീരക്തകണ്ഠസ്വാമി ക്ഷേത്രത്തിലാണ് രഥ ഘോഷയാത്രയ്ക്ക് വിശ്രമം. 24 ന് രാവിലെ 9.30 യാത്ര തുടങ്ങി കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിൽ തങ്ങി 25 ന് രാവിലെ ഏഴിന് യാത്ര ആരംഭിച്ച് റാന്നിയിലെത്തിച്ചേരും.

26 ന് രാവിലെ റാന്നി പെരുനാട്ടിൽ നിന്ന് തിരിക്കുന്ന രഥഘോഷയാത്ര ശബരിമലയ്ക്ക് പുറപ്പെടും. പമ്പാ പെട്രോൾ പമ്പിനു സമീപത്ത് വച്ച് പമ്പാ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറും സ്‌പെഷ്യൽ ഓഫീസറും തങ്ക അങ്കി ഏറ്റുവാങ്ങും.

ശരണഘോഷ അകമ്പടികളോടെ തങ്ക അങ്കി് അടങ്ങിയ പേടകം അയ്യപ്പ സേവാ സംഘം പ്രവർത്തകർ പമ്പാ ഗണപതി ക്ഷേത്രത്തിലെത്തിക്കും. വിശ്രമിച്ച ശേഷം ഉച്ചയ്ക്ക് മൂന്നു മണിയോടെ സന്നിധാനത്തേക്ക് യാത്ര പുറപ്പെടും.

വൈകിട്ട് അഞ്ച് മുപ്പതിന് ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസർ അടക്കമുള്ള ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും അയ്യപ്പ സേവാ സംഘം പ്രവർത്തകരും സ്വീകരിക്കും. കൊടിമര ചുവട്ടിൽ നിന്ന് ശ്രീകോവിലിനു മുമ്പിലെത്തുന്ന തങ്ക അങ്കി പേടകം തന്ത്രിയും മേൽശാന്തിയും ഏറ്റുവാങ്ങി ശ്രീകോവിലിനകത്തേക്ക് കൊണ്ടുപോകും. തുടർന്ന് നട അടച്ച് തങ്ക അങ്കി ഭഗവാന് ചാർത്തും. നട തുറന്ന് ദീപാരാധനയും നടത്തും.

27 നാണ് മണ്ഡലപൂജ. പുലർച്ചെ നാലിനു നട തുറന്ന് നിർമ്മാല്യം, ഗണപതി ഹോമം എന്നിവയ്ക്ക് ശേഷം രാവിലെ പത്തിന് നെയ്യഭിഷേകവും കളഭാഭിഷേകവും നടത്തും. പന്ത്രണ്ടിന് ഉച്ചപൂജ ആരംഭിക്കും. 12.29 നും 12.40 നും മധ്യേയുള്ള മീനം രാശി മുഹൂർത്തത്തിലാണ് മണ്ഡലപൂജ നടക്കുക. തിരുനട ഒരുമണിക്ക് അടച്ച് വൈകിട്ട് നാലു മണിക്ക് വീണ്ടും തുറക്കും. രാത്രി പത്തിന് ഹരിവരാസനം പാടി നട അടയ്ക്കും.ഇതോടെ 41 ദിവസത്തെ മണ്ഡല മഹോത്സവം സമാപിക്കും. മകര വിളക്ക് മഹോത്സവത്തിനായി മുപ്പതാം തീയതി ഞായറാഴ്ച വൈകിട്ട് വീണ്ടും നട തുറക്കും.