- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പണമായി പാറകൾ പൊട്ടിച്ചിതറിയപ്പോൾ മാനാംകുന്ന് ഇല്ലാതായി; സംസ്ഥാനപാതയോടു ചേർന്ന് തങ്കച്ചനും കൂട്ടരും ക്വാറി നടത്തുന്നതു നിയമങ്ങൾ കാറ്റിൽ പറത്തി; നെഞ്ചു തകർക്കുന്ന ആഘാതങ്ങൾക്കെതിരേ ആദിവാസികൾ ദേശീയ ഹരിത ട്രിബ്യൂണലിലേക്ക്
കണ്ണൂർ: പഴയ തലമുറ മാനാംകുന്ന് എന്ന് വിളിച്ചു പോന്നിരുന്ന മലയാണ് ഇന്നു തങ്കച്ചൻ ടീമിന്റെ ഉടമസ്ഥതയിലുള്ള പാറമട. മാനാംകുന്ന് എന്ന പേര് പുതിയ തലമുറയിലെ ആദിവാസികൾ പോലും കേട്ടിട്ടില്ല. ഇനി അങ്ങനെ ഒരു കുന്നും ഉണ്ടാകില്ല. എല്ലാം വെട്ടിപ്പൊളിച്ചു മാറ്റിക്കൊണ്ടിരിക്കയാണ്. മാനുകൾ ഇര തേടിയും ഇണ ചേർന്നും വിഹരിച്ച ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടാകാം മാനാംകുന്ന് എന്ന് ഇതിനു പേര് ലഭിച്ചത്. ഇന്ന് കുന്നിന്റെ അധികാരികൾ മാത്യു എം.പത്രോസും തങ്കച്ചന്റെ മരുമകൻ എബിൻ ഐസക്കുമാണ്. അവർക്ക് കൂട്ടായി ഒരു സംഘം പേർ ന്യൂഭാരത് സ്‌റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. കണ്ണവം നിക്ഷിപ്ത വനത്തിനരികിലെ റോഡിൽനിന്നും ഞങ്ങൾ ക്രഷറിന്റെ ചിത്രം എടുക്കുമ്പോൾ എബിൻ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിൽ നിന്നും പുറത്തുവന്ന് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വഴികാട്ടിയായി വന്ന യുവാവിന് മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകരുതെന്നു കരുതി ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ അവിടം വിട്ടു. റോഡരികിലൂടെ ചാരനിറത്തിലുള്ള വെള്ളം ഒഴുകിയതിന
കണ്ണൂർ: പഴയ തലമുറ മാനാംകുന്ന് എന്ന് വിളിച്ചു പോന്നിരുന്ന മലയാണ് ഇന്നു തങ്കച്ചൻ ടീമിന്റെ ഉടമസ്ഥതയിലുള്ള പാറമട. മാനാംകുന്ന് എന്ന പേര് പുതിയ തലമുറയിലെ ആദിവാസികൾ പോലും കേട്ടിട്ടില്ല. ഇനി അങ്ങനെ ഒരു കുന്നും ഉണ്ടാകില്ല.
എല്ലാം വെട്ടിപ്പൊളിച്ചു മാറ്റിക്കൊണ്ടിരിക്കയാണ്. മാനുകൾ ഇര തേടിയും ഇണ ചേർന്നും വിഹരിച്ച ഒരു കാലമുണ്ടായിരുന്നു. അതുകൊണ്ടാകാം മാനാംകുന്ന് എന്ന് ഇതിനു പേര് ലഭിച്ചത്. ഇന്ന് കുന്നിന്റെ അധികാരികൾ മാത്യു എം.പത്രോസും തങ്കച്ചന്റെ മരുമകൻ എബിൻ ഐസക്കുമാണ്. അവർക്ക് കൂട്ടായി ഒരു സംഘം പേർ ന്യൂഭാരത് സ്‌റ്റോൺ ക്രഷർ എന്ന സ്ഥാപനത്തിൽ നിലയുറപ്പിച്ചിട്ടുണ്ട്. കണ്ണവം നിക്ഷിപ്ത വനത്തിനരികിലെ റോഡിൽനിന്നും ഞങ്ങൾ ക്രഷറിന്റെ ചിത്രം എടുക്കുമ്പോൾ എബിൻ ഐസക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിൽ നിന്നും പുറത്തുവന്ന് എല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വഴികാട്ടിയായി വന്ന യുവാവിന് മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകരുതെന്നു കരുതി ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ അവിടം വിട്ടു.
റോഡരികിലൂടെ ചാരനിറത്തിലുള്ള വെള്ളം ഒഴുകിയതിന്റെ കാരണമന്വേഷിച്ചപ്പോൾ ക്വാറിയിൽ നിന്നുള്ള പൊടിപടലങ്ങൾ സംസ്ഥാന പാതയിൽ പതിക്കുന്നത് ഒഴിവാക്കാൻ റോഡിലേക്ക് വെള്ളം ഒഴുക്കുകയാണെന്ന് അറിഞ്ഞു. അനധികൃതമായി ക്വാറി പ്രവർത്തനം നടത്തുന്നതു മറച്ചുവയ്ക്കാനാണ് ഈ നടപടി. കാരണം ന്യൂ ഭാരത് ക്രഷർ നെടുംപൊയിൽ - മൈസൂർ റോഡിൽനിന്നും കേവലം 50 മീറ്റർ ദൂരത്തിലാണ് സ്ഥിതി ചെയ്യുന്നത്. 200 മീറ്ററെങ്കിലും ദൂരം വേണം സംസ്ഥാന പാതയിൽ നിന്നും ക്വാറി പ്രവർത്തനം നടത്താൻ. ഇതു മറച്ചുവയ്ക്കാനുള്ള ശ്രമമാണ് പതിവായുള്ള റോഡ് കഴുകൽ. റോഡിനു തൊട്ടു ചേർന്ന് വന്മതിൽ കെട്ടിയുയർത്തുന്നതിനാൽ ക്വാറിയിലെ എല്ലാ കാര്യങ്ങളും രഹസ്യമായാണ് നടക്കുന്നത്. അന്യസംസ്ഥാന തൊഴിലാളികൾ ക്വാറിക്കകത്തു മരിച്ചു വീണപ്പോഴും ആരും അറിഞ്ഞില്ല. കേളകം സ്‌റ്റേഷനിലെ പൊലീസുകാർ ഒപ്പമുള്ളപ്പോൾ ഭയപ്പെടേണ്ട കാര്യമില്ലല്ലോ.
1967 ലെ കേരളാ മൈനർ മിനറൽ ചട്ടപ്രകാരം 2024 ജൂൺവരെ ക്വാറിക്കു ലീസ് നൽകിയിരിക്കയാണ്. നിയമങ്ങളെല്ലാം കാറ്റിൽ പറത്തി യാതൊരു അന്വേഷണവുമില്ലാതെയാണ് ലൈസൻസ് നൽകിയതെന്ന് വ്യക്തം. കണിച്ച്യാർ പഞ്ചായത്ത്, മലിനീകരണനിയന്ത്രണ ബോർഡ്, പരിസ്ഥിതി ആഘാത നിർണയ അഥോറിറ്റിയുടെ എൺവയോൺമെന്റൽ കഌയറൻസ് എന്നിവയും ക്വാറിക്കുണ്ട്. ചുരുക്കത്തിൽ തങ്കച്ചൻ ഗ്രൂപ്പിന്റെ ക്വാറിയും ക്രഷറും പരിസ്ഥിതി സൗഹൃദമെന്ന് സാരം. സംസ്ഥാനത്തെ പഞ്ചായത്ത് മുതൽ പരിസ്ഥിതി വകുപ്പു വരെ തങ്കച്ചന്റെ പോക്കറ്റിലാണെന്ന് ഇതിലൂടെ വ്യക്തമാണ്. തങ്കച്ചൻ മുന്നിലുണ്ടെങ്കിൽ റോഡിന് അമ്പത് മീററർ പ്രവർത്തിക്കുന്ന ക്വാറി 200 മീറ്റർ പുറത്താകും. റോഡിലേക്ക് പൊടിപടലങ്ങൾ ആഞ്ഞടിച്ചാലും യാത്രികർ അനുഭവിക്കുക തന്നെ.
നെടുംപൊയിൽ 24 -ാം മൈലിൽ നിന്നും കണ്ണവം വനം അവസാനിക്കുന്ന റോഡിന്നരികിൽ ക്വാറിയിൽ നിന്ന് എടുത്ത മണ്ണ് കൂട്ടിയിട്ടിരിക്കയാണ്. ഒരു സ്‌റ്റേഡിയത്തോളം വിസ്തൃതിയിൽ സ്വാഭാവിക നീരുറവകളെ അടച്ച് കല്ലും മണ്ണും ഒക്കെ നിരത്തിക്കൊണ്ടിരിക്കുന്നു. 10 മീറ്റർ ഉയരത്തിലുള്ള തെങ്ങുകൾ മണ്ണിൽ മൂടപ്പെട്ടുകൊണ്ടിരിക്കുന്നു. കരിങ്കൽ ഖനനം മാത്രമല്ല സമീപത്ത് ഭൂമി വാങ്ങിക്കൂട്ടി പ്രകൃതിയെ അമ്മാനമാടുകയാണ്. എതിർക്കുന്നവരുടെ പോക്കറ്റ് നിറച്ചുകൊടുക്കുന്നതിനാൽ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥവൃന്ദവും പരിസ്ഥിതി രാഷ്ട്രീയക്കാരും എന്നും കണ്ടുകൊണ്ടിരിക്കുന്ന സ്ഥലത്ത് എന്തും നിക്ഷേപിക്കാനുള്ള അധികാരം അവർ സ്വയം എടുത്ത് പ്രയോഗിക്കുന്നു. സാധാരണക്കാരന് ഒരു വീടുണ്ടാക്കാൻ അല്പം മണ്ണ് നീക്കാൻ പോലും അനുവദിക്കാത്ത ഉദ്യോഗസ്ഥരാണ് ഈ പരിസ്ഥിതി ആഘാതത്തിന് കുട ചൂടുന്നത്.
ചെക്യേരി കോളനിയിലേക്കുള്ള വളഞ്ഞുപുളഞ്ഞു പോകുന്ന വീതികുറഞ്ഞ റോഡിലൂടെ വഴികാട്ടിക്കൊപ്പം വാഹനത്തിൽ യാത്ര. രണ്ടു കിലോമീറ്ററോളം ഓടിക്കാണും. വലിയ ഒരു കയറ്റത്തിൽ വണ്ടി നിർത്തി ഞങ്ങൾ കുന്നിൻ മുകളിലെ മൂത്രാടൻ കേളപ്പന്റെ വീട്ടുമുറ്റത്തെത്തി. അവിടെനിന്നാൽ മാനാംകുന്നിന്റെ യഥാർത്ഥ ചിത്രം വ്യക്തമായി. കോളനി നിൽക്കുന്ന മലക്കഭിമുഖമായി നിൽക്കുകയാണ് ക്രഷർ പ്രവർത്തിക്കുന്ന മല. ക്രഷർ പ്രവർത്തിക്കുന്നതും കരിങ്കൽ പൊട്ടിക്കുന്നതും ഇവിടെനിന്നു നോക്കിയാൽ വ്യക്തമായി കാണാം. ദിവസം മൂന്നു നേരം നടക്കുന്ന സ്‌ഫോടനത്തിന്റെ ആഘാതങ്ങൾ കോളനിയിലെ ഭൂരിഭാഗം വീടുകളിലും തെളിയുന്നു. കട്ടിളയും ജനലുകളും ഇളകി നിൽക്കുന്നു, മേൽക്കൂരയിലെ ഓടുകൾ തകർന്നതായും കാണുന്നു. ചുവരുകൾ വിള്ളൽ വീണ് പുറത്തേക്ക് തള്ളി നിൽക്കുന്നു. കുങ്കൻ കായലോടൻ, കുമ്പ, ചന്തുക്കുട്ടി എന്നിവർ അവരുടെ സങ്കടങ്ങൾ വിവരിച്ചു.
2006 ലെ പട്ടികവർഗ ഗോത്രവർഗ വനാവകാശ നിയമപ്രകാരം വന്യജീവികളും വനവും ജൈവവൈവിധ്യവും സംരക്ഷിക്കപ്പെടണം. വൃഷ്ടിപ്രദേശവും ജലസ്രോതസ്സും സംരക്ഷിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. വനവാസികളായ ഗോത്രവർഗങ്ങളുടേയും മറ്റും സ്വാഭാവിക വാസസ്ഥാനം സംസ്‌ക്കാരം , പൈതൃകം എന്നിവയെ ബാധിക്കുന്ന നശീകരണ പ്രവർത്തനങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം. ഗ്രാമസഭയിൽ എടുത്തിട്ടുള്ള തീരുമാനങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് സെക്്്്ഷൻ 5 ൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഈ നിയമങ്ങളെല്ലാം കാറ്റിൽ പറത്തി പാറമട തുരന്നെടുക്കുകയാണ്. പ്രാഥമിക കോടതിയിൽ നീതി തേടിയെത്തിയെങ്കിലും അവിടെ വിജയം പാറമടക്കാർക്ക് അനുകൂലം.
ഹരിത ട്രിബ്യൂണലിൽ പരാതി നൽകാൻ തയ്യാറെടുക്കുയാണ് ആദിവാസികൾ. 1812 ലെ കുറിച്യ കലാപത്തിന്റെ 204 ാം വാർഷികം ഈ മാസം 25 നാണ്. ബ്രിട്ടീഷ് ദുർഭരണത്തിനെതിരെ ആയുധമെടുത്ത് പോരാടിയതിന്റെ വീര്യം ഇന്നും കാത്തു സൂക്ഷിക്കുന്നുണ്ട് കുറിച്യ യുവാക്കൾ. ജനാധിപത്യ ഭാരതത്തിൽ വീണ്ടും അവകാശത്തിനായി പോരാട്ടത്തിന് ഇറങ്ങേണ്ടി വരുമോ എന്ന ആശങ്ക അവരിൽ പടരുകയാണ്.