അൽഹസ്സ: സ്‌പോൻസറുടെ തൊഴിൽകരാർ ലംഘനത്തിന് എതിരെ ലേബർ ഓഫീസിൽ പരാതി നൽകിയപ്പോൾ കിടപ്പാടം നഷ്ടമായി കടത്തിണ്ണയിൽ താമസിയ്‌ക്കേണ്ടി വന്ന തമിഴ്‌നാട് സ്വദേശി തങ്കമുത്തു, നവയുഗം സാംസ്‌കാരിക വേദിയുടെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി..

തമിഴ്‌നാട് തൃച്ചി സ്വദേശിയായ തങ്കമുത്തുരാമസ്വാമിയെ മൂന്നു മാസങ്ങൾക്ക് മുൻപാണ് റിയാദിലെ ഒരു മെറ്റൽവർക്ക് കമ്പനിയിൽ വെൽഡർ ജോലിയ്‌ക്കെന്നും പറഞ്ഞു കൊണ്ടു വന്നത്. 1800 റിയാൽ ശമ്പളവും,മറ്റു ആനുകൂല്യങ്ങളും ഉൾപ്പെടുത്തിയ ജോലി കരാർ ആയിരുന്നു നാട്ടിൽ വച്ച് ഒപ്പുവച്ചത്. നല്ലൊരു തുക സർവ്വീസ് ചാർജ്ജ് ആയി, വിസ നൽകിയ ഏജന്റ് വാങ്ങുകയും ചെയ്തു.

എന്നാൽ റിയാദിൽ എത്തിയപ്പോൾ പ്രതീക്ഷയ്ക്ക് വിരുദ്ധമായി വെൽഡർ ജോലിക്ക് പകരം സിമന്റ് ചുമക്കുന്ന ലേബർ ജോലിയാണ് സ്‌പോൻസർ തങ്കമുത്തുവിന് നൽകിയത്. അതും ദിവസവും പതിനാല് മണിക്കൂർ ജോലി ചെയ്യണമായിരുന്നു. 600 റിയാൽ മാത്രമേ അടിസ്ഥാനശമ്പളം തരികയുള്ളൂ എന്നും സ്‌പോൻസർ പറഞ്ഞു.

എന്നാൽ നാട്ടിൽ വച്ചു ഒപ്പിട്ട കരാറിൽ പറഞ്ഞ ജോലിയും ശമ്പളവും നൽകാത്തപക്ഷം ഈ കമ്പനിയിൽ ജോലി ചെയ്യില്ലെന്നും അല്ലെങ്കിൽ തിരികെ നാട്ടിലേയ്ക്ക് അയയ്ക്കണമെന്നും തങ്കമുത്തു ആവശ്യപ്പെട്ടു. സ്‌പോൻസർ എത്ര നിർബന്ധിച്ചിട്ടും, ഭീക്ഷണിപ്പെടുത്തിയിട്ടും ലേബർ ജോലി ചെയ്യാൻ തങ്കമുത്തു തയ്യാറായില്ല. തുടർന്ന് നാട്ടിലേയ്ക്ക് തിരികെ അയയ്ക്കാം എന്ന വാഗ്ദാനം നൽകി സ്‌പോൻസർ തങ്കമുത്തുവിനെ അൽഹസ്സയിലേയ്ക്ക് കൂട്ടിക്കൊണ്ട് വരികയായിരുന്നു.

എന്നാൽ അൽഹസ്സയിൽ എത്തയപ്പോൾ, ആളൊഴിഞ്ഞ ഒരു ഒട്ടകഫാമിൽ തങ്കമുത്തുവിനെ കൊണ്ടാക്കിയ സ്‌പോൻസർ അവിടെ ഒട്ടകങ്ങളെ മെയ്‌ക്കുന്ന ജോലി അയാൾക്ക് നൽകി. എതിർത്തപ്പോൾ ദേഹോപദ്രവം എൽപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു. ഭയന്ന് ഏതാനും ദിവസം അവിടെ ജോലി ചെയ്ത തങ്കമുത്തു, ഒരു ദിവസം സ്‌പോൻസർ ഇല്ലാത്ത നേരത്ത് ആ ഫാമിൽ നിന്നും പുറത്തു കടന്നു. അൽ ഹസ്സയിൽ ലേബർ കോടതിയിൽ എത്തിയ അയാൾ, സ്‌പോൻസർക്കെതിരെ തൊഴിൽനിയമലംഘനത്തിന് പരാതി നൽകിയിട്ട് തിരികെ ഫാമിലേയ്ക്ക് പോയി.

എന്നാൽ വിവരമറിഞ്ഞ സ്‌പോൻസർ ക്രുദ്ധനാവുകയും, തങ്കമുത്തുവിനെ മർദ്ദിച്ച് റോഡിൽ ഇറക്കി വിടുകയും ചെയ്തു. പോകാൻ മറ്റൊരു ഇടവുമില്ലാതിരുന്ന അയാൾ ഒരു കടത്തിണ്ണയിൽ അഭയം തേടി.

ദിവസങ്ങളോളം മതിയായ ഭക്ഷണമോ, വെള്ളമോ ലഭിക്കാതെ കടത്തിണ്ണയിൽ അവശനായി കിടന്ന തങ്കമുത്തുവിനെ നവയുഗം സാംസ്‌കാരികവേദി പ്രവർത്തകൻ രതീഷ് രാമചന്ദ്രൻ കാണുകയും, വിവരങ്ങൾ തിരക്കുകയും ചെയ്തു. തുടർന്ന് രതീഷ് അറിയിച്ചതനുസരിച്ച് നവയുഗം അൽഹസ്സ മേഖലകമ്മിറ്റി രക്ഷാധികാരിയും, ഇന്ത്യൻ എംബസ്സി വോളന്റീറുമായ ഹുസൈൻ കുന്നിക്കോട് അവിടെയെത്തുകയും, തങ്കമുത്തുവിനെ കൂട്ടിക്കൊണ്ടു പോയി നവയുഗം ഷുകൈക്ക് യൂണിറ്റ് രക്ഷാധികാരി ഷമിൽ നെല്ലിക്കോടിന്റെ സംരക്ഷണയിൽ എൽപ്പിക്കുകയുമായിരുന്നു.

ലേബർ കോടതിയിൽ നടന്ന കേസിൽ ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ നവയുഗം ഇടപെടുകയും, തങ്കമുത്തുവിന് വേണ്ടി ഹുസൈൻ കുന്നിക്കോടും നവയുഗം അൽഹസ്സയിലെ ജീവകാരുണ്യപ്രവർത്തകരും ഹാജരാകുകയും ചെയ്തു. സ്‌പോൻസറുടെ തൊഴിൽകരാർ ലംഘനങ്ങൾ തെളിവുസഹിതം നവയുഗം ജീവകാരുണ്യപ്രവർത്തകർ കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്തു. സത്യം മനസ്സിലാക്കിയ കോടതി, സ്‌പോൻസറോട് തങ്കമുത്തുവിന് ജോലി ചെയ്ത ഒരു മാസത്തെ ശമ്പളവും, ഫൈനൽ എക്‌സിറ്റും നൽകാൻ ഉത്തരവിട്ടു.

നവയുഗം ഹരത്ത് യൂണിറ്റ് കമ്മിറ്റി തങ്കമുത്തുവിന് നാട്ടിലേയ്ക്കുള്ള വിമാനടിക്കറ്റ് നൽകി. നിയമനടപടികൾ വളരെ പെട്ടെന്ന് തന്നെ പൂർത്തിയാക്കി, തന്നെ സഹായിച്ച നവയുഗം അൽഹസ്സയിലെ നല്ലവരായ പ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ് തങ്കമുത്തു നാട്ടിലേയ്ക്ക് മടങ്ങി.