പത്തനംതിട്ട: കോന്നി പെൺകുട്ടികളെ മരണത്തിലേക്ക് നയിച്ചതിന് ഒരു പരിധിയെങ്കിലും കാരണക്കാരനായ കോന്നി സിഐ സജിമോൻ വീണ്ടും വിവാദത്തിൽ. തണ്ണിത്തോട്ടിൽ പീഡനത്തിന് ഇരയായ ബുദ്ധിമാന്ദ്യമുള്ള യുവതിയെ മൊഴിയെടുക്കാൻ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയതാണ് വിവാദമായിരിക്കുന്നത്. കേസൊതുക്കാൻ ഭീഷണിയും വാഗ്ദാനവും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായി എന്ന ആരോപണവും മുറുകുന്നു.

കോന്നിയിലെ മൂന്നു ഹയർസെക്കൻഡറി വിദ്യാർത്ഥികൾ വീടു വിട്ടിറങ്ങിയെന്ന പരാതി കിട്ടിയിട്ടും വേണ്ട വിധം അന്വേഷിക്കാത്തതാണ് അവർ ജീവനൊടുക്കാൻ കാരണമെന്ന് കണ്ടെത്തിയിരുന്നു. പരാതിയും കൈയിൽ പിടിച്ച് പെൺകുട്ടികളെ കണ്ടെന്ന് പറയുന്ന മാവേലിക്കരയിൽ റോന്തു ചുറ്റാനാണ് സിഐ സജിമോൻ ശ്രമിച്ചത്. മറ്റുള്ള ഉദ്യോഗസ്ഥരെയൊന്നും അന്വേഷണത്തിൽ സഹകരിപ്പിച്ചുമില്ല. പെൺകുട്ടികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങൾ ബ്ലോക്ക് ചെയ്യേണ്ടതിന് പകരം ഇരുട്ടിൽത്തപ്പിയുള്ള അന്വേഷണമാണ് ഇയാൾ നടത്തിയത്. ദിവസങ്ങൾക്കുള്ളിൽ പെൺകുട്ടികൾ ജീവനൊടുക്കുകയും ചെയ്തു. സി.ഐയെ മാറ്റണമെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. എന്നാൽ മന്ത്രി അടൂർ പ്രകാശ് ഇടപെട്ട് കോന്നി സി.ഐയെ ഉറപ്പിച്ചു നിർത്തുകയായിരുന്നു. ഇരയെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുപ്പിച്ചുവെന്ന ഗുരുതരമായ വീഴ്ച വരുത്തിയത് സി.ഐയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി ചാർത്തിയിരിക്കുകയാണ്.

കഴിഞ്ഞ 15 നാണ് മാനസിക ദൗർബല്യമുള്ള ഇരുപത്തിയാറുകാരിയെ മേടപ്പാറ വനത്തിൽ കൊണ്ടുപോയി സംഘം ചേർന്ന് പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് മേടപ്പാറ എസ്റ്റേറ്റിലെ താമസക്കാരനായ മേടയിൽ ജോയിയെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശവാസികളായ യുവാക്കൾ ഉൾപ്പെടെ മറ്റു മൂന്നു പേർ കൂടി പീഡിപ്പിച്ചതായി യുവതി പൊലീസിന് മൊഴി നൽകിയെങ്കിലും നടപടിയൊന്നുമില്ല. വനിതാ പൊലീസിന്റെ അകമ്പടി പോലുമില്ലാതെയാണ് യുവതിയെ മൊഴിയെടുക്കാൻ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. പീഡനത്തിന് ഇരയായവർ എവിടെയാണോ അവിടെച്ചെന്ന് വേണം പൊലീസ് മൊഴിയെടുക്കാൻ. ഇവിടെ ഇര മാനസികദൗർബല്യമുള്ളയാളാകുമ്പോൾ പ്രത്യേകിച്ചും.

യുവതിയെ സിഐ ഓഫീസിലേക്ക് വിളിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ജില്ലാ സാമൂഹിക നീതി വകുപ്പിനെ വനിതാ സംരക്ഷണ ഓഫീസറെയടക്കം കോന്നി സ്റ്റേഷനിൽ സിപിഎമ്മുകാർ തടഞ്ഞു വച്ചിരുന്നു. എന്നാൽ, താൻ മൊഴിയെടുക്കാൻ യുവതിയുടെ വീട്ടിലേക്ക് പോവുകയായിരുന്നുവെന്നും കോന്നിയിൽ എത്തിയപ്പോൾ അവർ സിഐ ഓഫീസിൽ ഉണ്ടെന്നറിഞ്ഞ് അങ്ങോട്ടു കയറിയതാണെന്നും വനിതാ സംരക്ഷണ ഓഫീസർ വി എസ്. ഷിമ്‌ന പറയുന്നു. അതേസമയം, യുവതിയുടെയും മുത്തശിയുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടില്ലെന്നും കേസന്വേഷണത്തിന്റെ ഭാഗമായി വിദഗ്ധന്റെ സഹായത്തോടെ വിവരങ്ങൾ ചോദിച്ചറിയാൻ കൊണ്ടുവന്നതാണെന്നുമാണ് സിഐ സജിമോന്റെ വിശദീകരണം.

യുവതി നൽകിയ മൊഴി പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല. ഇവർ പറഞ്ഞ മറ്റു പ്രതികളെ രക്ഷിക്കാനാണ് പൊലീസിന്റെ ശ്രമം. പ്രതികളെന്ന് യുവതി പറഞ്ഞവർ മുത്തശിയെ ഭീഷണിപ്പെടുത്താനും വാഗ്ദാനം ചെയ്യാനും ശ്രമിച്ചിട്ടുണ്ട്. സുരക്ഷിതത്വം പരിഗണിച്ച് യുവതിയെയും മുത്തശിയെയും സാമൂഹിക നീതി വകുപ്പിന്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റാൻ ഉത്തരവുണ്ട്. യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത് തിരുവല്ല കോടതിയിലെ വനിതാ മജിസ്‌ട്രേറ്റാണ്. ഇതു യുവതിയെ വായിച്ചു കേൾപ്പിച്ച് ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.