പത്തനാപുരം: മാങ്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഓഫീസ് ജീവനക്കാരി തനൂജയുടെ (42) ദുരൂഹ മരണത്തിന്റെ ചുരുളഴിഞ്ഞു. തനൂജയുടെ ദുരൂഹ മരണത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. പാടം പിഎസ് ഹൗസിൽ മനോജ് എന്നറിയപ്പെടുന്ന ദിലീപി (43)നെയാണു കോന്നി സിഐ യുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. കൊടുമൺ ഏരിയാ കമ്മിറ്റിയുടെ കീഴിൽപെടുന്ന സിപിഎം പാടം ബ്രാഞ്ച് സെക്രട്ടറി ആണ് അറസ്റ്റിലായ ദിലീപ്. കഴിഞ്ഞ 28 നാണ് തനൂജയെ ഭർത്തൃഗൃഹത്തിൽ ഇലക്ട്രിക് വയറിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ ദുരൂഹതയുണ്ടെന്നാരോപിച്ചു നാട്ടുകാർ പ്രതിഷേധ സമരങ്ങൾ നടത്തുകയും, സിപിഎം നേതാവായ ഭർത്താവിന്റെ മർദനത്തെ തുടർന്നാണ് മകൾ മരിച്ചതെന്ന് കാട്ടി മാതാവ് ഇന്ദിര ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അടൂർ ഡി വൈ എസ് പി ആർ. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്.

മരണത്തിൽ പ്രേരണാക്കുറ്റം പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ഉച്ചയോടെ മനോജിനെ അറസ്റ്റ് ചെയ്തത്. മനോജ് നിരന്തരം തനൂജയെ ഉപദ്രവിച്ചിരുന്നതായും പൊലീസ് പറഞ്ഞു. മൊഴി രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ മനോജിനെ റിമാൻഡ് ചെയ്തു. സാക്ഷിമൊഴികളുടെയും പ്രാഥമിക അന്വേഷണത്തിന്റെയും അടിസ്ഥാനത്തിൽ, ദിലീപിന്റെ പ്രേരണകൊണ്ടാണ് തനൂജയുടെ മരണം എന്നു തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ് എന്ന് പൊലീസ് പറഞ്ഞു. ദിലീപീനെ പത്തനംതിട്ട കോടതിയിൽ ഹാജരാക്കി.

കഴിഞ്ഞമാസം 28നു രാവിലെയാണു തനൂജയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തു വരികയും സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് തനൂജയുടെ അമ്മ ഇന്ദിര ജില്ലാ പൊലീസ് മേധാവിക്കു പരാതി നൽകുകയും ചെയ്തിരുന്നു. പ്രദേശവാസികൾ ചേർന്ന് 'ജസ്റ്റിസ് ഫോർ തനൂജ' എന്ന പേരിൽ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു പരാതി നൽകുകയും പ്രതിഷേധയോഗവും പ്രകടനവും നടത്തുകയും ചെയ്തിരുന്നു. തനൂജയുടെ വിവാഹ ശേഷം ഭർത്താവ് ക്രൂര പീഡനത്തിന് ഇരയാക്കിരുന്നെന്ന് പരാതിയിൽ സൂചിപ്പിച്ചിരുന്നു. ഇതുസംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയും ഉണ്ടായിരുന്നു. ഏതു സാഹചര്യമുണ്ടായാലും ആത്മഹത്യചെയ്യില്ലെന്ന് തനൂജ പറഞ്ഞിട്ടുമുണ്ടത്രേ.

ഇത്തരം വിഷയങ്ങളെ സംബന്ധിച്ച് ബന്ധുക്കളുെടയും പ്രദേശവാസികളുടെയും ഉൾപ്പെടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അടൂർ ഡിവൈഎസ്‌പി ആർ. ജോസിന്റെ നേതൃത്വത്തിൽ കോന്നി പൊലീസ് ഇൻസ്‌പെക്ടർ ജെ. ഉമേഷ് കുമാർ, എസ്‌ഐ ശ്യാംമുരളി, എഎസ്‌ഐ സി.വൈ.റോയ്, എസ്സിപിഒമാരായ റോയ് മോൻ, അനിൽ കുമാർ, വനിതാ പൊലീസ് അനിതകുമാരി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. ദിലീപിനെ അറസ്റ്റ് ചെയ്‌തെങ്കിലും മരണത്തെ സംബന്ധിച്ച മറ്റു വിശദാംശങ്ങൾ കണ്ടെത്തുന്നതിനുള്ള അന്വേഷണം തുടരുന്നതായി പൊലീസ് പറഞ്ഞു.