കൊച്ചി:താന്തോന്നി തുരുത്തിലെ മണ്ണടിച്ച് നികത്തലുമായി ബന്ധപ്പെട്ട് പ്രദേശത്ത് സംഘർഷാവസ്ഥ. അനധികൃത ഭൂമി നികത്തിലനെതിരെ കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത നൽകിയുന്നു. ഇതേ തുടർന്ന് നാട്ടുകാർ സംഘടിച്ച് പ്രതിഷേധത്തിന് എത്തുകയായിരുന്നു. വൻ കിടക്കാരുടെ ഭൂമിയിലെ അനധികൃത നിലം നികത്ത് പരാതിക്കാരായ ചിലർ തടഞ്ഞതാണ് കഴിഞ്ഞ ദിവസം അടിപിടിയിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിവച്ചത്.

സ്ഥലത്ത് കായലിൽ നിന്ന് ഡ്രഞ്ചിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികളും ചില നാട്ടുകാരും ചേർന്നാണ് സംഘർഷമുണ്ടായത്. സുബ്ബയ്യൻ,ബാബു മണിയൻ ,ഉണ്ണി ,ബിജു ,ദിലീപ് എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെ തുടങ്ങിയ ചെറിയ കശപിശ പിന്നീട് സംഘടിച്ചെത്തി അക്രമം നടത്തുന്നതിലേക്ക് വരെ എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ സുബ്ബയ്യന്റെ നില ഗുരുതരമാണ്. ഇയാളെ നഗരത്തിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഇരുകൂട്ടർക്കും എതിരായി സംഘം ചേർന്ന് അക്രമം നടത്തിയതിന് കേസ് എടുത്തിട്ടുണ്ട്.

ജിഡയുടെ ചെലവിൽ യാതൊരു നിയമങ്ങളും പാലിക്കാതെ ഏക്കർ കണക്കിന് ഭൂമി വൻകിടക്കാർ നികത്തിയെടുക്കുന്നത് കഴിഞ്ഞ ദിവസം മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിരുന്നു. പത്മജ വേണുഗോപാലിന്റെ ബന്ധുക്കൾക്കും ,ഐ എൻ ടി യു സി നേതാവ് കെ പി ഹരിദാസിനും ,വിവാദ സിനിമ നിർമ്മാതാവിനും വരെ ഇവിടെ ഭൂമിയുണ്ട് . ഇതെല്ലാമാണ് സർക്കാർ ചെലവിൽ നികത്തുന്നത്. ഇവിടെ കണ്ടൽ കാടുകളും ജൈവ സമ്പത്തും നശിപ്പിക്കപ്പെടുന്നുണ്ടെന്ന് വില്ലേജ് ഓഫീസറുടെ റിപ്പോർട്ടും സർക്കാർ വകുപ്പുകൾ അവഗണിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റിയുടെ ചെയർമാൺ ജില്ലാ കളക്ടർ സെക്രട്ടറിയും. ഉന്നത രാഷ്ട്രീയ ബന്ധങ്ങളുള്ള ഭൂമാഫിയയാണ് ഇതിന് പിന്നിലെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നാട്ടുകാർ സംഘടിച്ചത്. വരും ദിനങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം

കണ്ടൽകാടുകളും ജൈവവൈവിധ്യവും നിറഞ്ഞ കൊച്ചി നഗരത്തിലെ താന്തോന്നി തുരുത്തിൽ സർക്കാരിന്റെ ചെലവിൽ ഏക്കർ കണക്കിന് ചതുപ്പ് നിലം വൻകിട ഭൂവുടമകളും രാഷ്ട്രീയ പ്രമുഖരും നികത്തുന്നതായി ആക്ഷേപം. പ്രകൃതിക്ഷോഭത്തെ വരെ തടയാൻ പ്രാപ്തമായ പച്ചപ്പിനെയാണ് പാവപ്പെട്ട മത്സ്യ തൊഴിലാളി കുടുംബങ്ങളെ കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാനെന്ന പേരിൽ ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി (ജിഡ)യുമായി ചേർന്ന് പ്രമുഖ വ്യക്തികൾ തങ്ങളുടെ ഏക്കർ കണക്കിന് ഭൂമി ഒരു ചിലവുമില്ലാതെ നികത്തിയെടുക്കുന്നത്.

കഴിഞ്ഞ വർഷം നവംബറിലാണ് പ്രദേശത്തെ 140 ഓളം കുടുംബങ്ങളുടെ തീരാദുരിതമായ കായൽ വെള്ളം വീടുകളിലേക്ക് കയറുന്നത് തടയാനായി ജിഡ 3.5 കോടി രൂപ അനുവദിച്ച് ഉത്തരവായത്. കായലിൽ നിന്ന് മണ്ണെടുത്ത് ഓരുവെള്ളം കയറുന്ന വീടുകളുടെ ചുറ്റുപാടുള്ള കുറച്ച് സ്ഥലം മാത്രം നിയകത്തി ബണ്ട് കെട്ടി പ്രദേശത്തെ സ്ഥിരമായി വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു പദ്ദതി. ഏതാണ്ട് 9 കോടി രൂപയാണ് മുഖ്യമന്ത്രി ചെയർമാനായുള്ള ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി ഇതിനായി നീക്കി വച്ചിട്ടുള്ളത്.

ജിഡയുടെ ഉത്തരവ് പ്രകാരം വീടുകളിലേക്ക് വെള്ളം കയറാതിരിക്കാനായി കായൽ ഡ്രഞ്ചിങ്ങ് നടത്തി 5 സെന്റും മൂന്ന് സെന്റും വരുന്ന ഭൂമി നികത്തിയെടുക്കാനെ അനുമതിയുമതിയുള്ളൂ. 2004 ലെ തണ്ണീതട സംരക്ഷണനിയമവും തീരദേശ പരിപാലന നിയമവും നഗ്‌നമായി ലംഘിക്കപ്പെടുകയാണ് താന്തോന്നി തുരുത്തിൽ .കൊച്ചി കോർപ്പറേഷന്റെ സ്ട്രക്ച്ചറൽ പ്ലാനിൽ പാറ്ക്കും കളിസ്ഥലവും എന്നാണ് താന്തോന്നി തുരുത്തിലെ ഈ ഭൂമിയെ അടയാളപ്പെടുത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച പരാതി ലഭിച്ചപ്പോൾ തന്നെ വിശദ അന്വേഷണത്തിന് കളക്ടർ ഉത്തരവിട്ടിരുന്നു. തുടർന്ന് മാർച്ച് മാസത്തിൽ വിശദപരിശോധനയും റവന്യൂ ഉദ്യോഗസ്ഥർ നടത്തി. കണ്ടൽകാടുകളുടെ നശിപ്പിക്കൽ കണ്ടെത്തുകയും ചെയ്തു. ഈ അന്വേഷണ റിപ്പോർട്ടിനും ഒന്നും സംഭവിച്ചില്ല. ഇതിന് ശേഷവും ഭൂമാഫിയ മണ്ണിട്ട് നികത്തൽ തുടർന്നുവെന്നതാണ് യാഥാർത്ഥ്യം.