കൊച്ചി: പരാതിക്കും വാർത്തകൾക്കും പുല്ല് വില ,താന്തോണി തുരുത്തിൽ നാട്ടുകാരുടെ എതിർപ്പ് അവഗണിച്ച് കണ്ടലും ചെമ്മീൻകെട്ടും നികത്തുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം സംഘർഷത്തെ തുടർന്ന് നിർത്തി വച്ച നിലം നികത്തൽ പൊലീസ് സംരക്ഷണത്തിൽ പുനരാരംഭിച്ചു. കായലിൽ നിന്ന് ഓരുവെള്ളം കയറുന്നത് തടയാനായി ജിഡ ആരംഭിച്ച ഏകദേശം ഒൻപത് കോടി രൂപ ചെലവ് വരുന്ന പദ്ധതിയുടെ ഭാഗമായാണ് കൊച്ചിയുടെ പച്ചപ്പായ തുരുത്തിലെ വൻ ജൈവവൈവിധ്യം മുച്ചൂടും നശിപ്പിക്കുന്നത്.

മറുനാടൻ മലയാളി വാർത്ത റിപ്പോർട്ട് ചെയ്തതിന് ശേഷം പ്രദേശത്തെ റസിഡൻസ് അസോസിയേഷൻ നേരിട്ട് ജിഡയുടെ സെക്രട്ടറി കൂടിയായ ജില്ലാ കളക്ടർക്കും സ്ഥലം ആർ ഡി ഒയ്ക്കും പരാതി നൽകിയിരുന്നു. വീടുകളിലേക്ക് ഓരുവെള്ളം കയറുന്നത് തടയാനെന്ന വ്യാജേന പ്രദേശത്തെ രാഷ്ട്രീയ നേതാക്കളുടേതുൾപ്പെടെയുള്ള ഭൂമിയാണ് നിയമങ്ങൾ എല്ലാം കാറ്റിൽ പറത്തി ഇവിടെ നികത്തുന്നത്. ഇത്തരത്തിൽ ഏതാണ്ട് 40 ഏക്കറിൽ പരം ഭൂമി നികത്തി കഴിഞ്ഞു. കണ്ടലിനും മറ്റും വ്യാപകമായ നാശനഷ്ടമുണ്ടാക്കുന്നതാണ് ഈ നികത്തെന്ന് വില്ലേജ് ഓഫീസർ കളക്ടർക്ക് റിപ്പോർട്ട് നൽകിയെങ്കിലും അതൊന്നും മുഖവിലക്കെടുക്കാൻ ജിഡയോ അതിന്റെ സെക്രട്ടറിയായ കളക്ടറോ ഇത് വരെ തയ്യാറായിട്ടില്ല. മത്സ്യ തൊഴിലാളികളായ ആളുകൾ കൂടിയാണ് തുരുത്തിലെ ഭൂരിഭാഗം പേരും. ട്രോളിങ്ങ് നിരോധന കാലമായതിനാൽ കായലിലെ തങ്ങളുടെ മത്സ്യ ബന്ധനത്തിനും ട്രഞ്ചിങ്ങ് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി കാണിച്ച് ജില്ലാ പൊലീസ് മേധാവിക്കും ഇവർ പരാതി നൽകിയിരുന്നു.

എന്നാൽ ജില്ലാ ഭരണകൂടം കൂടി പങ്കാളിയായ പദ്ദതിയിൽ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള ജില്ലാ കളക്ടർ എന്തെങ്കിലും നിലപാടെടുക്കട്ടെ എന്നാണ് പൊലീസ് വിശദീകരണം. സർക്കാർ ഉത്തരവുള്ളതിനാൽ നികത്തിലിന് സംരക്ഷണം നൽകാൻ തങ്ങൾ ബാധ്യസ്ഥരാണെന്നും പൊലീസ് പറയുന്നു. എന്നാൽ പദ്ദതിയുടെ ഉള്ളറകളിലേക്ക് ആരും തിരിഞ്ഞ് നോക്കുന്നില്ല എന്നതാണ് വാസ്തവം. എന്തായാലും വൻജൈവസമ്പത്തുള്ള താന്തോണി തുരുത്ത് ഈ അവസ്ഥയിൽ നികത്തൽ തുടരുകയാണെങ്കിൽ ശ്മശാന ഭൂമിക്ക് സമമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്ര വലിയ പരിസ്ഥിതി നശീകരണം നടന്നിട്ടും സ്വയം പ്രഖ്യാപിത പരിസ്ഥിതി വാദികൾ ആരും തന്നെ തുരുത്തിലേക്ക് തിരിഞ്ഞ് നോക്കാത്തതും ദുരൂഹമായി തുടരുകയാണ്.

കഴിഞ്ഞ വർഷം നവംബറിലാണ് പ്രദേശത്തെ 140 ഓളം കുടുംബങ്ങളുടെ തീരാദുരിതമായ കായൽ വെള്ളം വീടുകളിലേക്ക് കയറുന്നത് തടയാനായി ജിഡ 3.5 കോടി രൂപ അനുവദിച്ച് ഉത്തരവായത്. കായലിൽ നിന്ന് മണ്ണെടുത്ത് ഓരുവെള്ളം കയറുന്ന വീടുകളുടെ ചുറ്റുപാടുള്ള കുറച്ച് സ്ഥലം മാത്രം നിയകത്തി ബണ്ട് കെട്ടി പ്രദേശത്തെ സ്ഥിരമായി വെള്ളക്കെട്ടിൽ നിന്ന് രക്ഷിക്കുകയായിരുന്നു പ്ദധതി. ഏതാണ്ട് 9 കോടി രൂപയാണ് മുഖ്യമന്ത്രി ചെയർമാനായുള്ള ഗോശ്രീ ഐലന്റ് ഡവലപ്‌മെന്റ് അഥോറിറ്റി ഇതിനായി നീക്കി വച്ചിട്ടുള്ളത്.

താന്തോന്നി തുരുത്തിലെ കണ്ടൽ കാടുകൾക്കും അവിടുത്തെ ജൈവസമ്പത്തിനും യാതൊരു വിധത്തിലുമുള്ള നാശനഷ്ടവും ഉണ്ടാക്കില്ലെന്നായിരുന്നു ജിഡ മത്സ്യ തൊഴിലാളികളായ പാവപ്പെട്ട പ്രദേശവാസികളെ അറിയിച്ചിരുന്നത്. എന്നാൽ പദ്ധതിയുടെ മറവിൽ സർക്കാർ സൗജന്യം പറ്റി ഭൂമി നികത്തിയെടുക്കുന്നവരിൽ ഐ എൻ ടി യു സി നേതാവ് കെ പി ഹരിദാസും ,പത്മജവേണുഗോപാലിന്റെ കുടുംബവും വരെ ഉൾപ്പെടും.

പത്മജയുടെ അമ്മായിഅമ്മ ശ്രീദേവി അമ്മയുടേയും ഡോക്ടർ വേണുഗോപാലിന്റെ സഹോദരിയുടേയും പേരിലുള്ള ഏക്കർ കണക്കിന് ഭൂമിയാണ് ജിഡയുടെ ചെലവിൽ യാതൊരു നിയമങ്ങളും പാലിക്കതെ നികത്തുന്നത്. കെ പി ഹരിദാസിന് ഒന്നര ഏക്കർ ഭൂമിയും പത്മജ വേണുഗോപാലിന്റെ കുടുംബത്തിന് ഏതാണ്ട് അത്ര തന്നെ സ്ഥലവും ഉണ്ട്. ഹരിദാസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്പനിക്കും ഇവിടെ ഭൂമി ഉള്ളതായി പറയപ്പെടുന്നു. ഇവരെ കൂടാതെ ഡോക്ടർമാർക്കും സമൂഹത്തിലെ ഉന്നത സ്ഥാനീയർക്കും താന്തോന്നി തുരുത്തിൽ ഭൂമിയുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സിനിമാ നിർമ്മാതാവിനും വസ്തുവണ്ട്.

ഇതേക്കുറിച്ച് മറുനാടൻ മലയാളി വാർത്ത നൽകിയതോടെ നാട്ടുകാർ സംഘടിച്ചെത്തിയത് സംഘർഷത്തിൽ കലാശിച്ചിരുന്നു. വൻ കിടക്കാരുടെ ഭൂമിയിലെ അനധികൃത നിലം നികത്ത് പരാതിക്കാരായ ചിലർ തടഞ്ഞതാണ് കഴിഞ്ഞ ദിവസം അടിപിടിയിലേക്കും പിന്നീട് സംഘർഷത്തിലേക്കും വഴിവച്ചത്. സ്ഥലത്ത് കായലിൽ നിന്ന് ഡ്രഞ്ചിങ്ങ് നടത്തുകയായിരുന്ന തൊഴിലാളികളും ചില നാട്ടുകാരും ചേർന്നാണ് സംഘർഷമുണ്ടായത്.