- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കത്തും മണിയോർഡറും കൊടുക്കണം; അത്യാവശ്യക്കാർക്ക് വിരലടയാളം പതിച്ച് ബാങ്ക് അക്കൗണ്ടിലെ പണവും എടുത്തു കൊടുക്കണം; ഏതു വീടുകളിലാണ് രോഗികളും ക്വാറന്റൈനും ഉള്ളതെന്ന് അറിയില്ല; തപാൽ ജീവനക്കാരുടെ സേവനം അത്യന്തം അപകടകരം: കോവിഡു കാലത്ത് സുരക്ഷ ഒരുക്കാതെ സർക്കാരും തപാൽ വകുപ്പും
പത്തനംതിട്ട: ആരോഗ്യപ്രവർത്തകർ കഴിഞ്ഞാൽ ഈ കോവിഡ് കാലത്ത് അത്യന്തം അപകടരമായ സാഹചര്യത്തിൽ ജോലി ചെയ്യുന്നത് തപാൽ ജീവനക്കാർ. വീടുകളിലെത്തി കത്തും മണിയോർഡറും നൽകുന്ന പോസ്റ്റമാനോ/വുമണിനോ ഏതു നിമിഷവും രോഗം പകരാമെന്നതാണ് സ്ഥിതി. ഇവർക്ക് സുരക്ഷയൊരുക്കേണ്ട സർക്കാരും തപാൽ വകുപ്പും ഒന്നുമറിയാത്തതു പോലെ നടിക്കുകയും ചെയ്യുന്നു. മറ്റു സർക്കാർ വകുപ്പുകളിലൊക്കെത്തന്നെ ജീവനക്കാർക്ക് രോഗം ബാധിക്കാത്ത തരത്തിലുള്ള ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. ബാങ്കുകളിൽ 10 മുതൽ രണ്ടു വരെ പ്രവർത്തന സമയമാക്കി. സർക്കാർ ഓഫീസുകളിൽ പകുതി ജീവനക്കാർ. ചിലർക്ക് വർക്ക് ഫ്രം ഹോം ആനുകൂല്യം. സുരക്ഷിതത്വത്തിന്റെ തണലിൽ ഇക്കൂട്ടർ ജോലി ചെയ്യുമ്പോൾ യാതൊരു സുരക്ഷയുമില്ലാതെ പണിയെടുക്കേണ്ട ഗതികേടിലാണ് തപാൽ ജീവനക്കാർ.
അവശ്യ സർവീസ് ഗണത്തിൽപെടുത്തിയിട്ടുള്ള പോസ്റ്റുമാന്മാരടക്കമുള്ള ഡെലിവറി ജീവനക്കാരുടെ കാര്യമാണ് ഏറെ ബുദ്ധിമുട്ടിലായിട്ടുള്ളത്. സുരക്ഷയോ മുൻകരുതൽ സംവിധാനങ്ങളോ ഇല്ലാതെയാണ് ഇവരിൽ ഏറെപ്പേരും ജോലിചെയ്യുന്നത്. മാസ്കോ കൈയുറകളോ ഗുണനിലവാരമുള്ള സാനിട്ടൈസറോ യഥാസമയം ജീവനക്കാർക്കു ലഭിക്കുന്നില്ല. മുൻവർഷം കോവിഡ് വ്യാപനം സംസ്ഥാനത്ത് ലോക്ഡൗൺ അടക്കമുള്ള സാഹചര്യങ്ങൾ ഉണ്ടാക്കിയപ്പോഴും പോസ്റ്റ് ഓഫീസുകൾ പ്രവർത്തിക്കുകയും ജനങ്ങൾക്ക് പരമാവധി സേവനം ഉറപ്പാക്കുകയും ചെയ്തിരുന്നു. സാധാരണ തപാൽ ഉരുപ്പടികൾക്കു പുറമെ അവശ്യ ജീവൻ രക്ഷാ മരുന്നുകൾ മേൽവിലാസക്കാരന്റെ വീടുകളിൽ എത്തിച്ചു നൽകി ഏറെ പ്രശംസ വാങ്ങിയവരാണ് ജീവനക്കാർ.
ഓഫീസുകളിൽ എത്താൻ പൊതുഗതാഗത സംവിധാനങ്ങൾ ഇല്ലാതിരുന്നിട്ടു കൂടി കൃത്യമായി ഹാജരായി തപാൽ സേവനം കാര്യക്ഷമമായി നിറവേറ്റി. ജനങ്ങൾക്ക് ബാങ്കുകളിലോ എടിഎമ്മുകളിലോ പോയി നിക്ഷേപ തുക പിൻവലിക്കാൻ കഴിയാതിരുന്ന സാഹചര്യത്തിൽ തപാൽ ജീവനക്കാർ ആവശ്യക്കാരന്റെ വീടുകളിൽ എത്തി മൈക്രോ എടിഎം ഉപയോഗിച്ച് ആധാർ എനേബൾഡ് പേമെന്റ് സിസ്റ്റ(എഇപിഎസ്)ത്തിലൂടെ അവരുടെ ബാങ്കിലെ നിക്ഷേപതുക പിൻവലിച്ചു നൽകിയത് ആയിരങ്ങൾക്കാണ് പ്രയോജനപ്പെട്ടത്. എഇപിഎസ് പണം പിൻവലിക്കലിന് നിക്ഷേപകന്റെ വിരലടയാളം അത്യാവശ്യമാണ്. കോവിഡ് പശ്ചാത്തലത്തിൽ ഇത് ഏറെ വൈഷമ്യം ഉണ്ടാക്കുന്നതായിരുന്നെങ്കിലും കൈകൾ സാനിട്ടൈസർ ഉപയോഗിച്ച് അണു വിമുക്തമാക്കിയ ശേഷമാണ് ഈ സൗജന്യ സേവനം നൽകിയത്.
കോവിഡ് വ്യാപനം മൂർധന്യത്തിൽ ആയിരുന്നിട്ടും ഭാഗ്യം കൊണ്ടാണ് തപാൽ ജീവനക്കാർ മുൻവർഷം കോവിഡിന്റെ പിടിയിൽ നിന്നും രക്ഷപെട്ടത്. പോസ്റ്റുമാൻ അടക്കം ഫീൽഡ് ജോലി ചെയ്യുന്ന ജീവനക്കാരുടെ സുരക്ഷയ്ക്ക് ഉതകുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിൽ തപാൽവകുപ്പ് അലംഭാവം കാട്ടുന്നതായി ആരോപണമുണ്ട്. പലയിടങ്ങളിലും മുൻവർഷം ലോക്ഡൗൺ കാലത്ത് ജീവനക്കാർക്കു കാക്കിത്തുണിയുടെ മൂന്നോ നാലോ മാസ്കുകൾ നൽകിയതൊഴിച്ചാൽ പിന്നീട് എല്ലാം സ്വന്തം പണം മുടക്കി വാങ്ങി അവർ ഉപയോഗിക്കുകയായിരുന്നു. നൽകിയ മാസ്കുകൾ ആകട്ടെ ഗുണ നിലവാരമില്ലാത്തതും ഒരിക്കൽ കഴുകിയാൽ പിന്നെ ഉപയോഗിക്കാൻ കഴിയാത്തതുമായിരുന്നു. ഇവയുടെ ചരടുകൾ ഒരു കെട്ടുകഴിയുമ്പോഴേ പൊട്ടി പ്പോയി.
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ എല്ലാ സുരക്ഷാ മുൻകരുതലുകളും എടുക്കണമെന്ന് വകുപ്പ് അടിക്കടി നിർദ്ദേശം നൽകുന്നുണ്ടെങ്കിലും കാര്യമായ ഒരുക്കങ്ങൾ പലയിടത്തും ഇല്ലെന്നതാണ് വാസ്തവം. പല കൈമറിഞ്ഞു വരുന്ന കത്തുകളും മറ്റും രോഗ വ്യാപനത്തിന് ആക്കം കൂട്ടുമെന്ന ഭയം ജീവനക്കാർക്ക് ഇടയിലുണ്ട്. ഇവ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് ആവശ്യമായ കൈയുറകൾ വിതരണം ചെയ്യുന്നില്ല. പെൻഷൻ അടക്കമുള്ള മണി ഓർഡറുകൾ നൽകുമ്പോഴും രജിസ്ട്രേഡ് തപാലുകൾ വിതരണം ചെയ്യുമ്പോഴും മേൽവിലാസക്കാരന്റെ ഒപ്പോ വിരലടയാളമോ വാങ്ങേണ്ടതുണ്ട്. ഇതിനായി നൽകുന്ന പേന രോഗവ്യാപനത്തിന് സാധ്യത ഉണ്ടാക്കുന്നതാണ്. രോഗ സംശയമുള്ള ആളുകൾക്ക് ഉപയോഗത്തിനു നൽകേണ്ടി വരുന്ന പേന പലപ്പോഴും ജീവനക്കാർ ഉപേക്ഷിക്കുകയാണ് പതിവ്. മാസ്ക്, സാനിട്ടൈസർ, കൈയുറ എന്നിവ പോലെ തന്നെ ജീവനക്കാർക്ക് ആവശ്യമായ പേനയും മറ്റും വിതരണം ചെയ്യുന്നില്ലെന്ന ഗുരുതര ആക്ഷേപവുമുണ്ട്.
കോവിഡ് രോഗ വ്യാപന ഭീതി ഫീൽഡിൽ ജോലി ചെയ്യുന്ന തപാൽ ജീവനക്കാർക്കാണ് കൂടുതലെങ്കിലും ഓഫീസ് കൗണ്ടറുകളിൽ ജോലി ചെയ്യുന്നവരുടെ സ്ഥിതിയും ഭിന്നമല്ല. കറൻസി നോട്ടുകളിലും പേപ്പറുകളിലും കൂടിയും കൊറോണ വൈറസ് പകരുന്ന കാര്യത്തിൽ ആധികാരിക തെളിവുകൾ ഇല്ലെങ്കിലും ജീവനക്കാർ ആശങ്കയിലാണ്. കൗണ്ടറുകളിൽ പല കൈമറി ഞ്ഞെത്തുന്ന കറൻസി നോട്ടുകൾ കൈകാര്യം ചെയ്യുന്നതിൽ ജീവനക്കാർക്ക് ഭയാശങ്കയുണ്ട്. അതുപോലെ വിവിധ പാസ്ബുക്കുകളിൽ കണക്കു രേഖപ്പെടുത്തേണ്ടി വരുന്നതും കോവിഡ് രോഗ ഭീതി ഉയർത്തുന്നതാണെന്ന് ജീവനക്കാർ പറയുന്നു. അവശ്യ സർവീസായി പ്രഖ്യാപിച്ചിട്ടുള്ള തപാൽ സേവനം പരമാവധി ജനങ്ങൾക്കു പ്രയോജനപ്പെടുത്തുന്നതിൽ ജീവനക്കാർക്ക് താൽപര്യമാണ് ഉള്ളത്.
എന്നാൽ തങ്ങളുടേയും കുടുംബത്തിന്റേയും സുരക്ഷ കൂടി ഉറപ്പു വരുത്തണമെന്നതാണ് അവരുടെ ആവശ്യം. ഒരു സ്ഥലത്ത് കോവിഡ് രോഗി ഉണ്ടെങ്കിൽ ആ വിവരം ആരോഗ്യവകുപ്പ് അധികൃതർ ഉടൻ തന്നെ അവിടുത്തെ പോസ്റ്റോഫീസിൽ അറിയിക്കാനുള്ള സംവിധാനം ഉണ്ടാകണം. ഇതില്ലാത്തതിനാൽ പലപ്പോഴും കോവിഡ് രോഗികൾ ഉള്ള വീടുകളിൽ പ്രത്യേക തയ്യാറെടുപ്പില്ലാതെ കയറിച്ചെല്ലേണ്ട അവസ്ഥയും പോസ്റ്റുമാന് ഉണ്ടാകുന്നുണ്ട്. ഒരു പോസ്റ്റുമാന് കോവിഡ് രോഗം പിടിപെട്ടാൽ അദ്ദേഹത്തിന്റെ കുടുംബത്തിൽ മാത്രമല്ല അദ്ദേഹം ജോലി ചെയ്യുന്ന മേഖലയിലാകെ രോഗ വ്യാപന സാധ്യത ഉണ്ട്. ഇതുകൂടി പരിഗണിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മതിയായ സംവിധാനങ്ങളും മുൻകരുതലും ഒരുക്കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്