- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തറയിൽ ഫിനാൻസ് തട്ടിപ്പ്: സ്ഥാപനത്തിന്റെ മൂന്ന് ശാഖാ മാനേജർമാരെക്കൂടി പ്രതിചേർത്തു; നടപടി, നിക്ഷേപകരുടെ മൊഴിയുടെ പശ്ചാത്തലത്തിൽ; വിവിധ പൊലീസ് സ്റ്റേഷനുകളിലായി 137 കേസുകൾ
പത്തനംതിട്ട: തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിൽ സ്ഥാപനത്തിന്റെ മൂന്ന് മാനേജർമാരെക്കൂടി പ്രതിചേർത്തു. പത്തനംതിട്ട ശാഖാ മാനേജർ വർഗീസ്, ഓമല്ലൂർ മാനേജർ തങ്കച്ചൻ, അടൂർ മാനേജർ കെ.ഇ.ജോൺ എന്നിവരാണ് പ്രതികളായത്. റിമാൻഡിലുള്ള ഒന്നാം പ്രതിയും സ്ഥാപനയുടമയുമായ സജി സാമിന് ജാമ്യം കിട്ടുന്നത് ഒഴിവാക്കാൻ ഒരോ കേസും പ്രത്യേകമായാണ് രജിസ്റ്റർ ചെയ്യുന്നത്. പത്തനംതിട്ടയിലാണ് കൂടുതൽ കേസുകൾ.
സ്ഥാപന ഉടമ സജി സാമിന്റെ നിർദേശപ്രകാരം നിക്ഷേപം സ്വീകരിച്ചത് ശാഖാ മാനേജർമാരാണെന്നതിനാലാണ് ഇവരും പ്രതികളായത്. മാനേജർമാർക്കെതിരേ നിക്ഷേപകരുടെ മൊഴിയുമുണ്ട്. സ്ഥാപനം തകർച്ചയിലാണെന്ന ഉറച്ച ബോധ്യത്തിലും പണം സ്വീകരിക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇവരുടെ ഭാഗത്തുനിന്ന് ഉണ്ടായതായാണ് നിക്ഷേപകരിൽ വലിയൊരു ശതമാനത്തിന്റെയും മൊഴി.
കേസിൽ അറസ്റ്റിലായ ഒന്നാം പ്രതി സജി സാമിന്റെ ഭാര്യയും കേസിലെ രണ്ടാംപ്രതിയുമായ റാണി സജി സാം ഒളിവിലാണ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായി 137 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പത്തനംതിട്ട തറയിൽ ഫിനാൻസ് തട്ടിപ്പ് കേസിലെ കൂട്ടു പ്രതിയെ ഇതുവരെ പിടികൂടാനായിരുന്നില്ല. പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ മാത്രം ഇതുവരെ നൂറ്റിയൊൻപത് പരാതികളാണ് ലഭിച്ചത്.
ഓമല്ലൂർ ആസ്ഥനമായി പ്രവർത്തിച്ചിരുന്ന തറയിൽ ഫിനാൻസ് പത്തു മുതൽ പതിനഞ്ച് ശതമാനം വരെയായിരുന്നു സ്ഥിരം നിക്ഷേപകർക്ക് പലിശ നൽകിയിരുന്നത്. മാർച്ച് മുതൽ പലിശ മുടങ്ങിയതോടെ ഇടപാടുകാർ പൊലീസിനെ സമീപിച്ചു. പിന്നാലെ ഒളിവിൽ പോയ സജി സാം ഏതാനും ദിവസങ്ങൾ മുമ്പാണ് കീഴടങ്ങിയത്. പ്രതിയിപ്പോൾ കൊട്ടാരക്കര ജയിലിൽ റിമാൻഡിലാണ്.
റാണി സജി സാം ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. നിക്ഷേപകരിൽ നിന്നു പത്തുകോടിയിലധികം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് നിഗമനം. അതുകൊണ്ട് കേസ്് ക്രൈംബ്രാഞ്ചിന് കൈമാറണമെന്ന് ജില്ലാ പൊലീസ് മേധാവി ശുപാർശ ചെയ്തിരുന്നു.
ഓമല്ലൂരിലെ മൂന്നു നില വീടും അഞ്ച്‌സെന്റ് സ്ഥലവും മാത്രമാണ് സ്വന്തം പേരിലുള്ളത് എന്നാണ് സജിയുടെ മൊഴി. പണംവും മറ്റ് ആസ്ഥികളും ബന്ധുക്കളുടെ പേരിലേക്ക് മാറ്റിയെന്നാണ് നിക്ഷേപകരുടെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിൽ സജിയുടെയും കുടുംബത്തിന്റെയും കഴിഞ്ഞ ഒരു വർഷത്തെ വസ്തു ഇടപാടുകൾ സംബന്ധിച്ച വിവരത്തിന് റജിസ്‌ട്രേഷൻ വകുപ്പിന് അന്വേഷണ സംഘം അപേക്ഷ നൽകിയിട്ടുണ്ട്.