ലണ്ടൻ: അസ്ട്രാ സെനേക വാക്സിന്റെ ഇന്ത്യൻ രൂപമായ കോവിഷീൽഡ് സ്വീകരിച്ച ശശി തരൂരിന് യുകെയിൽ എത്തുമ്പോൾ പത്തു ദിവസം ഹോം ക്വാറന്റീൻ വേണമെന്ന നിബന്ധന അംഗീകരിക്കാൻ ആകാതെ കേംബ്രിഡ്ജിൽ നിശ്ചയിച്ചിരുന്ന പരിപാടി റദ്ദാക്കി തരൂർ വാക്സിൻ റേസിസം എന്ന വിവാദത്തിനു തിരി കൊളുത്തി. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ച ബ്രിട്ടീഷുകാർക്കു ഇന്ത്യയിൽ പോയി മടങ്ങി വന്നാൽ ഹോം ക്വാറന്റീൻ വേണ്ടെന്ന നിർദ്ദേശം വന്നതോടെയാണ് ഓക്സ്ഫോർഡ് വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവർ രണ്ടാം തരക്കാരായി കാണുന്നതിനെ തരൂർ എതിർക്കുന്നത്.

ഇന്ത്യ റെഡ് ലിസ്റ്റിൽ നിന്നും ആംബർ ലിസ്റ്റിൽ എത്തിയപ്പോൾ ഇന്ത്യയിൽ പോയി മടങ്ങി വരുമ്പോൾ ഹോട്ടൽ ക്വാറന്റീൻ വേണ്ടെന്ന നിർദ്ദേശം മൂലം ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ മാസം കേരളത്തിൽ പോയി മടങ്ങി എത്തിയത്. എന്നാൽ ഈ ഘട്ടത്തിലും മടങ്ങി എത്തി വീട്ടിൽ തന്നെ ക്വാറന്റീൻ പൂർത്തിയാക്കുകയോ ടെസ്റ്റ് നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് സ്വന്തമാക്കുകയോ ആവശ്യമായിരുന്നു.

പക്ഷെ ഒക്ടോബർ നാലാം തിയതി മുതൽ ട്രാഫിക് ലൈറ്റ് സിസ്റ്റം തന്നെ അടിമുടി മാറാനിരിക്കെ ഏതു വാക്സിൻ ആയാലും രണ്ടു ഡോസ് എടുത്തവർക്കു കർശന നിയന്ത്രണം ഒഴിവാക്കണമെന്നാണ് അന്തരാഷ്ട്ര തലത്തിൽ ഉയരുന്ന വാദം. പക്ഷെ അസ്ട്രാ സെനേക എടുത്തവർക്കു യുകെയിൽ ഒരു നിയന്ത്രണവും ഇല്ലാതിരിക്കെ അതേ വാക്സിന്റെ ഇന്ത്യൻ രൂപം സ്വീകരിച്ചവരെ വിവേചനത്തോടെ കാണുന്ന നടപടി അംഗീകരിക്കാൻ സാധിക്കില്ലെന്നാണ് തരൂരിന്റെ നിലപാട്. വാക്സിന്റെ പേരിൽ ഒരു കാരണവശാലും ആരും രണ്ടാം കിട പൗരന്മാരാകരുത് എന്നും അദ്ദേഹം വാദിക്കുന്നു. തരൂർ കേംബ്രിഡ്ജിൽ പ്രസംഗിക്കാനിരുന്ന ചടങ്ങ് ഉപേക്ഷിച്ചതും അന്തരാഷ്ട്ര തലത്തിൽ വാർത്തയുടെ പ്രധാന്യം കൂട്ടി.

ഇതോടെ ഇന്ത്യയിൽ നിന്നും ബ്രിട്ടന് മേൽ കനത്ത സമ്മർദം ഉയരുകയാണ്. ഒട്ടുമിക്ക മാധ്യമങ്ങളും തരൂർ യാത്ര റദ്ദാക്കിയതിനു വലിയ രാഷ്ട്രീയ പ്രധാന്യമാണ് നൽകുന്നത്. ഈ വിവേചനം ഇപ്പോൾ ഇന്ത്യയിൽ നിന്നും യുകെയിൽ എത്തിക്കൊണ്ടിരിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളെയും ബാധിക്കുകയാണ്. വിസയ്ക്ക് അപേക്ഷിക്കുമ്പോൾ തന്നെ ക്വാറന്റീൻ സംബന്ധിച്ച നിർദേശങ്ങളും ലഭിക്കുന്നുണ്ട്.

യുകെയിൽ നിർമ്മിച്ച വാക്സിനും ഇന്ത്യൻ വാക്സിനും തമ്മിൽ വലിയ വത്യാസം ഉണ്ടെന്ന നിലപാടിലാണ് യുകെ. നേരത്തെ കോവിഷീൽഡ് വാക്സിൻ എടുത്തവർക്കു യൂറോപ്യൻ യൂണിയൻ പ്രവേശന അനുമതി നിഷേധിക്കപ്പെട്ടപ്പോൾ ലൈസൻസിന് അപേക്ഷിക്കാൻ ഉത്പാദകരായ പൂനയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കാലതാമസം വരുത്തി എന്ന ന്യായമാണ് ഉയർത്തിയിരുന്നത്. ഒടുവിൽ മന്ത്രിതലത്തിൽ തിരക്കിട്ട നീക്കങ്ങൾ നടത്തിയാണ് യൂറോപ്പിലെ പ്രധാന രാജ്യങ്ങളിൽ നിന്നും യാത്ര അനുമതി നേടിയെടുത്തത്.

ഇന്ത്യയിലെ കോവിഷീൽഡ് വാക്സിൻ എടുത്തവർ അൺവാക്സിനേറ്റഡ് ആയി കണക്കാക്കുമെന്ന ബ്രിട്ടീഷ് നയമാണ് തരൂരിനെ ചൊടിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര യാത്ര പ്രോട്ടോക്കോളിന്റെ നഗ്നമായ ലംഘനമാണിത് എന്നും തരൂർ ആരോപിക്കുന്നു. തരൂരിനൊപ്പം കോൺഗ്രസ് നേതാവ് ജയേറാം രമേശും യുകെയുടെ നടപടി ബാലിശമെന്നു പറയുന്നു. തരൂരിന്റെ തീരുമാനം ശരിയെന്നും ഇന്ത്യക്കാരുടെ അന്തസ് ഉയർത്തുന്ന നടപടി ആണെന്നുമാണ് സോഷ്യൽ മീഡിയ ആഘോഷങ്ങളിൽ നിറയുന്ന ട്രെൻഡും. കേംബ്രിഡ്ജിലെ സ്ഥിരം പ്രഭാഷകൻ കൂടിയായ തരൂരിന്റെ അസാന്നിധ്യം ഇവിടെത്തെ ചർച്ചകളുടെ നിറം കെടാനും കാരണമാക്കും. കേംബ്രിഡ്ജ് ഇന്ത്യൻ സൊസൈറ്റി എല്ലാ വർഷവും സംഘടിപ്പിക്കുന്ന ചർച്ചകളിൽ സ്ഥിരം മുഖം കൂടിയാണ് തരൂർ.

അദ്ദേഹത്തിന്റെ ദി ബാറ്റിൽ ഓഫ് ബൈലോങിങ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചർച്ച നിശ്ചയിച്ചിരുന്നത്. പുസ്തകത്തിന്റെ യുകെ എഡിഷൻ പ്രകാശനം കൂടി ആയിരുന്നതിനാൽ ഗ്രന്ഥകർത്താവിന്റെ സാന്നിധ്യവും അനിവാര്യം ആയിരുന്നു. എന്നാൽ വിവേചനത്തോട് ഇനിയുള്ള കാലം പുറം തിരിഞ്ഞു നിൽക്കാനാകില്ലെന്നും ഇന്ത്യക്കാർക്കും അന്തസ് ഉണ്ട് എന്നാണ് തരൂർ പറയാതെ പറയാൻ ആഗ്രഹിക്കുന്നത് എന്നതും അദ്ദേഹത്തിന്റെ കടുത്ത നടപടികളിൽ വ്യക്തമാണ്.

മാത്രമല്ല തിരക്ക് പിടിച്ച ജീവിതത്തിൽ താൻ എന്തിനു വെറുതെ പത്തു ദിവസം ബ്രിട്ടന്റെ കാരുണ്യത്തിനായി കാത്തിരിക്കണം എന്നും അദ്ദേഹത്തിന് തോന്നിയിരിക്കണം. ഇത്തരത്തിൽ തരൂരിന്റെ ഭാഗം പിടിച്ചു ഇന്ത്യയിൽ സോഷ്യൽ മീഡിയയിൽ വിവാദം കത്തിപ്പടരുകയാണ്. യുകെയുടെ തീരുമാനങ്ങളിൽ പലതും ഇപ്പോഴും വംശീയമാണ് എന്നാണ് കോൺഗ്രസ് നേതാവായ ജയറാം രമേശും ആഞ്ഞടിക്കുന്നതും. മാത്രമല്ല സിറം ഇൻസ്റ്റിറ്റ്യൂട്ട് ഉൽപാദിപ്പിച്ച വാക്സിൻ ബ്രിട്ടനിലേക്ക് കയറ്റുമതി ചെയ്യപ്പെട്ടിട്ടുള്ളതിനാൽ സ്വന്തം പൗരന്മാർ സ്വീകരിച്ച വാക്സിനെ കുറിച്ച് എന്താണ് ബ്രിട്ടന് പറയാൻ ഉള്ളതെന്നും ജയറാം രമേശ് ചോദിക്കുന്നു.

ബ്രിട്ടൻ പുതിയ യാത്ര മാർഗനിർദേശങ്ങൾ പുറത്തു വിട്ടതോടെയാണ് ഈ വിഷയം ഇന്ത്യയിൽ സജീവ ചർച്ച ആയതു. ഇതോടെ ഡൽഹിയിൽ ബ്രിട്ടീഷ് ഹൈക്കമ്മിഷൻ പരസ്യ പ്രസ്താവന നടത്തേണ്ട സാഹചര്യവും സംജാതമായി. വിഷയത്തിൽ ഇന്ത്യയോടൊപ്പം ചർച്ചക്ക് അവസരം തേടുകയാണ് എന്നാണ് ഹൈക്കമ്മിഷൻ ആദ്യമായി പ്രതികരിച്ചത്. നിലവിൽ അസ്ട്രാ സെനേക, ഫൈസർ, മോഡേണ, ജാൻസെൻ എന്നിവയാണ് യുകെയുടെ അംഗീകൃത ലിസ്റ്റിൽ ഇടം പിടിച്ച വാക്സിനുകൾ.

അതേസമയം Australia, Antigua and Barbuda, Barbados, Bahrain, Brunei, Canada, Dominica, Israel, Japan, Kuwait, Malaysia, New Zealand, Qatar, Saudi Arabia, Singapore, South Korea or Taiwan എന്നീ രാജ്യങ്ങളിൽ നിന്നും വാക്സിൻ സ്വീകരിച്ചവരെയും പൂർണമായും വാക്സിൻ എടുത്തവരായി കണക്കാക്കുമെന്നും ബ്രിട്ടൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ ഇന്ത്യ ഇടം പിടിക്കാത്തതു ശശി തരൂരിനെയും ജയറാം രമേശിനെയും ചൊടിപ്പിച്ചിരിക്കുന്നത്.

ഇന്ത്യൻ ഭാഗത്തു നിന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, സെക്രട്ടറി ഹർഷ സിങ്ല എന്നിവർ അതിവേഗ പ്രശ്ന പരിഹാരത്തിനുള്ള ശ്രമം തുടരുകയാണ് എന്ന് ഡൽഹി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ജൂലൈയിൽ യുകെ സന്ദർശനം നടത്തിയ സിങ്ല ബ്രിട്ടൻ ഫ്രാൻസിന്റെ മാർഗനിർദ്ദേശം ഇക്കാര്യത്തിൽ പിന്തുടരണം എന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത് എന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ നിന്നെത്തുവർക്കു ഫ്രാൻസ് ക്വാറന്റീൻ ഒഴിവാക്കിയിട്ടുണ്ട്.